25 August Sunday

മറക്കരുത‌്, പുതിയവീട്ടിൽ ബഷീറിനെ

രാഗേഷ‌് കായലൂർUpdated: Tuesday Jul 16, 2019


ക്യാമ്പസ‌് അക്രമങ്ങളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നവർ  കെഎസ്‌യുക്കാർ അടിച്ചുകൊന്ന സ്വന്തം നേതാവ്‌ പുതിയവീട്ടിൽ ബഷീറിനെ മറക്കരുത‌്.   മട്ടന്നൂർ പഴശ്ശിരാജ എൻഎസ്‌എസ്‌ കോളേജിലെ കെഎസ്‌യു നേതാവും മാഗസിൻ എഡിറ്ററുമായിരുന്ന ചാവശേരി ഇരുപത്തിയൊന്നാംമൈലിലെ പുതിയവീട്ടിൽ ബഷീറിനെ ഗ്രൂപ്പ്‌ വഴക്കിന്റെയും ഫണ്ട്‌ വീതംവയ്‌പ്പിന്റെയും ഭാഗമായാണ്‌ കെഎസ്‌യുക്കാർ അടിച്ചുകൊന്നത്‌. യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള കെഎസ്‌യു നേതാക്കളായിരുന്നു പ്രതികൾ. 

1990 മാർച്ച്‌ ആറിന്‌  കോളേജ്‌ കാന്റീനുസമീപമായിരുന്നു ആക്രമണം. ബഷീറിനോട്‌ കെഎസ്‌യുവിലെ  ഒരുവിഭാഗത്തിന്‌ വൈരാഗ്യമുണ്ടായിരുന്നു. മാഗസിൻ എഡിറ്റോറിയൽ ബോർഡ്‌ മെമ്പർമാരുടെ നാമനിർദേശവുമായി ബന്ധപ്പെട്ട തർക്കമാണ‌് കൊലപാതകത്തിൽ കലാശിച്ചത‌്. ബഷീർ നാമനിർദേശം ചെയ്യാൻ തീരുമാനിച്ചവർക്കെതിരെ എതിർ ഗ്രൂപ്പ്‌ രംഗത്തെത്തി. യൂണിയൻ ഫണ്ട്‌ വിനിയോഗിച്ചതിനെക്കുറിച്ചും തർക്കമുണ്ടായി. തുടർന്ന‌് യൂണിയൻ ജനറൽ സെക്രട്ടറി മുരളീധരന്റെ നേതൃത്വത്തിലുള്ള കെഎസ്‌യു നേതാക്കാൾ ബഷീറിനെ ആക്രമിച്ചു.  വിദ്യാർഥികൾ നോക്കി നിൽക്കേയായിരുന്നു ആക്രമണം. 

കാന്റീനിലെ വിറകുകൊള്ളി കൊണ്ടുള്ള അടിയേറ്റ‌് ബഷീറിന്റെ സുഷുമ‌്ന നാഡിക്കും തലച്ചോറിനും  ക്ഷതമേറ്റു. തലതകർന്ന്‌ ബോധമറ്റ്‌ വീണ സഹപ്രവർത്തകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കെഎസ്‌യുക്കാർ തയ്യാറായില്ല. ഒടുവിൽ എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ ബഷീറിനെ ആശുപത്രിയിലെത്തിച്ചത്‌. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.  

യൂണിയൻ ജനറൽ സെക്രട്ടറി മുരളീധരൻ,  ബിജു, അംബുജാക്ഷൻ, വത്സൻ, പുരുഷോത്തമൻ, മാത്യു തുടങ്ങിയ കെഎസ‌് യു നേതാക്കളായിരുന്നു പ്രതികൾ. 100 സാക്ഷികളും 101 രേഖകളുമുണ്ടായിരുന്ന കേസിൽ. മുഴുവൻ പ്രതികളെയും തലശേരി സെഷൻസ്‌ കോടതി ശിക്ഷിച്ചു.

വിദ്യാർഥിസമൂഹത്തിനാകെ കളങ്കം ചാർത്തിയ ഭീകര സംഭവത്തിൽ പ്രതികൾക്കൊപ്പം നിന്നവരാണ്‌ ഇന്നത്തെ പല കോൺഗ്രസ‌് നേതാക്കളും.  അന്നു സ്വന്തം നേതാവിന്റെ തലതല്ലിപ്പൊളിച്ച്‌  കൊലപ്പെടുത്തിയ സംഘത്തിന്‌ കാവലാളായിനിന്ന കണ്ണൂരിലെ കെഎസ്‌യു നേതാവ്‌ ഇന്ന്‌ എഐസിസി ജനറൽ സെക്രട്ടറിയാണ്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top