26 June Wednesday

കോൺഗ്രസ‌് പട്ടിക, ലീഗ‌്–-എസ‌്ഡിപിഐ ചർച്ച : യുഡിഎഫ‌് കുരുക്കിൽ

കെ ശ്രീകണ്‌ഠൻUpdated: Saturday Mar 16, 2019

തിരുവനന്തപുരം
ത്രിശങ്കുവിലായ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയും മുസ്ലീംലീഗ‌്–-എസ‌്ഡിപിഐ രഹസ്യ ചർച്ച വെളിച്ചത്തായതും യുഡിഎഫിന്റെ രാഷ‌്ട്രീയ നീക്കത്തിന‌് കനത്ത തിരിച്ചടിയായി. ഇടുക്കിയിൽ സ്വതന്ത്രനായി രംഗപ്രവേശത്തിനൊരുങ്ങിയ പി ജെ ജോസഫ‌് തീർത്തും പെരുവഴിയിലാണ‌്. കോൺഗ്രസിന്റെ രാഷ‌്ട്രീയ തന്ത്രങ്ങൾ ഓരോന്നായി പാളുകയാണ‌്. 

കോൺഗ്രസിന്റെ സ്ഥാനാർഥി ചർച്ച ഡൽഹിയിൽ  പുരോഗമിക്കുമ്പോഴാണ‌് കൊണ്ടോട്ടിയിൽ  ലീഗ‌്–-എസ‌്ഡിപിഐ നേതാക്കൾ രഹസ്യമായി ഒത്തുചേർന്നതിന്റെ തെളിവടക്കം പുറത്തുവന്നത‌്. മുസ്ലിംലീഗിനെ മാത്രമല്ല, യുഡിഎഫിനെയാകെ ഇത‌് പ്രതിരോധത്തിലാക്കി. ലീഗ‌്–എ-സ‌്ഡിപിഐ രഹസ്യ ചർച്ചയെകുറിച്ച‌് കോൺഗ്രസ‌് ഇതുവരെ പ്രതികരിച്ചിട്ടില്ല.  ഒരു വശത്ത‌് കോൺഗ്രസ‌് മൃദുഹിന്ദുത്വ സമീപനം പുലർത്തുമ്പോഴാണ‌് തീവ്രവാദ സംഘടനയുമായി കൈകൊർത്ത ലീഗ‌് രാഷ‌്ട്രീയം. എസ‌്ഡിപിഐയുമായി ഒരു ബന്ധവുമില്ലെന്ന‌് മുസ്ലിംലീഗ‌് ആവർത്തിച്ചു പറയുകയാണെങ്കിലും കൊണ്ടോട്ടിയിൽ അടച്ചിട്ട മുറിയിൽ എന്താണ‌് ചർച്ച ചെയ‌്തതെന്ന‌ ചോദ്യം കോൺഗ്രസിനെ വരുംനാളുകളിൽ വേട്ടയാടും.

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ശനിയാഴ‌്ച പുറത്തുവരുമെന്ന‌ാണ‌് രമേശ‌് ചെന്നിത്തല ഡൽഹിയിൽ പറഞ്ഞത‌്. പട്ടിക അപൂർണ്ണമായിരിക്കുമെന്ന സൂചനയും ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ പലവട്ടം ചർച്ച നടത്തിയെങ്കിലും മുതിർന്ന നേതാക്കൾ മത്സരിക്കണോ എന്നതിൽ പോലും തീർപ്പായിട്ടില്ല.

ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ എന്നിവർ മത്സരിക്കാനില്ലെന്ന‌് ആവർത്തിച്ച‌് പറയുമ്പോഴും ഇക്കാര്യത്തിൽ അവസാന വാക്ക‌് രാഹുൽ ഗാന്ധിയുടേതാണ‌്. ഒരു സ്ഥാനാർഥിയെ പോലും പരസ്യമായി പ്രഖ്യാപിക്കാതെയാണ‌് കേരളത്തിൽ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് തുടക്കമിട്ടത‌്. സ്ഥാനാർഥിയെ തീരുമാനിക്കാതെ തെരഞ്ഞെടുപ്പ‌് പ്രചാരണം കേരളത്തിൽ മുമ്പെങ്ങും കേട്ടുകേൾവി പോലുമില്ല.
ഉമ്മൻചാണ്ടിയെയും കെ സി വേണുഗോപാലിനെയും മുല്ലപ്പള്ളിയെയും മാറ്റി നിർത്തിയാൽ പകരം ആര‌് എന്നതാണ‌് കോൺഗ്രസിന‌് മുന്നിലുള്ള വെല്ലുവിളി. ആലപ്പുഴയിലെ സിറ്റിങ‌് എംപിയായ വേണുഗോപാൽ സുരക്ഷിത മണ്ഡലം തേടുകയാണ‌്. ഇടുക്കിയിലോ പത്തനംതിട്ടയിലോ ഉമ്മൻചാണ്ടി മത്സരിക്കണമെന്ന‌് കേരളത്തിലെ ചില നേതാക്കൾ കടുത്ത നിലപാട‌് എടുത്തിരിക്കുന്നു. ഹൈക്കമാൻഡ‌് ഇതുവരെ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ല. വടകര ഇനി ദുഷ്‌കരമാണെന്ന‌് മുല്ലപ്പള്ളിക്ക‌് നേരത്തേ തന്നെ ബോധ്യമായതാണ‌്. കെപിസിസി പ്രസിഡന്റ‌് പദം കിട്ടിയതിനാൽ അത‌് പറഞ്ഞ‌് വടകരയിൽ നിന്ന‌് തലയൂരാനുളള തന്ത്രമാണ‌് അദ്ദേഹം പുറത്തെടുത്തത‌്. പക്ഷെ വടകരയിലും , ആലപ്പുഴയിലും പകരം പേര‌് നിർദേശിക്കാൻ കഴിഞ്ഞിട്ടില്ല.

കേരള കോൺഗ്രസിലെ തമ്മിലടി തീർക്കാനുള്ള പോംവഴി എന്ന നിലയ‌്ക്കാണ‌് പി ജെ ജോസഫിനെ ഇടുക്കിയിൽ പൊതുസ്വതന്ത്രനായി അവതരിപ്പിക്കാൻ കോൺഗ്രസ‌് നേതൃത്വത്തിലെ ഒരു വിഭാഗം ആലോചിച്ചത്‌. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും വിശ്വസിച്ച‌് മാണിയുമായി ഏറ്റുമുട്ടിയ ജോസഫ‌് ഇപ്പോൾ പെരുവഴിയിലാണ‌്.

കോൺഗ്രസ‌് പട്ടിക ശനിയാഴ‌്ച പുറത്തുവന്നശേഷം നിലപാട‌് പ്രഖ്യാപിക്കാനിരിക്കുകയാണ‌് ജോസഫ‌്. അത‌് എന്തായാലും മാണിക്കെതിരെ ജോസഫിനെ മുന്നിൽ നിർത്തി കോൺഗ്രസ‌് നടത്തിയ കളിക്ക‌് കനത്ത തിരിച്ചടിയാണ‌ിപ്പോൾ കിട്ടിയത‌്. കേരള കോൺഗ്രസ‌് പിളർത്തി വരുന്ന ജോസഫിന‌് പരവതാനി വിരിക്കുന്നതിൽ കെ എം മാണിയും മകനും കടുത്ത അമർഷം കോൺഗ്രസ‌് നേതൃത്വത്തെ അറിയിച്ചു. ഇത‌് കൂടി കണക്കിലെടുത്താണ‌് ഇടുക്കിയിൽ ജോസഫിന്റെ പേര‌് വെട്ടിയത‌്.

സ്ഥാനാർഥിയാകാനുള്ള സന്നദ്ധത അറിയിച്ച‌് രംഗത്ത‌് വന്ന പി ജെ ജോസഫിന‌് മുന്നിൽ വഴിയടഞ്ഞുവെന്ന‌് ഉറപ്പായി. പി ജെ ജോസഫിനെ തലോടി മാണിയെ കൂടുതൽ ക്രുദ്ധനാക്കാൻ തൽക്കാലം കോൺഗ്രസ‌് മുതിരില്ല. മുന്നണി വിടില്ലെന്ന‌ ജോസഫിന്റെ ഉറപ്പ‌് എത്രത്തോളം നിലനിൽക്കുമെന്ന കാര്യത്തിലും കോൺഗ്രസിന‌് ആശങ്കയുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top