24 October Thursday
മലബാർ കാപ്പി പദ്ധതി

ലക്ഷ്യം വയനാടിന്റെ സുസ്ഥിര വികസനം: മന്ത്രി തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019


കൽപ്പറ്റ
 സുസ്ഥിരവികസനത്തിൽ വയനാടിനെ കേരള മാതൃകയാക്കുമെന്ന്‌  മന്ത്രി ഡോ. തോമസ്‌ ഐസക്‌ പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമായാണ്‌ വയനാടൻ കാപ്പി ബ്രാൻഡ്‌ ചെയ്‌ത്‌ വിൽപ്പന നടത്തുന്നത്‌. വയനാട്ടിൽ നൂറ്‌ ഏക്കർ സ്ഥലം ഏറ്റെടുത്ത്‌ കാപ്പി സംസ്കരിക്കാനുള്ള ഫാക്ടറി സ്ഥാപിക്കും. സുസ്ഥിര കൃഷിയിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യവുമായി സർക്കാർ പ്രഖ്യാപിച്ച മലബാർ കോഫി പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി സംഘടപ്പിച്ച ദ്വിദിന ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാൽനൂറ്റാണ്ടിന്റെ മാത്രം പാരമ്പര്യമുള്ള ആന്ധ്രയിലെ അരക്കുവാലിയിൽ കാപ്പി ബ്രാൻഡ്‌ ചെയ്‌ത്‌ വിൽപ്പന നടത്താൻ കഴിയുമെങ്കിൽ നൂറ്റാണ്ട്‌ പാരമ്പര്യമുള്ള വയനാടൻ കാപ്പിക്കും ഇത്‌ സാധിക്കും. വയനാടിന്റെ വികസനത്തിന്‌ കാപ്പിക്ക്‌ വില കിട്ടണം. കാപ്പിക്കുരുവിന്റെ വില നിശ്‌ചയിക്കുന്നവരായി  കർഷകർ  മാറണം. സുസ്ഥിര വികസനത്തിലൂടെ ജനങ്ങളുടെ വരുമാനം ഇരട്ടിയാക്കാനാവും. കാർബൺ ന്യൂട്രൽ വയനാട്‌ പദ്ധതിക്ക്‌ കാപ്പി ബ്രാൻഡുചെയ്യുന്നതിൽ നിർണായക പങ്കാണ്‌ വഹിക്കാനുള്ളത്‌. കാർബൺ ന്യൂട്രലായ വയനാട്ടിൽ നിന്നുള്ള കാപ്പിയാണെന്നത്‌ ആഗോളവിപണിയിൽ  ബ്രാൻഡ്‌ ചെയ്യപ്പെടണം. പദ്ധതി നാടിന്റെ അഭിമാനമായി ഏറ്റെടുക്കണം. സുസ്ഥിര കാപ്പി കൃഷിയിലൂടെ കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കാം. കർഷക സംഘടനകളുൾപ്പെടെയുള്ളവർ പങ്കെടുക്കണം.  മുഴുവൻ തദ്ദേശസ്ഥാപനങ്ങളെയും പദ്ധതിയിൽ പങ്കാളികളാക്കുമെന്നും മന്ത്രി പറഞ്ഞു. സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഒ ആർ കേളു എംഎൽഎ സ്വാഗതം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top