20 November Wednesday

കോൺഗ്രസ്‌ നേതാക്കൾക്ക്‌ ആർഎസ്‌എസിന്റെ ഭാഷ: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019


ആർഎസ്‌എസിന്റെ ഭാഷയിൽ സംസാരിക്കുന്ന  നേതാക്കളെ താക്കീതുചെയ്യാൻപോലും കോൺഗ്രസിന്‌  കെൽപ്പില്ലാതായെന്ന്‌ സിപിഐ  എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരളത്തിലെ യുഡിഎഫ്‌  എംപിമാർ സുപ്രധാന വിഷയങ്ങളിൽപോലും വ്യത്യസ്‌ത അഭിപ്രായങ്ങളാണ്‌ പറയുന്നത്‌. ശശി തരൂർ എംപി അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന്‌ പറഞ്ഞു. കശ്‌മീർ വിഷയത്തിലും ഏകീകൃത സിവിൽ കോഡിലും  ആർഎസ്‌എസിന്റെ  അഭിപ്രായമാണ്‌ തരൂരിന്‌. ഒടുവിൽ മതേതരത്വം ഇന്ത്യക്ക്‌ ചേർന്ന ആശയമല്ലെന്നും പറഞ്ഞു. ഇത്‌ കോൺഗ്രസിന്റെ അഭിപ്രായമാണോയെന്ന്‌ എ കെ ആന്റണി വ്യക്തമാക്കണം. മഞ്ചേശ്വരത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തരൂരിന്‌ മറുപടി പറഞ്ഞ കെ മുരളീധരനെ, തരൂർ അപഹസിച്ചപ്പോൾ യുഡിഎഫിലെ  മറ്റ്‌ നേതാക്കൾ മിണ്ടിയില്ല. വഖഫ്‌ ബോർഡിനും അനാഥാലയങ്ങൾക്കുമുള്ള സർക്കാർ സഹായം വേണ്ടെന്നാണ്‌  ഒരു യുഡിഎഫ്‌  നേതാവ്‌ പറഞ്ഞത്‌. ഇതേക്കുറിച്ച്‌ കുഞ്ഞാലിക്കുട്ടിക്കും അഭിപ്രായമില്ല.  മതനിരപക്ഷേയെ വെല്ലുവിളിച്ച്‌  ആർഎസ്‌എസ്‌ കൊണ്ടുവരുന്ന ബില്ലുകളെ പ്രതിരോധിച്ച്‌  പാർലമെന്റിൽ എഴുന്നേൽക്കാൻ  കോൺഗ്രസ്‌ നേതാക്കൾ തയ്യാറാവുന്നില്ല. യുഎപിഎ ബില്ലിനെ എൽഡിഎഫ്‌ എതിർത്തപ്പോൾ  കോൺഗ്രസ്‌ അനുകൂലിച്ചു. എൻഐഎ ആക്ട്‌ ഭേദഗതിക്കും  യുഡിഎഫ്‌ കൂട്ടുനിന്നു.  കേരളത്തിൽ കോൺഗ്രസുകാർക്ക്‌ ഖദറിട്ട്‌ നേരാംവണ്ണം നടക്കാൻ കഴിയുന്നതുപോലും  പിണറായി വിജയൻ സർക്കാർ ഭരിക്കുന്നതുകൊണ്ടാണ്‌. 

    വിശ്വാസികളെ കമ്യൂണിസ്‌റ്റ്‌ പാർടികളിൽനിന്ന്‌ അകറ്റാമെന്നത്‌ വ്യാമോഹം മാത്രമാണ്‌. ഒരു വിശ്വാസത്തിനും ഇടതുപക്ഷം എതിരല്ല. ആരാധനാലയത്തിൽ പോകുന്നവർക്കും പോകാത്തവർക്കും എൽഡിഎഫിൽ പ്രവർത്തിക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇടതുമുന്നണി സ്ഥാനാർഥി  അവിശ്വാസിയാണെന്നായിരുന്നു അന്ന്‌ ഇവർ  പ്രചാരണം നടത്തിയത്‌. ഇപ്പോൾ സ്ഥാനാർഥി  വിശ്വാസിയെന്നായി.  എൽഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാകും ജനങ്ങൾ ഉപതെരഞ്ഞെടുപ്പിൽ  വോട്ട്‌ ചെയ്യുന്നത്‌. ഒപ്പം മുൻ യുഡിഎഫ്‌ ഭരണംകൂടി ഓർമിക്കണമെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top