05 April Sunday

കൊറോണ: സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍ ; ഡല്‍ഹിയിലുള്ള 115 മലയാളികളുടെയും ഫലം നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020


തിരുവനന്തപുരം
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2276 പേർ കൊറോണ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 2262 പേർ വീട്ടിലും 14 പേർ ആശുപത്രികളിലുമാണ്. 418 സാമ്പിളുകൾ എൻഐവിയിൽ പരിശോധിച്ചതിൽ 405 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. കാസർകോട്‌ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന, കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർഥിയെ രോഗം ഭേദമായതിനെത്തുടർന്ന്‌ വിട്ടയച്ചു.  തൃശൂരിലെ വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ചൈനയിലെ വൈറസ്‌ ബാധിത പ്രദേശങ്ങളിൽനിന്ന്‌ എത്തിച്ച്‌  ഡൽഹിയിലെ രണ്ട് ക്യാമ്പിലായി ഐസോലേഷനിൽ താമസിപ്പിച്ച 115 മലയാളികൾക്ക്‌ രോഗമില്ല. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന്‌ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഇവർ തിങ്കളാഴ്ച വൈകിട്ട്‌ മുതൽ വിവിധ ഘട്ടങ്ങളായി സംസ്ഥാനത്തേക്ക്‌ തിരിക്കും. സംസ്ഥാനത്ത്‌ എത്തിയശേഷവും 28 ദിവസം പൂർത്തിയാകുംവരെ ഇവർ വീടുകളിൽ ഐസോലേഷനിൽ തുടരും. സംശയ നിവാരണത്തിന് ജില്ലാ ആരോഗ്യ ഓഫീസുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത്‌ നിരീക്ഷണ ത്തിൽ കഴിഞ്ഞിരുന്ന 42 പേരെ കൂടി വിടുതൽ ചെയ്തു. വൈറസ്‌ ബാധ ഇല്ലെന്ന്‌ തെളിഞ്ഞതിനെ തുടർന്ന്‌ പരിഷ്‌കരിച്ച മാർഗരേഖ പ്രകാരമാണ്‌ ഒഴിവാക്കിയത്‌.


പ്രധാന വാർത്തകൾ
 Top