18 May Tuesday

കോവിഡ്‌ വ്യാപനം അതിരൂക്ഷം; എറണാകുളം ജില്ലയിൽ ആശങ്ക

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

കോവിഡ്  നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി എറണാകുളം ബ്രോഡ്‍വേയിൽ എസിപി  എ ജെ തോമസിന്റെ നേതൃത്വത്തിൽ പൊലീസ് കച്ചവടക്കാർക്ക് നിർദേശങ്ങൾ നൽകുന്നു 


കൊച്ചി>ജില്ലയിൽ തുടർച്ചയായ രണ്ടാംദിവസവും കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നതോടെ ആശങ്കയും വർധിച്ചു. നീണ്ട ഇടവേളയ്ക്കുശേഷമാണ്‌ രോഗികളുടെ എണ്ണം ഇത്രയും എത്തുന്നത്. ജനുവരി 23നാണ് അവസാനമായി ജില്ലയിൽ രോഗികളുടെ എണ്ണം 1000 കടന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞ് നൂറിന്‌ അടുത്തെത്തിയിരുന്നു.

ഈ മാസം ആദ്യ ദിവസങ്ങളിൽ ശരാശരി 200നും 300നും ഇടയിലായിരുന്നു രോഗികളെങ്കിൽ കഴിഞ്ഞ രണ്ടുദിവസമായി വൻ വർധനയാണ്‌ ഉണ്ടായത്‌. കഴിഞ്ഞ ദിവസം 1,162 പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ വിഷുദിനത്തിൽ 1,226 പേർക്കാണ്‌ രോഗം പിടിപ്പെട്ടത്. നിലവിലെ സ്ഥിതി തുടർന്നാൽ വരുംദിവസങ്ങളിലും രോഗികളുടെ ഗ്രാഫ് ഉയരാനാണ്‌ സാധ്യത.

തൃക്കാക്കര മേഖലയിലാണ്‌ ഏറ്റവും കൂടുതൽപേർ രോഗികളായത്. ഇവിടെ 50 പേരിൽ രോഗം സ്ഥിരീകരിച്ചു. കിഴക്കമ്പലത്ത് 36 പേരും തൃപ്പൂണിത്തുറയിൽ 31 പേരും വെങ്ങോലയിൽ 29 പേരും എളങ്കുന്നപ്പുഴയിൽ 27 പേരും ഇടപ്പള്ളി, എടത്തല എന്നിവിടങ്ങളിൽ 25 പേർ വീതവും രോഗികളായി. 201 പേരാണ്‌ ബുധനാഴ്‌ച രോഗമുക്തി നേടിയത്‌. 

വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ  എണ്ണം 25,000ത്തിന്‌ അടുത്തെത്തി. ഏതാനും ആഴ്‌ചകൾക്കുമുമ്പ് ഇത്‌ പതിനായിരത്തിലും താഴെയെത്തിയിരുന്നു. ചുരുങ്ങിയ നാളുകൾക്കിടയിലാണ്‌ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും വർധിച്ചത്.കോവിഡ്‌ നിരക്ക്‌ ഉയർന്നതോടെ നിയന്ത്രണങ്ങളും കടുപ്പിച്ചു. എസിപി എ ജെ തോമസിന്റെ നേതൃത്വത്തിൽ പൊലീസ്‌ സംഘം ബ്രോഡ്‌വേയിലെ കടകളിൽ പരിശോധന നടത്തി. പല കടകളിലും സാനിറ്റൈസർ സൂക്ഷിക്കാത്തത്‌ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ അത്‌ നടപ്പാക്കാൻ കർശന നിർദേശം നൽകി. മാസ്‌ക്‌ ശരിയായ രീതിയിൽ ധരിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നതിനും വാക്‌സിൻ സ്വീകരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങളും പൊലീസ്‌ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top