12 November Tuesday

കെഎസ‌്എഫ‌്ഇ വിറ്റുവരവ‌് ലക്ഷം കോടിയിലെത്തിക്കും: ഐസക‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019


തിരുവനന്തപുരം
വരുന്ന സാമ്പത്തികവർഷം കെഎസ‌്എഫ‌്ഇയെ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള രാജ്യത്തെ പ്രമുഖ ധനസ്ഥാപനമാക്കുമെന്ന‌് ധനമന്ത്രി തോമസ‌് ഐസക‌് പറഞ്ഞു. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ 15–-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എ കെ ജി ഹാളിൽ ‘കേരള വികസനവും സുവർണ ജൂബിലി ആഘോഷിക്കുന്ന കെഎസ്എഫ്ഇയും'  വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. അരനൂറ്റാണ്ടുമുമ്പ‌്  രണ്ട് ലക്ഷം രൂപയുടെ മൂലധനവുമായി ആരംഭിച്ച കെഎസ്എഫ്ഇ ഇന്ന് 100 കോടി രൂപയുടെ മൂലധനമുള്ള സംരംഭമാണ‌്. നിലവിൽ 39,000 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനം 6000 കോടി രൂപ സർക്കാരിന‌് വായ‌്പ നൽകി.

നവകേരള നി‌ർമിതിയിൽ കെഎസ്എഫ്ഇക്ക് നിർണായക പങ്കുണ്ട്. കേരളത്തിന്റെ  സമ്പദ്ഘടനയുടെ മൂന്നിലൊരു ഭാഗവും വിദേശമലയാളികളുടെ  വരുമാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിലൊരു കുറവ് വരുമ്പോൾ സാമ്പത്തിക മാന്ദ്യമാണ് ഫലം. മാന്ദ്യംമൂലം വിദേശത്തേക്ക‌് പോകുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ‌് തിരിച്ചുവരുന്നവരുടെ എണ്ണം. കേരളം സാമ്പത്തികമാന്ദ്യത്തിലേക്ക‌് അമരാതെ കരകയറ്റണമെങ്കിൽ നമ്മുടെ സമ്പത്ത‌്ഘടനയെ താങ്ങിനിർത്താൻ കഴിയണം. അതാണ‌് സംസ്ഥാനത്ത‌് കിഫ‌്ബി ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾവഴി വികസനപദ്ധതികൾക്ക‌് നിക്ഷേപം നടത്തുന്നത‌്. ഇതിനായി ആവിഷ‌്കരിച്ച പ്രവാസി ചിട്ടി സംസ്ഥാനത്തിന്റെ വളർച്ചയ‌്ക്ക‌് വലിയ സഹായമാകും. വിദേശത്തുനിന്നുള്ളവരെ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളികളെയും ഉൾക്കൊള്ളിച്ചാകണം പ്രവാസി ചിട്ടി പ്രവർത്തനം. വിദേശമലയാളികളുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ രൂപപ്പെടുത്തി ധനസമാഹരണ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമങ്ങൾക്ക് കെഎസ‌്എഫ‌്ഇ ജീവനക്കാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ടി എം തോമസ‌് ഐസക‌്  പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി ജി തോമസ‌് പണിക്കർ അവതരിപ്പിച്ച സമീപനരേഖയെ അധികരിച്ചായിരുന്നു സെമിനാർ


പ്രധാന വാർത്തകൾ
 Top