14 November Thursday

നായനാര്‍ ദിനം സമുചിതമായി ആചരിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


ഇ കെ നായനാരുടെ 15–-ാം ചരമവാർഷികദിനം 19ന‌് സമുചിതമായി ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.  കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിൽ അതുല്യ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു നായനാർ. നന്നേ ചെറുപ്പത്തിൽതന്നെ പൊതുപ്രവർത്തനരംഗത്തേക്കു കടന്നുവന്ന  നായനാർ കല്ല്യാശേരിയിൽ രൂപംകൊണ്ട ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. അതിലൂടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി.

സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ കിടക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും സമരപ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യമായി. പാർടിയുടെ സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം, മുഖ്യമന്ത്രി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു.

മികച്ച സംഘാടകൻ, പ്രക്ഷോഭകാരി, സ്വാതന്ത്ര്യസമര സേനാനി, പ്രഭാഷകൻ, പത്രപ്രവർത്തകൻ, ഭരണാധികാരി എന്നീ നിലകളിലെല്ലാംനിറഞ്ഞുനിന്നു.കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരായ ജനവിധിക്കായി കാത്തുനിൽക്കുന്ന വേളയിലാണ് ഇത്തവണത്തെ നായനാർ ദിനാചരണം. അഞ്ചുവർഷക്കാലത്തെ ബിജെപി ഭരണനയം ജനജീവിതം ദുസ്സഹമാക്കി. രാജ്യത്താകമാനം കാർഷികമേഖലയിലെ പ്രതിസന്ധി രൂക്ഷമായി.
ദിനംപ്രതിയുള്ള പെട്രോൾ–-ഡീസൽ വിലവർധന  വിലക്കയറ്റം രൂക്ഷമാക്കി. ഇതിനെല്ലാമെതിരായി ജനകീയ പ്രതിഷേധം ഉയർന്നുവന്നു.

തെരഞ്ഞെടുപ്പിൽ ജനകീയപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനെ മറച്ച് വർഗീയ അജൻഡയെ മുന്നോട്ടുവയ്ക്കാനാണ് ബിജെപി, ആർഎസ്എസ് ശ്രമിച്ചത്. ബിജെപി സർക്കാരിന്റെ അമിതാധികാരവാഴ്ചയ്ക്കെതിരെ മതനിരപേക്ഷ ജനാധിപത്യശക്തികളെയാകെ അണിനിരത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത‌്.
ഇന്ത്യയിലെ മറ്റ് സർക്കാരുകൾക്കൊന്നും കഴിയാത്ത നേട്ടങ്ങളാണ് പിന്നിട്ട ദിനങ്ങളിൽ പിണറായി വിജയൻ സർക്കാർ നേടിയത്.

പ്രകടനപത്രികയിൽ വാഗ്ദാനംചെയ്ത നിരവധി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും  പുതിയതിന് തുടക്കംകുറിക്കാനും സർക്കാരിനായി. കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്ന ജനകീയ ബദൽ രാജ്യത്തിന്റെ ബദലായി ഉയർന്നുവരണമെന്നാണ് പുരോഗമന ജനാധിപത്യവിശ്വാസികൾ ആഗ്രഹിക്കുന്നത്. എന്നാൽ, കേരളത്തെ മുഖ്യശത്രുക്കളായാണ‌് കേന്ദ്ര സർക്കാരും ബിജെപിയും കാണുന്നത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അങ്ങേയറ്റം ദുർബലപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. അതിനൊക്കെ നേരിട്ടും അല്ലാതെയും കോൺഗ്രസ് പിന്തുണ നൽകുന്നു.

വർഗീയതയ്ക്കെതിരായും മതനിരപേക്ഷ രാഷ്ടീയം സംരക്ഷിക്കാനുമുള്ള സമരത്തിൽ നായനാരുടെ സ്മരണ സകലർക്കും ആവേശം പകരുന്നതാണ്. 
ഈ അവസരത്തിൽ നായനാരുടെ സ്മരണ സമുചിതമായി ആചരിക്കാൻ മുഴുവൻ ജനാധിപത്യവിശ്വാസികളോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് പ്രസ‌്താവനയിൽ അഭ്യർഥിച്ചു.


പ്രധാന വാർത്തകൾ
 Top