13 December Friday

വെട്ടിത്തറ പള്ളിയിൽ യാക്കോബായ വിഭാഗം പ്രതിഷേധിച്ചു ; ഓർത്തഡോക്‌സ്‌ പക്ഷത്തിന്‌ കയറാനായില്ല

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019


പിറവം
വെട്ടിത്തറ മാർ മിഖായേൽ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് പക്ഷം യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധംമൂലം മടങ്ങി. വെള്ളിയാഴ്‌ച രാവിലെ എട്ടോടെയാണ്‌ ഓര്‍ത്തഡോക്‌സ് പക്ഷം എത്തിയത്. ഇവർ വരുന്നതറിഞ്ഞ് നൂറുകണക്കിന് യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിമുറ്റത്തും പ്രവേശനകവാടത്തിലും നിലയുറപ്പിച്ചു. യാക്കോബായ വികാരി  ജോര്‍ജ് ചേന്നോത്ത്, സഭാ മാനേജിങ്‌  കമ്മിറ്റി അംഗം എം ജെ മര്‍ക്കോസ്, പള്ളി ട്രസ്റ്റിമാരായ എന്‍ ടി കുര്യാക്കോസ്, ഇ വി മത്തായി, പള്ളി മാനേജിങ്‌ കമ്മിറ്റി അംഗം കെ പി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.


 

ഫാ. ജോണ്‍സണ്‍ പുറ്റാനിയില്‍, ഫാ. സിബി മാത്യു, ഫാ. ജേക്കബ് പുളിക്കന്‍ എന്നിവരുടെ നേതൃത്വത്തിലാണ്  ഓര്‍ത്തഡോക്‌സ് പക്ഷം എത്തിയത്. ഇവർ അകത്തു പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യാക്കോബായ വിഭാഗം വിശ്വാസസംരക്ഷണ മുദ്രാവാക്യങ്ങൾ മുഴക്കി. ഒരു മണിക്കൂറോളം കാത്തുനിന്നശേഷം ഓർത്തഡോക്‌സ്‌ പക്ഷം മടങ്ങി. സ്ഥലത്ത്‌ വൻ പൊലീസ്‌ സന്നാഹം നിലയുറപ്പിച്ചിരുന്നു.

പള്ളിയില്‍ പ്രവേശിക്കാന്‍ വന്നവരില്‍ ഏറെയും ഇടവകക്കാരല്ലായിരുന്നുവെന്ന് വികാരി ജോര്‍ജ് ചേന്നോത്ത് ആരോപിച്ചു. ഡിവൈഎസ്‌പി കെ അനില്‍കുമാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ സാജന്‍ സേവ്യര്‍, മഹേഷ്‌‌പിള്ള, രാമമംഗലം എസ്ഐ കെ കെ ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ്‌ എത്തിയത്‌.      


പ്രധാന വാർത്തകൾ
 Top