കണ്ണൂർ> സഹപാഠിയെ അടിച്ചുകൊന്ന കെഎസ്യു സംഘത്തിലെ രണ്ടുപേർ പൊലീസ് സേനയില്‍. മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിൽ കെഎസ്യു നേതാവും മാഗസിൻ എഡിറ്ററുമായിരുന്ന പുതിയവീട്ടിൽ ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട നാലാംപ്രതി മുരളീധരനും അഞ്ചാംപ്രതി അംബുജാക്ഷനുമാണ് കേരള പൊലീസില്‍ ജോലിചെയ്യുന്നത്. മട്ടന്നൂർ വായാന്തോട് സ്വദേശി വാളാങ്കി വീട്ടിൽ വി അംബുജാക്ഷൻ ഇരിട്ടി ഡിവൈഎസ്പി ഓഫീസിലെ എഎസ്ഐയാണ്. നാറാത്ത് സ്വദേശിയായ തോട്ടത്തിൽ വീട്ടിൽ ടി മുരളീധരൻ കണ്ണൂർ ട്രാഫിക് സ്റ്റേഷിനിലെ സിവിൽ പൊലീസ് ഓഫീസറുമാണ്. മട്ടന്നൂരിലെ പ്രധാന കെഎസ്യു നേതാക്കളായിരുന്നു ഇരുവരും.
1990 മാർച്ച് ആറിനാണ് കോളേജ് ക്യാന്റീനിനു മുന്നിൽ യൂണിയൻ ജനറൽ സെക്രട്ടറികൂടിയായിരുന്ന മുരളീധരന്റെ നേതൃത്വത്തിൽ കെഎസ്യുക്കാർ ബഷീറിനെ വിറകുകൊള്ളികൊണ്ട് അടിച്ചുവീഴ്ത്തിയത്. തലച്ചോറിനും സുഷുമ്നാ നാഡിക്കും മാരകമായി ക്ഷതമേറ്റ ബഷീർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.മാഗസിൻ എഡിറ്റോറിയൽ കമ്മിറ്റിയിൽ വിദ്യാർഥി പ്രതിനിധികളെ നാമനിർദേശം ചെയ്യുന്നതിലും ഫണ്ട് വിനിയോഗത്തിലുമുള്ള തർക്കമാണ് കൊലയില്‍ കലാശിച്ചത്.
കേസിൽ കെഎസ്യു നേതാക്കളായ പാതിരിയാട് കോളാവൂരിലെ കക്കേത്ത് ബിജു, കണിച്ചാർ ഓടംതോടില ചെറുപറമ്പിൽ മാത്യു, പടിയൂരിലെ ചേലോറ മോഹനൻ, നാറാത്തെ തോട്ടത്തിൽ മുരളീധരൻ, മട്ടന്നൂർ വായാന്തോട്ടെ വാളാങ്കി അംബുജാക്ഷൻ, പാതിരിയാട്ടെ കാപ്പാടൻ വത്സൻ എന്നിവരായിരുന്നു ഒന്നുമുതൽ ആറുവരെ പ്രതികൾ. തലശേരി സെഷൻസ് കോടതി ആറു പേരെയും ശിക്ഷിച്ചു. ഒന്നാം പ്രതി കക്കേത്ത് ബിജുവിനെ നാലുവർഷം കഠിന തടവിനും 10,000 രൂപ പിഴയടയ്ക്കാനും മറ്റു പ്രതികളെ ആറു മാസം കഠിന തടവിനും 10,000 രൂപ വീതം പിഴയടയ്ക്കാനുമാണ് സെഷൻസ് കോടതി ശിക്ഷിച്ചത്.
ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പ്രതികളെ വിട്ടയച്ചു. കൊലപാതകം നടന്ന് എതാനും വർഷത്തിനുള്ളിൽ യുഡിഎഫ് ഭരണകാലത്താണ് ഇരുവർക്കും പൊലീസിൽ നിയമനം ലഭിച്ചത്.