07 December Saturday

മുൾജി മുരളിയായി; കെഎസ‌് യുവിന‌് കിട്ടി നിർമിത രക്തസാക്ഷി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

കെഎസ്‌യുവിന്റെ ഒരു രക്തസാക്ഷിയുടെ പേരു പോലും ഓർമ്മിക്കാത്ത എ കെ ആന്റണി മറന്നിട്ടുണ്ടാകില്ല ആറ്റുനോറ്റുണ്ടായ രക്തസാക്ഷിത്വത്തിന്റെ കള്ളത്തരം. തേവര കോളേജിൽ മരിച്ച ഗുജറാത്തി വിദ്യാർഥി മുൾജിയെ മുരളിയാക്കി നടത്തിയ തട്ടിപ്പും ആന്റണിയും ഉമ്മൻ ചാണ്ടിയുമടക്കം നിർമ്മിത രക്തസാക്ഷിത്വത്തിന്റെ മറവിൽ രാഷ്‌ട്രീയവളർച്ച നേടിയ സംഭവവും.  പ്രമുഖപത്രപ്രവർത്തകൻ എൻ എൻ സത്യവ്രതൻ  ‘ വാർത്ത വന്ന വഴി’ എന്ന പുസ്‌തകത്തിലാണ‌് രക്തസാക്ഷിത്വത്തിന്റെ കള്ളത്തരം തുറന്നു കാട്ടിയത‌്. സംഭവം നടന്ന്‌ നാലു പതിറ്റാണ്ടിനു ശേഷം 2007ലാണ‌് ഇക്കാര്യം  സത്യവ്രതൻ പരസ്യപ്പെടുത്തിയത‌്.

ഇഎംഎസ‌്  സർക്കാർ ഭരണത്തിലിരിക്കെ 1968ലാണ് സംഭവം. കെഎസ്‌യുക്കാരുടെ  ‘ആകെയുണ്ടായിരുന്ന രക്തസാക്ഷി’ ആ സംഘടനയുമായി ഒരുബന്ധവുമില്ലാതിരുന്ന വ്യക്തിയായിരുന്നുവെന്നതാണ്‌ രസകരം. 1968ൽ എറണാകുളത്ത് നടന്ന സമരത്തിൽ തേവര കോളേജിലെ കെഎസ്‌യുക്കാർ  തേവര കവലയിൽ പൊലീസിനെ ആക്രമിച്ചു. തുടർന്നുണ്ടായ ലാത്തിച്ചാർജിൽ പരിക്കേറ്റ് നിലത്തുവീണ വിദ്യാർഥികളിൽ നാലുപേരെക്കുറിച്ച് അന്ന് ‘മാതൃഭൂമി’ ലേഖകനായിരുന്ന സത്യവ്രതൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അക്കൂട്ടത്തിൽ കൊച്ചിയിൽനിന്നുള്ള ഗുജറാത്തി വിദ്യാർഥി ‘മുൾജി’യും ഉണ്ടായിരുന്നു. മുൾജി കാനയിൽ വീണിരുന്നു. വാർത്ത പിറ്റേദിവസം മാതൃഭൂമിയിൽ അടിച്ചുവന്നത് ‘മുരളി’ കാനയിൽ വീണുവെന്നായിരുന്നു. വാർത്ത വന്ന ദിവസം കെഎസ്‌യു നേതാവ് ജയറാം സത്യവ്രതനെ വിളിച്ച് ‘സംഗതി സത്യമാണ് കാനയിൽ വീണത് മുരളിയാണ്’ എന്നു പറഞ്ഞു.

സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന സത്യവ്രതൻ അന്തംവിട്ടു. അന്നുതന്നെ രാത്രി തേവരയിലുള്ള മറ്റൊരു വിദ്യാർഥി മുരളി മരിച്ചു. ഈ മുരളിയാകട്ടെ അസുഖംവന്നാണ് മരിച്ചത്. സത്യവ്രതൻ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു:  ‘‘കാറ്റാടിപോലെ അശു ആയ കുട്ടിയായിരുന്നു. രാഷ്ട്രീയം തൊട്ടുതെറിച്ചിട്ടില്ല.

സമരത്തിന്റെ അരികിൽക്കൂടി പോയിട്ടുമില്ല. പഠിപ്പുമുടക്കുണ്ടായപ്പോൾ കുട്ടി നേരത്തെ വീട്ടിലെത്തി. വൈകിട്ട് അസ്വാസ്ഥ്യമുണ്ടായി. പെട്ടെന്നു മരിച്ചു.’’ പെട്ടെന്നു തന്നെ കെഎസ്‌ യുക്കാർ മുരളിയുടെ വീടു കണ്ടുപിടിച്ച്‌ കണ്ണീർ വീഴ്‌ത്തി രക്തസാക്ഷിയാക്കി.  മുൾജി മുരളിയായ കാര്യം മറച്ചുവച്ച് മൗനജാഥയും പഠിപ്പുമുടക്കും സംഘടിപ്പിച്ചു. 

പൊലീസിന്റെ  അടിയേറ്റ കാര്യം മകൻ  പറഞ്ഞില്ലല്ലോ, നല്ല ചികിൽസപോലും കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നായി  പാവം അച്ഛൻ. തന്നെ രാഷ്ട്രീയമായി ഏറെ വളർത്തിയത് മുരളിയുടെ മരണത്തെത്തുടർന്നുണ്ടായ സമരങ്ങളാണെന്ന് അന്ന് കെഎസ്‌ യു പ്രസിഡന്റായിരുന്ന ഉമ്മൻചാണ്ടി പിന്നീട് ഒരു വാരികയിലെ ലേഖനത്തിൽ പറഞ്ഞിരുന്നു. ചൊവ്വാഴ്‌ച പത്രസമ്മേളനത്തിൽ മുരളി എന്ന പേരു പറയാതിരുന്ന  ആന്റണി അന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റാണ്‌. ഈ വ്യാജ രക്തസാക്ഷിത്വത്തിന്റെ നേട്ടം അദ്ദേഹവും ആവോളം ഉപയോഗിച്ചിട്ടുണ്ട്‌.

വർഷങ്ങൾക്കുമുമ്പ് ഈ സത്യം വെളിപ്പെടുത്താനൊരുങ്ങിയപ്പോൾ ഉമ്മൻചാണ്ടി തടസ്സപ്പെടുത്തിയതിനെപ്പറ്റിയും ‘മുൾജി മുരളിയായി, സമരത്തിരയിളകി’ എന്ന അധ്യായത്തിൽ സത്യവ്രതൻ പറയുന്നു. 

ഈ  ‘കഥ പറയുമെന്ന്’ താൻ പറഞ്ഞപ്പോൾ  ‘വേണ്ട സത്യാ വേണ്ട, ഇപ്പോൾ ഏതായാലും വേണ്ട’ എന്നു ഉമ്മൻചാണ്ടി പറഞ്ഞപ്പോൾ  താൻ വഴങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top