Deshabhimani

'കർക്കിടകം ഒന്നുമുതൽ മൂന്നുവരെ ഈ ഭിത്തിയിന്മേൽ 2 അരക്കോൽ വെള്ളം പൊങ്ങിയിരിക്കുന്നു’ ; കാലം മറയ്‌ക്കാത്ത പ്രളയഫലകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 02:07 AM | 0 min read


കൊച്ചി
കാലടി ആശ്രമം റോഡിൽ തലയാറ്റുംപിള്ളി മനയുടെ വലിയ നാലുകെട്ട് ഇന്നില്ല. 33 വർഷംമുമ്പ്‌ പൊളിച്ചുനീക്കിയ നാലുകെട്ടിന്റെ ചുവരിൽനിന്ന്‌ അടർത്തിയെടുത്ത ഒരു ചരിത്രം ഇന്നും സൂക്ഷിക്കുന്നുണ്ട്.പിന്നീട്‌ നിർമിച്ച വീടിന്റെ ഭിത്തിയിൽ. ‘1099 കർക്കിടകം ഒന്നുമുതൽ മൂന്നുവരെ ഈ ഭിത്തിയിന്മേൽ 2 അരക്കോൽ വെള്ളം പൊങ്ങിയിരിക്കുന്നു’ എന്നാണ്‌ ചെറിയ മരക്കഷണത്തിൽ കോറിയ പഴയ ലിപിയിലുള്ള കുറിപ്പ്‌. അച്ഛൻ രാമൻ നമ്പൂതിരി പിന്മുറയുടെ അറിവിലേക്ക്‌ ബാക്കിവച്ച 100 വയസ്സായ ചരിത്രത്തിലേക്ക്‌ വിരൽചൂണ്ടി 80 വയസ്സുള്ള മകൻ നാരായണൻ നമ്പൂതിരി കുട്ടിക്കാലംമുതൽ കേട്ടിട്ടുള്ള 99ലെ വെള്ളപ്പൊക്കത്തെ ഓർത്തെടുത്തു.
പെരിയാറിന്റെ കിഴക്കേ തീരത്താണ് മന വക പുരയിടം. മഴക്കാലത്ത്‌ പെരിയാർ കവിഞ്ഞ്‌ പുരയിടത്തിൽ വെള്ളം കയറുന്നത്‌ പതിവ്. കൊല്ലവർഷം 1099 മിഥുനം ഒടുവിലെ ദിവസങ്ങളിൽ മഴ തുടങ്ങിയിരുന്നു. കർക്കടകം വരവറിയിച്ചതോടെ രാവിലെ മുറ്റത്ത്‌ വെള്ളം കയറിത്തുടങ്ങി. ആദ്യം അതത്ര കാര്യമാക്കിയില്ല. മഴ തിരിമുറിയാതെ നിൽക്കെ,  പെരിയാർ മുറ്റംകടന്ന്‌ നാലുകെട്ടിന്റെ പടികയറി. കെട്ടിലുണ്ടായിരുന്നവർ തട്ടിൻപുറത്തേക്ക്‌ മാറി. നേരം പുലർന്നപ്പോൾ പെരിയാർ ഒന്നരയാൾ പൊക്കത്തിലായിരുന്നു. കണ്ണപ്പള്ളി കുഞ്ഞുവറീത് എന്നയാളുടെ വള്ളം വരുത്തി മനയിലുള്ളവരെല്ലാം സമീപത്തെ മറ്റൂർ കുന്നിലേക്ക്‌ പോയി. കർക്കടകം ഒന്നും രണ്ടും കഴിഞ്ഞ്‌ മൂന്നിനാണ്‌ വെള്ളമിറങ്ങിയത്‌. മൂന്നാംനാൾ തിരിച്ചുവരുമ്പോൾ മുറ്റത്ത്‌ കനത്തിൽ ചെളി. ചെളി നീക്കുമ്പോൾ വീണ്ടും മഴ. മറ്റൂർ കുന്നിലേക്ക് മടങ്ങിയ കുടുംബം എട്ടുദിവസം കഴിഞ്ഞാണ്‌ ഇല്ലത്ത്‌ തിരിച്ചെത്തിയത്‌.

നിലവറയിലേക്ക് കടക്കുന്ന വാതിലിനുമുകളിൽ വെള്ളമിറങ്ങിയതിന്റെ അടയാളം കണ്ട്‌ രാമൻ നമ്പൂതിരി, മാണിക്കമംഗലം ഹൈസ്കൂളിലെ ഡ്രോയിങ് മാസ്റ്റർ രാമൻനായരെ വരുത്തി. വെള്ളപ്പൊക്കത്തിന്റെ ഓർമയ്‌ക്ക്‌ അവിടെ കുറിപ്പ്‌ കൊത്തിവയ്‌പിച്ചു. 1099ന്റെ രണ്ട്‌ ഒമ്പതും തലതിരിച്ചാണ്‌ കൊത്തിയത്‌. 1991ൽ നാലുകെട്ട്‌ പൊളിച്ചപ്പോൾ ഫലകം സംരക്ഷിക്കാൻ തീരുമാനിച്ചു. നാലുകെട്ടിന്റെ ചുവരിൽനിന്ന്‌ വാട്ടർ ലെവൽ പിടിച്ചു. സമീപത്ത്‌ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പുറംചുവരിൽ കൃത്യം രണ്ടരക്കോൽ പൊക്കത്തിൽ ഫലകം സ്ഥാപിച്ചു. 2018ലെ പ്രളയത്തിൽ ഈ വീട്ടിലും രണ്ടടിപ്പൊക്കത്തിൽ വെള്ളംകയറിയെന്ന്‌ നാരായണൻ നമ്പൂതിരി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home