18 October Friday

ഇനി പ്രളയനിയന്ത്രണ ഡാമുകൾ ; റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും

വി എം രാധാകൃഷ്ണൻUpdated: Monday Sep 16, 2019

കേരളത്തിൽ പ്രളയ നിയന്ത്രണ  ഡാമുകൾ  നിർമിക്കാൻ ജലവിഭവ വകുപ്പിന്റെ നിർദേശം.  വെള്ളപ്പൊക്കം തടയാനും ഡാമുകളിൽ നീരൊഴുക്കിന്റെ സ്ഥിതി നോക്കി ഘട്ടംഘട്ടമായി തുറന്നു വിടാനുമുദ്ദേശിച്ചാണിത്.  തുടർച്ചയായുണ്ടാകുന്ന മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരം ജലവിഭവ വിദഗ്ധർ   പ്രളയനിയന്ത്രണ  ഡാമുകളുടെ സാധ്യതകളെക്കുറിച്ച്  പഠനം നടത്തുകയാണെന്ന് ഇറിഗേഷൻ ഐഡിആർബി ചീഫ് എൻജിനിയർ കെ എ ജോഷി “ദേശാഭിമാനി’യോടു പറഞ്ഞു.

നിർദേശം രണ്ടു മാസത്തിനകം സർക്കാരിനു സമർപ്പിക്കും. അന്തിമരൂപം  നെതർലൻഡ്സിലെ ജലവിഭവ വിദഗ്ധരെ പങ്കെടുപ്പിച്ച് ഒക്ടോബർ 18ന് കുസാറ്റിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ തയ്യാറാക്കും. നിലവിൽ ഡാമുകളുടെ സ്പിൽവേ ഷട്ടറുകൾ  പരമാവധി ജലസംഭരണ ശേഷിയുടെ അടുത്താണ്.   പ്രളയനിയന്ത്രണ   ഡാമുകളിൽ ഇത്  മധ്യഭാഗത്തിനു താഴെയാകും. ഏതു സമയത്തും വെള്ളം തുറന്നു വിടാനാണിത്.

ഇറിഗേഷൻ വകുപ്പിനു കീഴിൽ 16 വൻകിട, ഇടത്തരം ഡാമുകളാണുള്ളത്. ഇതിൽ മൊത്തം ജലസംഭരണ ശേഷി 1570 ദശലക്ഷം ഘനമീറ്റാണ്.  ഒരേ സമയം ഷട്ടറിലൂടെ   98 ദശലക്ഷം ഘനമീറ്റർ വെള്ളം തുറന്നുവിടാം. അതും പരമാവധി സംഭരണശേഷിയുടെ അടുത്തെത്തിയാലേ കഴിയൂ.  എന്നാൽ, പ്രളയ നിയന്ത്രണ   ഡാമുകളിൽ ഷട്ടറുകൾ താഴെയായതിനാൽ വെള്ളം അനിവാര്യ ഘട്ടത്തിൽ തുറന്നുവിടാനാകും. 

മലപ്പുറം  കവളപ്പാറയും വയനാട് കുത്തുമലയും ചാലിയാർ നദീതട പ്രദേശത്താണ്.  ഡാമുകൾ ഇല്ലാത്ത പ്രദേശമാണ് ചാലിയാർ.  ഇവിടെയുൾപ്പെടെ പ്രളയനിയന്ത്രണ  ഡാമുകൾ ഉണ്ടാവണമെന്നാണ് ഇറിഗേഷൻ വകുപ്പിന്റെ നിർദേശം. ഇറിഗേഷൻ വകുപ്പിന്റെ 16 പ്രധാന ഡാമുകളുടെ ഷട്ടറുകൾ ഇപ്പോൾ തുറന്നിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും തുറന്നത് മഴക്കെടുതിയുണ്ടായ ആഗസ്ത് മധ്യം കഴിഞ്ഞിട്ടാണ്. കെടുതികളുണ്ടാക്കുന്നത് ഡാമുകളെല്ലന്ന് വ്യക്തം.   കാലവർഷം അവസാനിക്കാറായിരിക്കെ ഇപ്പോൾ ഡാമുകളിൽ ശരാശരി 75 ശതമാനം ജലസംഭരണമുണ്ട്.


പ്രധാന വാർത്തകൾ
 Top