23 July Tuesday

സ്വയംഭരണ കോളേജുകളിൽനിന്ന‌് പഠിച്ചിറങ്ങിയവരുടെ അക്കാദമിക‌് നിലവാരം പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


സ്വയംഭരണ കോളേജുകളിൽനിന്ന‌് പഠിച്ചിറങ്ങിയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ അക്കാദമിക‌് നിലവാരം സർക്കാർ പരിശോധിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ വിളിച്ചുചേർത്ത സ്വയംഭരണ കോളേജ‌് പ്രിൻസിപ്പൽമാരുടെയും മാനേജർമാരുടെയും യോഗത്തിലാണ‌് തീരുമാനം. സംസ്ഥാനത്ത‌് പ്രവർത്തിക്കുന്ന 19 സ്വയംഭരണ കോളേജിൽനിന്ന‌് പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ അക്കാദമിക‌് നിലവാര പരിശോധനയ‌്ക്കുള്ള വിവരശേഖരണത്തിന‌് യോഗം സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. സ്വയംഭരണ കോളേജുകൾ അനുവദിക്കുമ്പോൾ വിദ്യാർഥികളുടെ അക്കാദമിക‌് നിലവാരം ഉയർത്താനായിരുന്നു യുജിസി ലക്ഷ്യം വച്ചിരുന്നത‌്. 2014ൽ ആണ‌് കേരളത്തിലെ കോളേജുകൾക്ക‌് സ്വയംഭരണപദവി ലഭിച്ചത‌്. 2016ൽ ആദ്യ ബാച്ച‌് പിജി വിദ്യാർഥികളും 2017ൽ ആദ്യബാച്ച‌് യുജി വിദ്യാർഥികളും പഠിച്ചിറങ്ങി. ജോലി ലഭിച്ചവരുടെ വിവരമടക്കം ശേഖരിക്കും

ഇവരിൽ എത്രപേർക്ക‌് തൊഴിൽ ലഭ്യമായി, തുടർപഠനത്തിന‌് ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളിൽ അവസരം ലഭിച്ചവർ എത്ര, നെറ്റ‌്, പിഎച്ച‌്ഡി തുടങ്ങിയ യോഗ്യതകൾ എത്രപേർ നേടി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചാണ‌് അക്കാദമിക‌് ഗുണനിലവാര പരിശോധന നടത്തുക. ഓ‌ട്ടോണമസ‌് കോളേജുകളും സർവകലാശാലകളും തമ്മിലുള്ള ബന്ധം സംബന്ധിച്ച‌് നിയമങ്ങളിലുള്ള അവ്യക്തത പരിഹരിക്കുന്നതിന‌് സമഗ്ര നിയമനിർമാണം നടത്തും. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക, അനധ്യാപക തസ‌്തികകളിലെ നിയമനകാര്യങ്ങളും യോഗം ചർച്ച ചെയ‌്തു. 

സ്വയംഭരണ കോളേജുകൾക്ക‌് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന‌് മാനേജർമാർ ആവശ്യപ്പെട്ടു. സർവകലാശാലകളും സ്വയംഭരണ കോളേജുകളും നിലവിൽ ശത്രുരാജ്യങ്ങളെപ്പോലെ പെരുമാറുന്ന അവസ്ഥയാണുള്ളതെന്നും ഇത‌് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. പരാതികൾ പരിശോധിക്കാൻ മന്ത്രി ചെയർമാനായ ഓട്ടോണമസ‌് അപ്രൂവൽ കമ്മിറ്റി 31ന‌് ചേരും.

സ്വയംഭരണ കോളേജുകളുള്ള സർവകലാശാലകളിലെ വിസിമാർ ഈ സമിതിയിലെ അംഗങ്ങളാണ‌്.  യോഗത്തിൽ കൊളീജിയറ്റ‌് വിദ്യാഭ്യാസ ഡയറക്ടർ ഹരിത വി കുമാർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ‌്, സ്വയംഭരണ കോളേജ‌് മാനേജുമെന്റുകളുടെ കൺസോർഷ്യം സെക്രട്ടറി ഫാ. റോയി എബ്രഹാം എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top