25 May Monday

അനുഭവങ്ങൾ പാഠമായില്ല ; ദുരന്തമുഖത്ത‌് നിസ്സഹായരായി ഒഡിഷക്കാർ

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019


തിരുവനന്തപുരം
പ്രകൃതിദുരന്തങ്ങൾ തുടർക്കഥയെങ്കിലും അവയെ എങ്ങനെ ഫലപ്രദമായി നേരിടാമെന്ന അറിവില്ലായ്മയാണ‌് ഫോണി ചുഴലിക്കാറ്റ‌് തകിടംമറിച്ച ഒഡിഷയിലൊട്ടാകെ ദൃശ്യമാകുന്നത‌്. നൂറ്റാണ്ട‌് കണ്ട ഏറ്റവും വലിയ പ്രളയത്തെ നിശ്ചയദാർഢ്യം കൊണ്ട‌് അതിജീവിച്ച സംസ്ഥനത്തുനിന്ന‌് ഒഡിഷയിൽ പുനർനിർമാണ പ്രവർത്തനത്തിനെത്തിയ കെഎസ‌്ഇബി സംഘാംഗങ്ങൾക്ക‌് പറയാനുള്ളതും ഇതുതന്നെയാണ‌്. ദുരന്തശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും ദുരിതാശ്വാസ പ്രവർത്തനത്തിലെ ഏകോപനക്കുറവ‌് ജനജീവിതം നരകതുല്യമാക്കി. പുനർനിർമാണത്തിനായി വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ സംഘങ്ങൾക്ക‌് മാർഗനിർദേശം നൽകുന്നതിലും ആവശ്യമായ സാധന സാമഗ്രികൾ എത്തിച്ചുകൊടുക്കുന്നതിലും നവീൻ പട‌്നായിക‌് സർക്കാർ പൂർണ പരാജയമാണെന്ന‌് പറയുന്നു പാലക്കാട‌് കിഴക്കഞ്ചേരിയിൽനിന്നുള്ള സബ‌് എൻജിനിയർ എസ‌് സുഭാഷ‌്.

മെയ‌് പത്തിന‌് ഒഡിഷയിൽ എത്തിയ പാലക്കാട‌്നിന്നുള്ള ആദ്യസംഘം ഭുവനേശ്വറിലെ സ്പെഷ്യൽ പൊലീസ‌് ബറ്റാലിയൺ ക്യാമ്പിലെയും ശേഷം ഭുവനേശ്വറിൽനിന്ന‌് 20 കിലോമീറ്റർ അകലെയുള്ള ബാരങ‌് പ്രദേശത്തെയും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ബാരങ്ങിൽ രണ്ടുദിവസം കൊണ്ട‌് 20 11 കെവി പോസ‌്റ്റുകളും 12 എൽടി പോസ‌്റ്റുകളും മാറ്റി സ്ഥാപിച്ചു. പൂർണമായും തകരാറിലായ സബ‌് സ‌്റ്റേഷൻ പ്രവർത്തനസജ്ജമാക്കി. മൂന്ന‌് കിലോമീറ്ററോളം വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണി നടത്തി. ഒരു കിലോമീറ്റർ പുതിയ ലൈനും വലിച്ചു.

‘ഒരാഴ്ച നീണ്ട പ്രവർത്തനങ്ങളിൽ ഒരിക്കൽ പോലും ഏകോപന ചുമതലയുള്ള ഒഡിഷ ഇലക‌്ട്രിസിറ്റി ബോർഡിലെ ഉദ്യോഗസ്ഥനെ  കണ്ടിട്ടില്ല. കോൺക്രീറ്റ‌്, ഇരുമ്പ‌് പോസ‌്റ്റുകൾ സ്ഥാപിക്കാൻ ക്രെയിനുകൾ നൽകിയിട്ടില്ല. പൊട്ടിപ്പോയ വൈദ്യുതി ലൈനുകൾക്കും വയറുകൾക്കും പകരം നാമമാത്രമായി മാത്രമാണ‌് പുതിയവ നൽകിയിട്ടുള്ളത‌്. മിക്ക സ്ഥലങ്ങളിലും പൊട്ടിയ വയറുകളും കമ്പികളുംതന്നെ വീണ്ടും ഉപയോഗിക്കേണ്ടിവരുന്നു.

സംസ്ഥാനത്തെ പ്രളയകാലത്തേതുപോലെ പുനർനിർമാണത്തിനായി സന്നദ്ധ സംഘടനകളോ സർക്കാർ ഏജൻസികളോ മുന്നോട്ട‌് വരുന്നില്ല. ചില സ്ഥലങ്ങളിൽ നാട്ടുകാർ ചെറുസംഘങ്ങളായി തിരിഞ്ഞ‌് സഹായത്തിനെത്തുന്നു. പോസ‌്റ്റുകൾ കൊണ്ടുപോകാൻ ട്രാക്ടറുകൾ ഒരുക്കിയതും ജീവനക്കാർക്ക‌്‌ ഭക്ഷണം നൽകുന്നതും നാട്ടുകാർതന്നെ’ സുഭാഷ‌് പറഞ്ഞു.

ക്യാമ്പുകളിൽ ആവശ്യമായ ഊട്ടുപുരകളോ വൈദ്യസഹായമോ ലഭ്യമല്ല. വൈദ്യസഹായം ലഭ്യാമാകാതെ  കേന്ദ്രാപഡ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഒരാൾ മരിച്ചിരുന്നു. പന്ത്രണ്ട‌് ദിവസം ഇരുട്ടിലായ തലസ്ഥാന നഗരിയിൽ രണ്ട‌് ദിവസം മുമ്പാണ‌് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത‌്. പുരി ക്ഷേത്രത്തിൽ ബുധനാഴ്ച വൈകിട്ടോടെ വൈദ്യുതി പുനഃസ്ഥാപിച്ചു.

ഒഡിഷയുടെ ഉൾപ്രദേശങ്ങളിൽ വൈദ്യുതിയോ വാർത്താവിനിമയ ബന്ധങ്ങളോ പുനഃസ്ഥാപിക്കാനാകാത്തത‌് വലയ പ്രതിബന്ധം സൃഷ്ടിക്കുന്നെന്ന‌് ദുരന്തബാധിത പ്രദേശങ്ങളിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന സ‌്മൈൽ ഫൗണ്ടേഷൻ പ്രവർത്തകർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top