20 October Sunday

ഐഎൻടിയുസിയിൽ ‘പുനഃസംഘടന’; വ്യാജമെന്ന്‌ ഔദ്യോഗിക നേതൃത്വം

പ്രത്യേക ലേഖകൻUpdated: Monday Sep 16, 2019

കണ്ണൂർ
ഐഎൻടിയുസി ദേശീയ പ്രസിഡന്റെന്ന്‌ അവകാശപ്പെടുന്ന ദിനേശ്‌ ശർമ സുന്ദ്രിയാലിന്റെ സംസ്ഥാന നേതൃത്വ പുനഃസംഘടനയെതുടർന്ന്‌  സംഘടനയിൽ രൂക്ഷമായ തർക്കവും ചേരിപ്പോരും. സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരനെയടക്കം മാറ്റിയാണ്‌ സുന്ദ്രിയാലിന്റെ പുനഃസംഘടന. കേരളത്തിലെ ഐഎൻടിയുസി നേതൃത്വം താൻ പുനഃസംഘടിപ്പിക്കുകയാണെന്നറിയിച്ച്‌ പുതിയ ഭാരവാഹികളുടെ പട്ടിക കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുകൊടുത്തിട്ടുണ്ട്‌.
രാജ സേതുനാഥാണ്‌ പട്ടികയിലെ പുതിയ പ്രസിഡന്റ്‌. കണ്ണൂർ ഡിസിസി  സെക്രട്ടറി സി രഘുനാഥ്‌ വർക്കിങ്‌ പ്രസിഡന്റ്‌. എ ജോൺസണെ ദേശീയ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്‌. അഡ്വ. ജോയ്‌ ചാക്കോ മാത്യു(വൈസ്‌ പ്രസിഡന്റ്‌), കെ ജെ മണിജ്‌ (ജനറൽ സെക്രട്ടറി), അഡ്വ. ചന്ദ്രശേഖരൻ (സെക്രട്ടറി), കെ കെ രാജേഷ്‌, വി കെ ബിനു(ജോ. സെക്രട്ടറി), സി എ ജോൺ (ട്രഷറർ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ.

ഈ നിയമനങ്ങൾ വ്യാജമാണെന്നും ഐഎൻടിയുസിയുമായി ഈ പുനഃസംഘടനയ്‌ക്ക്‌  ബന്ധമില്ലെന്നും ഔദ്യോഗിക നേതൃത്വം അവകാശപ്പെടുന്നു. ഐഎൻടിയുസി ഔദ്യോഗിക ലെറ്റർപാഡ്‌ മോഷ്ടിച്ച്‌ വ്യാജരേഖ ചമച്ചതാണെന്ന്‌ കാണിച്ച്‌  ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ  കണ്ണൂർ ഡിവൈഎസ്‌പിക്ക്‌ പരാതിയും നൽകിയിട്ടുണ്ട്‌. പുതിയ ഭാരവാഹികളായി പറയുന്ന ആരും ഐഎൻടിയുസിയുമായോ ട്രേഡ്‌ യൂണിയനുകളുമായോ ബന്ധമുള്ളവരല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതിനുപിന്നിൽ ദുരൂഹതയുണ്ട്‌. ഐഎൻടിയുസിയുടെ പ്രസിഡന്റ്‌ ഇപ്പോഴും ജി സഞ്‌ജീവ റെഡ്ഡിയാണ്‌. ഐഎൻടിയുസിയിൽ പ്രശ്‌നം സൃഷ്ടിക്കാൻ ബിജെപിയും കേന്ദ്രസർക്കാരും കിണഞ്ഞുശ്രമിക്കുന്നുണ്ട്‌. അവരുടെ ഗൂഢമായ കളികളുടെ ഭാഗമാണോ ഇതെന്ന്‌ സംശയിക്കേണ്ടതുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

വർക്കിങ്‌ പ്രസിഡന്റായി നിയോഗിച്ചുകൊണ്ടുള്ള കത്ത്‌ ലഭിച്ചെന്ന്‌ സമ്മതിച്ച സി രഘുനാഥ്‌ ഇതിൽ എന്തെങ്കിലും അസ്വഭാവികതയുള്ളതായി കരുതുന്നില്ലെന്ന്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. ഐഎൻടിയുസിയിൽ ഒരുപാട്‌ പ്രശ്‌നങ്ങൾ നിലനിൽക്കുന്നു. രാജ്യത്തിപ്പോൾ ഒരൊറ്റ ഐഎൻടിയുസിയാണെന്നുപോലും പറയാനാവില്ല. ജി സഞ്‌ജീവ റെഡ്ഡി ഐഎൻടിയുസി ശ്രമിക്കിന്റെ പ്രസിഡന്റാണ്‌. അതിനാൽ, താൻ ഐഎൻടിയുസി പ്രസിഡന്റാണെന്ന്‌ സുന്ദ്രിയാൽ പറഞ്ഞാൽ നിഷേധിക്കാനാവില്ല. പഞ്ചാബ്‌ സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ്‌ ചുമതലയുണ്ടായിരുന്ന ആളാണ്‌ നേരത്തേ ഐഎൻടിയുസി ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സുന്ദ്രിയാൽ. അദ്ദേഹത്തിന്‌ കോൺഗ്രസുമായോ ഐഎൻടിയുസിയുമായോ ബന്ധമില്ലെന്നു പറയാൻ കഴിയുമോയെന്നും രഘുനാഥ്‌  ചോദിച്ചു.


പ്രധാന വാർത്തകൾ
 Top