14 December Saturday

കള്ളുഷാപ്പുകൾ ഇനി വേറെ ലെവലാകും ; കരട് സര്‍ക്കുലര്‍ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019


കൊച്ചി
കള്ളുഷാപ്പ് പരിസരവാസികളുടെ സ്വകാര്യതയ്‌ക്ക് ഭംഗംവരുത്തുകയാണെന്ന പരാതികളടക്കം പരിഹരിക്കാൻവേണ്ട  നിബന്ധനകളടങ്ങിയ സർക്കുലറിന്റെ കരട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഷാപ്പുകളുടെ ഉൾഭാഗം പുറത്ത്‌ കാണാത്തവിധം മറച്ചിരിക്കണമെന്ന് കരട് സർക്കുലറിൽ പറയുന്നു. ജല ലഭ്യതയും വൃത്തിയുമുള്ള ഉപയോഗയോഗ്യമായ ശുചിമുറികൾ ഒരെണ്ണമെങ്കിലും ഷാപ്പുകെട്ടിടത്തിൽനിന്ന് പരമാവധി ദൂരത്തിൽ വളപ്പിനകത്ത്‌ ഉണ്ടാകണം. ശുചിമുറി അടച്ചുറപ്പുള്ളതായിരിക്കണം. ഷാപ്പുകളുടെ പ്രവർത്തനം വൃത്തിയുള്ള അന്തരീക്ഷത്തിലായിരിക്കണം. വൃത്തിയുള്ള പ്രത്യേക സ്ഥലം ഒരുക്കി വൃത്തിയുള്ള പാത്രത്തിൽ കള്ള്‌ സൂക്ഷിക്കണം. ഷാപ്പും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മലിനജലവും ഭക്ഷണമാലിന്യമടക്കമുള്ളവയും ഒഴിവാക്കാൻ തൃപ്തികരമായ ക്രമീകരണം വേണം. ദൈനംദിനമാലിന്യം നീക്കൽ ലൈസൻസിയുടെ ചുമതലയാണ്. മതിയായ കസേരയും ഡെസ്‌കുകളും സജ്ജീകരിക്കണം.

ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ഉള്ളവയാകണം ഷാപ്പുകൾ. ഭക്ഷണപദാർഥങ്ങൾ ഷാപ്പിൽ വിതരണം ചെയ്യാൻ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസൻസ് നിർബന്ധമായും ഉണ്ടാകണം. ഷാപ്പുകൾ പരിശോധിക്കുമ്പോൾ ഈ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കണം. പരിശോധനാക്കുറിപ്പിൽ ഇവ രേഖപ്പെടുത്തി ആവശ്യമായ നിർദേശങ്ങളും നൽകണം തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ. വൃത്തിഹീനമായ സാഹചര്യമോ ഷാപ്പിലെ അസൗകര്യമോ ശ്രദ്ധയിൽപ്പെട്ടാൽ അബ്കാരി ചട്ടലംഘനം നടത്തിയതായി കണക്കാക്കി കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഒക്ടോബർ ഒമ്പതിലെ ഹൈക്കോടതി ഉത്തരവുപ്രകാരമാണ് സർക്കുലർ പുറപ്പെടുവിച്ചത്. തന്റെ  വീടിനടുത്തേക്ക് കള്ളുഷാപ്പ് മാറ്റുന്നതിനെതിരെ പട്ടാമ്പി സ്വദേശിനി വിലാസിനി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കേസ് 25ന് വീണ്ടും പരിഗണിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top