17 November Sunday

സ്യൂട്ട‌്കെയ‌്സ‌് സ്വർണക്കച്ചവടം: രഹസ്യാന്വേഷണവുമായി നികുതിവകുപ്പ‌്

ജി രാജേഷ‌്കുമാർUpdated: Sunday Jun 16, 2019


സ്വർണക്കച്ചവടത്തിലെ നികുതിവെട്ടിപ്പ‌് തടയാൻ രഹസ്യാന്വേഷണവുമായി സംസ്ഥാന ചരക്ക‌ു സേവന നികുതി വകുപ്പ‌്. സ്വർണവ്യപാര കേന്ദ്രങ്ങൾ, റെയിൽവേ സ‌്റ്റേഷൻ, ബസ‌് സ‌്റ്റാൻഡ‌് തുടങ്ങിയവ കേന്ദ്രീകരിച്ച‌ായിരിക്കും പ്രവർത്തനം. സ്വർണത്തിൽനിന്നുള്ള ജിഎസ‌്ടി വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ‌് സംസ്ഥാനത്ത‌് "സ്യൂട്ട‌്കെയ‌്സ‌് സ്വർണക്കച്ചവടം'വഴി നടക്കുന്ന നികുതിവെട്ടിപ്പ‌് പുറത്തായത‌്. 190 സ‌്ക്വാഡുകളാണ‌് രംഗത്തുള്ളത‌്. സംശായാസ‌്പദമായ ഇ–- റിട്ടേണുകളിലെല്ലാം പരിശോധന വരും. അതിർത്തി കവാടങ്ങൾ കേന്ദ്രീകരിച്ച‌് രാപ്പകൽ 120 സംഘങ്ങളുടെ നിരീക്ഷണമുണ്ട‌്. 70 മൊബൈൽ സ‌്ക്വാഡുകൾ വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളുമടക്കം പരിശോധിക്കും.

വൻകിട വ്യാപാര സ്ഥാപനങ്ങൾവരെ സ്യൂട്ട‌്കേസ‌് സ്വർണക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നതായാണ‌് വിവരം. സ്ഥാപനങ്ങളുടെ പ്രതിനിധികൾ സ്വർണം ആവശ്യമുള്ളവരെ സമീപിച്ച‌് കച്ചവടം ഉറപ്പിക്കുന്നു. ഇതനസുരിച്ചുള്ള സ്വർണം അന്യസംസ്ഥാനങ്ങൾനിന്ന‌് ഇടപാടുകാര‌ന‌് എത്തിച്ച‌് പണം കൈപ്പറ്റുന്നു. ഇത‌് സ്ഥാപനത്തിന്റെ വിൽപ്പന കണക്കിൽ രേഖപ്പെടുത്താത്തതിനാൽ നികുതി നൽകേണ്ട. വാങ്ങുന്നവർ ബില്ലിന‌് നിർബന്ധം പിടിക്കില്ലെന്നതും തട്ടിപ്പിന‌് സഹായകമാണ‌്. ഈയിടെ സ്യൂട്ട‌്കേസിൽ ഒരു കോടി രൂപയുടെവരെ സ്വർണമെത്തിച്ചിരുന്നു. ഇതടക്കം വൻ ഇടപാടുകളുടെ വിവരങ്ങളും നികുതി വകുപ്പിന‌് ലഭിച്ചിട്ടുണ്ട‌്. യന്ത്രസഹായത്തോടെ നിർമിച്ച ആഭരണങ്ങളായി മുംബൈ, ആഗ്ര ഉൾപ്പെടെയുള്ള നഗരങ്ങളിൽനിന്നാണ‌് സ്വർണമെത്തിക്കുന്നത‌്. സ്വർണാഭരണങ്ങൾ കൊണ്ടുപോകാൻ ഇ–-വേ ബിൽ വേണ്ടെന്നതും വ്യാപാരത്തിന‌് സഹായകമാകുന്നു. കള്ളക്കടത്തിന‌് ട്രെയിൻ, ബസ‌് സർവീസുകളെ  ഉപയോഗിക്കുന്നതായാണ‌് വിലയിരുത്തൽ. 

കഴിഞ്ഞവർഷം സ്വർണത്തിൽനിന്നുള്ള നികുതി കുത്തനെ താഴ‌്ന്ന സാഹചര്യത്തിലാണ‌് കർശന നടപടികളിലേക്ക‌് നികുതിവകുപ്പ‌് നീങ്ങിയത‌്. 220 കോടി രൂപയാണ‌് കഴിഞ്ഞവർഷത്തെ വരവ‌്. 2017–-18ൽ 629 കോടി രൂപ നികുതി ലഭിച്ചിരുന്നു. അന്ന‌് കോമ്പോസിഷൻ സമ്പ്രദായം സ്വീകരിച്ച വ്യാപാരികൾക്ക‌് 1.25 ശതമാനമായിരുന്നു നികുതി. എന്നാൽ ജിഎസ‌്ടി വന്നതോടെ നികുതി മൂന്നു ശതമാനമായി. എന്നിട്ടും നികുതി മൂന്നിലൊന്നായി കുറഞ്ഞു.

സംസ്ഥാനത്ത‌് 6000ൽപരം സ്വർണവ്യാപാരികൾ ഉണ്ടെന്നാണ‌് കണക്ക‌്. 40 ലക്ഷം രൂപയ‌്ക്കുമുകളിൽ വാർഷിക വിറ്റുവരവുള്ളവരാണ‌് നികുതി രജ‌ിസ‌്ട്രേഷൻ എടുക്കേണ്ടത‌്. ഇതിൽ മൂവായിരത്തോളം സ്ഥാപനങ്ങൾ കോമ്പോസിഷൻ സമ്പ്രദായം സ്വീകരിച്ചിരുന്നു. പ്രതിവർഷം ശരാശരി 40000 കോടി രൂപയുടെ സ്വർണ വ്യാപാരം നടക്കുന്നതായാണ‌് പഠനം. ഇതിന‌് ആനുപാതികമായ നികുതി ലഭ്യമല്ലാത്തതാണ‌് വൻ വെട്ടിപ്പിന്റെ കാണാച്ചരടുകൾ തേടാനിടയാക്കിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top