18 November Monday

മൂല്യനിർണയം കാര്യക്ഷമമാക്കാൻ സാങ്കേതിക സർവകലാശാല

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019


തിരുവനന്തപുരം
മൂല്യനിർണയത്തിലെ പിഴവുകൾ പരിഹരിക്കാൻ അടിയന്തര നടപടികളുമായി സാങ്കേതിക സർവകലാശാല. ഫലപ്രഖ്യാപനശേഷം 20 ശതമാനത്തിലേറെ കുട്ടികൾ  പുനർമൂല്യനിർണയത്തിന്‌ അപേക്ഷിക്കുന്ന സാഹചര്യത്തിലാണിത്‌. ഇവരിൽ ഭൂരിഭാഗവും പുനർമൂല്യനിർണയത്തിലൂടെ വിജയിക്കുകയും ചെയ്യുന്നു.

മൂല്യനിർണയത്തിലെ പിഴവാണ്‌ കാരണമെന്ന്‌  ആക്ഷേപം ഉയർന്നിരുന്നു. മൂല്യനിർണയ മാർഗരേഖയിലെ അപര്യാപ്തതകൾ പിഴവുകൾക്ക്‌ കാരണമാകുന്നതായി സർവകലാശാല കണ്ടെത്തി. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷാ സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാത്ത 20 പ്രിൻസിപ്പൽമാരോട്‌ വിശദീകരണം തേടാനും സർവകലാശാല തീരുമാനിച്ചു. സർവകലാശാല ആസ്ഥാനത്തും തൃശൂരിലുമായി  ചേർന്ന യോഗത്തിൽ 120 എൻജിനിയറിങ്‌ കോളേജ്‌ പ്രിൻസിപ്പൽമാരും സർവകലാശാല അധികാരികളും പങ്കെടുത്തു

മൂല്യനിർണയം ചെയ്യുന്ന അധ്യാപകർക്ക്‌ മാർഗരേഖകൾ നേരത്തേ ലഭ്യമാക്കും. മൂല്യനിർണയം ആരംഭിക്കുന്നതിനു മുമ്പുതന്നെ ചീഫ്‌ എക്സാമിനർമാരും പരീക്ഷാ ചെയർമാൻമാരും ഇവ പരിശോധിക്കണം. എല്ലാ വിഷയങ്ങളുടെയും മൂല്യനിർണയ മാർഗരേഖകൾ അധ്യാപകർക്ക്‌ വ്യക്തിഗത പോർട്ടലിലും ലഭ്യമാക്കും.
മൂല്യനിർണയ ക്യാമ്പുകളിൽ പങ്കാളിത്തം ഉറപ്പാക്കാൻ ഗസ്‌റ്റ്‌ അധ്യാപകരെ ടേം അടിസ്ഥാനത്തിൽ നിയമിക്കാൻ സർക്കാരിനോട്‌ ആവശ്യപ്പെടും. മൂല്യനിർണയം വേഗത്തിലാക്കാൻ ഓൺ സ്ക്രീൻ മാർക്കിങ്‌ സംവിധാനം ഏർപ്പെടുത്തുന്നത്‌ പരിശോധിക്കും.

ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ വിദഗ്‌ധരായ അധ്യാപകരുടെ സേവനം സമയബന്ധിതമായി ലഭിക്കാത്തതും മൂല്യനിർണയത്തിൽ ചീഫ്‌ എക്സാമിനർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ജാഗ്രതക്കുറവും ഫലപ്രഖ്യാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top