13 September Friday

ചുമട്ടുതൊഴിലാളികളെ നവീകരിക്കും ; നവശക്തി പദ്ധതിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023


കൊച്ചി
ആധുനിക യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് കയറ്റിറക്ക് ജോലി ചെയ്യാൻ ചുമട്ടുതൊഴിലാളികളെ നവശക്തി പദ്ധതിയിലൂടെ പ്രാപ്‌തരാക്കുമെന്ന്‌ തൊഴിൽമന്ത്രി വി  ശിവൻകുട്ടി പറഞ്ഞു. എസ്കവേറ്ററുകൾ, ക്രെയിൻ തുടങ്ങിയവ ഉപയോഗിക്കാൻ പദ്ധതിയിലൂടെ തൊഴിലാളികൾക്ക് പ്രാവീണ്യം ലഭിക്കും. ഐടി പാർക്കുകളിലെയും പ്രത്യേക സാമ്പത്തികമേഖലകളിലെയും തൊഴിലാളികളെയാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് നടപ്പാക്കുന്ന  പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

നൈപുണ്യമികവും അടിസ്ഥാനയോഗ്യതകളും ഉറപ്പാക്കി ചുമട്ടുതൊഴിലാളികൾക്ക്‌ അഭിമാനകരമായി ജോലി ചെയ്യാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്.  തൊഴിൽമേഖലയിലെ മാറ്റങ്ങൾ, പുതിയ ഉപകരണങ്ങൾ, സംവിധാനങ്ങൾ എന്നിവയ്‌ക്കനുസരിച്ച് തൊഴിലാളികൾ സ്വയം നവീകരിക്കണം. പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള സാധനസാമഗ്രികളുടെ കയറ്റിറക്കിൽ തൊഴിലാളികൾ പരിശീലനം നേടണം. അത്തരം കയറ്റിറക്കലിന് ഇപ്പോൾ ചുമട്ടുതൊഴിലാളികൾക്ക് അവകാശമില്ല. നവശക്തി പദ്ധതി അതിന്‌ പരിഹാരമാകും. പദ്ധതിയിലേക്ക്‌ തെരഞ്ഞെടുക്കുന്ന തൊഴിലാളികൾക്ക്‌ പ്രത്യേക യൂണിഫോമും നൂതന സുരക്ഷാ ഉപകരണങ്ങളുടെ പരിശീലനവും ലഭിക്കും. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. മേയർ എം  അനിൽകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ ആർ  രാമചന്ദ്രൻ, തൊഴിൽ സെക്രട്ടറി അജിത് കുമാർ, ക്ഷേമബോർഡ് ചീഫ്എക്സിക്യൂട്ടീവ് ഓഫീസർ കെ  ശ്രീലാൽ, ഫിനാൻസ് ഓഫീസർ ടി എൻ മുഹമ്മദ് ഷഫീഖ്, നവശക്തി നോഡൽ ഓഫീസർ ആർ ഹരികുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top