30 March Thursday

തീരദേശപരിപാലന നിയമത്തില്‍ ഇളവ് പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2017

തിരുവനന്തപുരം > മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തീരദേശ പരിപാലന നിയമത്തില്‍ (സിആര്‍ഇസഡ്) ഇളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് നിരവധിതവണ ആവശ്യപ്പെട്ടതായും ഇക്കാര്യത്തില്‍  അനുകൂലതീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍  അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ നിയോഗിച്ച ഡോ ഷൈലേസ് നായിക് സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുത്തിട്ടില്ല. നിലവിലെ നിയമപ്രകാരം മത്സ്യത്തൊഴിലാളികള്‍ ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നതായും അതിനാല്‍ വിജ്ഞാപനത്തില്‍ മാറ്റംവരുത്തേണ്ടത് അനിവാര്യമാണെന്നും എസ് ശര്‍മയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

1986ലെ പരിസ്ഥിതിസംരക്ഷണ നിയമപ്രകാരം 1991 ഫെബ്രുവരി 19നാണ് സിആര്‍ഇസഡ് നിയമം വന്നത്. കടല്‍, കായല്‍, നദി, തടാകം എന്നിവയുടെ നിശ്ചിതപരിധി സംരക്ഷിക്കുന്നതാണ് ഈ നിയമം.  അന്യായമായ കടന്നുകയറ്റവും അനിയന്ത്രിതമായ വികസനപ്രവര്‍ത്തനങ്ങളും തടയുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം. എന്നാല്‍, ഈ നിയമത്തോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പാര്‍പ്പിടം ഒരു വിഷയമായി ഉയര്‍ന്നു. ഇക്കാര്യം പലതവണ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഷൈലേക് നായികിനെ ചുമതലപ്പെടുത്തിയത്. 

ഈ വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്രം തീരദേശ എംപിമാരുടെ യോഗം വിളിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരും കേരളത്തിന്റെ വാദം ന്യായമാണെന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ സിആര്‍ഇസഡ് നിയമത്തില്‍ ഇളവ് നല്‍കി വിജ്ഞാപനം പുതുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top