16 September Monday

മൺപാത്രങ്ങൾക്ക‌് നിറംപകർന്ന‌് ജിമ്മി

സ്വന്തം ലേഖികUpdated: Thursday May 16, 2019


കൊച്ചി
വീടുകളും ഓഫീസുകളും അലങ്കരിക്കാൻ  മൺപാത്രങ്ങളും പേപ്പർ ഫ്രെയിമുകളും ഒരുക്കുകയാണ‌് ഇടപ്പള്ളി സ്വദേശിയായ ജിമ്മിയുടെ വിനോദം. പരസ്യചിത്ര നിർമാണരംഗത്ത‌് സജീവസാന്നിധ്യമായ ജിമ്മി  ജോലിയുടെ മടുപ്പിൽനിന്ന‌് രക്ഷപ്പെടാനാണ‌് ആദ്യം വരയ‌്ക്കാൻ ആരംഭിച്ചത‌്. ഇന്ന‌് ജോലിക്കൊപ്പം വരയും അവയുടെ പ്രദർശനങ്ങളുമായി ജിമ്മി തിരക്കിലാണ‌്.

പാരമ്പര്യമായി കലാപരമായ കഴിവുകൾ അവകാശപ്പെടാനില്ലെങ്കിലും നിറങ്ങളോട‌് ഈ യുവാവിന‌് പണ്ടുതൊട്ടേ ഇഷ‌്ടമായിരുന്നു. ഈ ഇഷ‌്ടം മനസ്സിൽവച്ച‌് ഫാഷൻ ഡിസൈനിങ്ങും ഫോട്ടോഗ്രഫിയും ഇന്റീരിയർ ഡിസൈനിങ്ങും പഠിച്ചു. ഏഴുവർഷമായി പരസ്യചിത്ര നിർമാണരംഗത്ത‌് പ്രവർത്തിക്കുന്നു. പരസ്യചിത്രങ്ങൾ ചിത്രീകരിക്കുമ്പോഴാണ‌് ചില പ്രോപ്പർട്ടികളുടെ സാധ്യതയെക്കുറിച്ച‌് മനസ്സിലാക്കാൻ ആരംഭിച്ചത‌്.  ചിത്രീകരണത്തിന്റെ ഇടവേളകളിൽ പെയിന്റും ബ്രഷും ഉപയോഗിച്ച‌് മൺപാത്രങ്ങളിൽ ചില പരീക്ഷണങ്ങൾ നടത്തിനോക്കി. സ്വന്തം ചിത്രീകരണങ്ങളിൽ ഇവ ഉപയോഗിച്ചത‌് സുഹൃത്തുക്കൾ അംഗീകരിച്ചപ്പോൾ ആത്മവിശ്വാസമായി.

വിവിധ തരത്തിലും വലിപ്പത്തിലും ഉള്ള മൺപാത്രങ്ങളാണ‌് ഇതിനുപയോഗിക്കുന്നത‌്‌. തൃശൂർ പാലിയേക്കരയിലെ മൺപാത്ര നിർമാതാക്കളെ ഇതിനായി സമീപിക്കും. പരമ്പരാഗത രീതികൾക്ക‌് വിഭിന്നമായ മാതൃകകൾ വരച്ച‌് തയ്യാറാക്കി അവരെ ഏൽപ്പിക്കും. ഒരുമിച്ച‌് ചുട്ടെടുക്കാൻ എളുപ്പമുള്ളതിനാൽ മിക്കവാറും നൂറെണ്ണമാകും ഓർഡർ നൽകുക. ചട്ടിയും കലവും ഉണ്ടാക്കുന്നതിൽനിന്ന‌് അൽപ്പം വ്യത്യസ്‌തമായ ചെളിക്കൂട്ടിലാണ‌് ഇവ നിർമിക്കുന്നത‌്. ബഡായി ബംഗ്ലാവ‌്, നിരവധി പരസ്യചിത്രങ്ങൾ എന്നിവയിൽ ജിമ്മിയുടെ ആർട്ട‌് വർക്കുകൾ ഉപയോഗിച്ചിട്ടുണ്ട‌്.

ഇതിനിടയിൽ ഇടപ്പള്ളിയിലെ സ്വന്തം വീടും പരീക്ഷണാടിസ്ഥാനത്തിൽ ലേഔട്ട‌് മാറ്റി മനോഹരമാക്കാനും ജിമ്മിക്ക‌് കഴിഞ്ഞു. നാല‌് വർഷമായി പന്ത്രണ്ടോളം പ്രദർശനങ്ങ‌ളും നടത്തിക്കഴിഞ്ഞു. പനമ്പിള്ളിനഗറിലെ പെപ്പർ ഫ്രൈ സ‌്റ്റുഡിയോയിൽ ഇപ്പോൾ നടക്കുന്ന പ്രദർശനം 20ന‌് അവസാനിക്കും.


പ്രധാന വാർത്തകൾ
 Top