15 May Saturday

നിയന്ത്രണങ്ങൾ കർശനമാക്കി ; രണ്ട് ദിവസത്തിനുള്ളിൽ 
31,000 പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021


ആലുവ
എറണാകുളം റൂറൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്. കോവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

മാസ്ക്‌ ധരിക്കാത്തവരെയും സാമൂഹ്യ അകലം പാലിക്കാത്തവരെയും കർശന നിയമനടപടിക്ക് വിധേയമാക്കും. വ്യാപാരസ്ഥാപനങ്ങളിൽ സാനിറ്റൈസർ ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധം നിർബന്ധമാക്കി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ അഞ്ച് സബ്ഡിവിഷനിലും പ്രത്യേക സ്ക്വാഡുകളും  പട്രോളിങ്‌‌ യൂണിറ്റുകളും പരിശോധ നടത്തും. 24 മണിക്കൂറും ഇവർ നിരത്തുകളിലുണ്ടാകും. പൊതുപരിപാടികളിൽ ഗവൺമെന്റ് നിർദേശിച്ച ആളുകളേ പങ്കെടുക്കുന്നുള്ളുവെന്ന് പൊലീസ് ഉറപ്പുവരുത്തും.

ഇതു ലംഘിക്കുന്നവർക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം നടപടി എടുക്കും. വാഹനങ്ങളിലും പരിശോധനയുണ്ടാകും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയശേഷം റൂറലിൽ 462 കേസുകൾ രജിസ്റ്റർ ചെയ്തു. 142 പേരെ അറസ്റ്റ് ചെയ്തു. പതിനൊന്നു വാഹനങ്ങൾ കണ്ടുകെട്ടി. മാസ്ക് ധരിക്കാത്ത 7343 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്ത 5905 പേർക്കെതിരെയും നടപടി സ്വീകരിച്ചതായി എസ്‌‌പി കാർത്തിക്‌ പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളിൽ 
31,000 പരിശോധന
കൊച്ചി
കോവിഡ് രോഗപ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേക കോവിഡ് പരിശോധന ക്യാമ്പയിൻ നടത്തും. രണ്ട് ദിവസങ്ങളിലായി 31,000 പരിശോധനകൾ നടത്തും. പൊതു, സ്വകാര്യ ആശുപത്രികൾക്കുപുറമേ സഞ്ചരിക്കുന്ന ലബോറട്ടറികളും ഇതിനായി സജ്ജമാക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത രാഷ്ട്രീയ പ്രവർത്തകർ, ജനക്കൂട്ടവുമായി ഇടപഴകിയ 45 വയസ്സിനുതാഴെയുള്ളവർ, 45 വയസ്സിനുമുകളിൽ വാക്സിനേഷൻ സ്വീകരിക്കാത്തവർ, കോവിഡ് രോഗികളുമായി നേരിട്ടും അല്ലാതെയും സമ്പർക്കത്തിൽ വന്നവർ, കണ്ടെയ്ൻമെന്റ് സോണുകൾ, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിലുള്ളവരും പരിശോധന മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുമെന്ന്‌ കലക്ടർ എസ് സുഹാസ് വ്യക്തമാക്കി. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരും ആശുപത്രി സന്ദർശിച്ചവരും പരിശോധന നടത്തണം. പൊതു, സ്വകാര്യ മേഖലകളിലുള്ള ആർടിപിസിആർ, ആന്റിജൻ ലബോറട്ടറി സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top