11 July Saturday

ഉപതെരഞ്ഞെടുപ്പ്‌ ചരിത്രം ആവർത്തിക്കാൻ

എം എസ‌് അശോകൻUpdated: Wednesday Oct 16, 2019


കൂടുതൽ ഉപതെരഞ്ഞെടുപ്പുകളുടെ റെക്കോഡുണ്ട്‌, എറണാകുളം നിയോജക മണ്ഡലത്തിന്‌. മണ്ഡലം രൂപീകരണത്തിനുശേഷം മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാണ്‌ 21 ന്‌ നടക്കുന്നത്‌. എറണാകുളത്തെക്കുറിച്ച്‌ യുഡിഎഫിനുള്ള അമിത ആത്മവിശ്വാസത്തിൽനിന്നാണ്‌  ഇപ്പോഴത്തേതുൾപ്പെടെ മൂന്ന്‌ ഉപതെരഞ്ഞെടുപ്പുകളുടെയും പിറവി.

യുഡിഎഫ്‌ എംഎൽഎമാർ  ലോക്‌സഭാംഗമായപ്പോഴായിരുന്നു ഇത്‌. എംപിമാരായിരുന്ന സേവ്യർ അറയ്‌ക്കലിന്റെയും ജോർജ്‌ ഈഡന്റെയും മരണത്തെ തുടർന്ന്‌  രണ്ടുതവണ ലോകസഭാ സീറ്റിലേക്കും ഉപതെരഞ്ഞെടുപ്പ്‌ നടന്നിട്ടുണ്ട്‌. ഇതടക്കം നാല്‌  ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിലും വിജയിച്ചത്‌ എൽഡിഎഫാണ്‌. മൂന്നുവട്ടം ഡോ. സെബാസ്‌റ്റ്യൻ പോൾ വിജയക്കൊടി നാട്ടിയ എറണാകുളത്ത്‌ പ്രമുഖ മാധ്യമപ്രവർത്തകൻ കെ എം റോയിയുടെ മകൻ അഡ്വ. മനു റോയി നാലാം ജയം തേടുന്നു.

അഭിഭാഷകവൃത്തിയിൽ കർമനിരതമായ രണ്ടുപതിറ്റാണ്ട്‌ പിന്നിട്ട മനു റോയി രാഷ്‌ട്രീയഭേദമില്ലാത്ത പൊതുപ്രവർത്തനത്തിന്റെ സമ്പന്ന പാരമ്പര്യത്തിനുടമയാണ്‌. പൊതുതാൽപ്പര്യഹർജികളിലൂടെ മെട്രോ നഗരത്തിന്റെ പരാധീനതകൾക്ക്‌ പരിഹാരം കാണാൻ മനു റോയിയുടെ ഇടപെടലുകൾക്ക്‌ കഴിഞ്ഞു. പ്രളയാനന്തര പുനർ നിർമാണത്തിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 21 കോടി രൂപ സമാഹരിച്ചു നൽകിയതും മനുവിന്റെ നേതൃപാടവത്തിൽ. കെയർ ആൻഡ്‌ ഷെയർ എന്ന ജീവകാരുണ്യ സംഘടനയുടെ ഭാഗമായായിരുന്നു ഇത്‌.  നഗരത്തിന്റെ സ്‌പന്ദനങ്ങൾ അടുത്തറിയുന്ന മനു ഇതിനകം സമ്മതിദായകരുടെ ഹൃദയത്തിലിടം നേടിക്കഴിഞ്ഞു. ഓട്ടോറിക്ഷയാണ്‌ ചിഹ്നം.

ലോകസഭാ തെരഞ്ഞെടുപ്പിലും മുൻ നിയസഭാ തെരഞ്ഞെടുപ്പിലും ഹൈബി ഈഡന്‌ കിട്ടിയ ഭൂരിപക്ഷം ഒന്നു മാത്രമാണ്‌ യുഡിഎഫിന്റെ കൈമുതൽ. എന്നാൽ പാലാരിട്ടം പാലം അഴിമതിയും  ഒമ്പതുവർഷം പിന്നിട്ട യുഡിഎഫിന്റെ കോർപറേഷൻ ഭരണത്തിലെ പിടിപ്പുകേടും കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റും കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദിന്‌ പ്രതികൂല ഘടങ്ങളാണ്‌.  മാലിന്യ സംസ്‌കരണത്തിലെ കൊടുംവീഴ്‌ചകൾ മുതൽ നഗരപാതകളുടെ ശോച്യാവസ്ഥവരെ ചർച്ചയാണ്‌.  സി ജി രാജഗോപാലാണ്‌ ബിജെപി സ്ഥാനാർഥി. ഒമ്പതു സ്ഥാനാർഥികളാണ്‌ രംഗത്തുള്ളത്‌. സ്ഥാനാർഥികൾ പൊതുപര്യടനത്തിന്റെ തിരക്കിലാണ്‌.  യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിംലീഗിന്റെ നേതാക്കൾ പ്രചാരണത്തിൽ വിട്ടുനിൽക്കുകയാണ്‌.   ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ്‌ എൽഡിഎഫ്‌ വോട്ടുതേടുന്നത്‌.

കൊച്ചി മെട്രോ തൈക്കൂടത്തേക്ക്‌ നീട്ടിയതു മുതൽ, സമയബന്ധിതമായി നടപ്പാക്കിയ പദ്ധതികൾ മുന്നിലുണ്ട്‌. നഗരപാതകളുടെ ശോച്യാവസ്ഥയ്‌ക്കും സർക്കാരിനെ കുറ്റപ്പെടുത്തുന്ന യുഡിഎഫ്‌, നഗരം നേരിടുന്ന ജീവൽപ്രശ്‌നങ്ങളിൽനിന്ന്‌ വോട്ടർമാരുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിലാണ്‌.


പ്രധാന വാർത്തകൾ
 Top