12 November Tuesday

നിപാ നിരീക്ഷണം തുടരും:- മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019


നിപായിൽ ആശങ്കയില്ലെങ്കിലും ജൂലൈ 15 വരെ നിരീക്ഷണം തുടരുമെന്ന‌് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഗുരുതരാവസ്ഥ തരണംചെയ‌്തിട്ടുണ്ട‌്. നിപാ ബാധിച്ച‌് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥി രോഗത്തെ അതിജീവിച്ചുവെന്നും പുണെയിലെ വൈറോളജി ലാബിലേക്കയച്ച സാമ്പിൾ പരിശോധനകളിൽ വിദ്യാർഥിയുടെ മെഡിക്കൽ റിപ്പോർട്ട‌് നെഗറ്റീവായിരുന്നെന്നും മന്ത്രി പറഞ്ഞു.

നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ സാമ്പിളും പരിശോധയിൽ  നെഗറ്റീവാണെന്ന‌് തെളിഞ്ഞു. ലെവൽ 3, 4 ലാബുകളിലേ നിപാ സാമ്പിൾ പരിശോധിക്കാനാവൂ. ആലപ്പുഴയിലെ വൈറോളജി ലാബിൽ ഇതിനുള്ള സംവിധാനമില്ല. കേന്ദ്ര സഹായത്തോടെ മാത്രമേ ഇത്തരം ലാബ‌് സ്ഥാപിക്കാനാവൂ.

കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയതിന്റെ ഫലമായി ഇതിനായി മൂന്ന‌് കോടി രൂപ അനുവദിച്ചിട്ടുണ്ട‌്. ഈ തുക തികയില്ല. കോഴിക്കോടാണ‌് നിപാ പരിശോധന സംവിധാനമുള്ള ലാബ‌് നിർമിക്കുക. ആലപ്പുഴയിലെ ലാബ‌് ശക്തിപ്പെടുത്തും. മുഖ്യമന്ത്രിയുടെ മുൻകൈയിൽ രാജ്യത്തിന‌് പുറത്തുള്ള വിദഗ‌്ധരുടെ സഹകരണത്തോടെ തിരുവനന്തപുരത്ത‌് വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ട‌് സ്ഥാപിച്ചിട്ടുണ്ട‌്.

ഇത‌് രാജ്യത്തെ ഏറ്റവും പ്രധാന സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ‌്. നിപാ ബാധിച്ച രാജ്യങ്ങളിൽ ഉറവിടം കണ്ടെത്തിയത‌് പിന്നീടാണ‌്. സംസ്ഥാനത്തും ഉറവിടം കണ്ടെത്തുന്നതിന‌് പുണെ വൈറോളജി ഇൻസിറ്റിറ്റ്യൂട്ടിലെ വിദ‌്ഗധരുടെ സഹകരണത്തോടെ  ശ്രമം തുടരും.

ഡോക്ടർമാർ പണിമുടക്കി സമരം നടത്തുന്നതിനോട‌് ‌ യോജിപ്പില്ല. ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടാണ‌് അവരുടെ ജോലി. സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ പണിമുടക്കിയുള്ള സമരത്തോട‌് താൽപര്യം കാണിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top