27 September Sunday

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

എസ്‌എഫ്‌ഐ സംസ്ഥാന കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം
ഭരണഘടനാമൂല്യങ്ങളെ തകർത്തെറിയുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന കൺവൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന വിദ്യാർഥിസമരങ്ങളെ കേന്ദ്രസർക്കാർ അടിച്ചൊതുക്കുകയാണ്‌.  കേന്ദ്രസർക്കാർ നിയമം പിൻവലിക്കുംവരെ അതിശക്തമായ വിദ്യാർഥിസമരങ്ങൾക്ക്‌ എസ്‌എഫ്‌ഐ നേതൃത്വം നൽകുമെന്നും പ്രമേയത്തിൽ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും വിദ്യാഭ്യാസമേഖലയിലെ വർഗീയ --സ്വകാര്യവൽക്കരണം ഒഴിവാക്കണമെന്നും കൺവൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. പാളയം അയ്യൻകാളി ഹാളിൽ നടന്ന കൺവൻഷൻ  എസ്‌എഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ വിദ്യാർഥി സമരങ്ങൾക്ക്‌ ലോകം സാക്ഷ്യംവഹിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും സമരവുമായി  തെരുവിലാണ്‌. രാജ്യത്തിന്റെ ചരിത്രം തിരുത്തുകയെന്ന വർഗീയവാദികളുടെ താൽപ്പര്യങ്ങൾക്കെതിരെ ചരിത്രബോധമുയർത്തിപ്പിടിച്ച്‌ സമരങ്ങൾക്ക്‌ നേതൃത്വം നൽകാൻ എസ്‌എഫ്‌ഐ മുൻപന്തിയിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌ സംഘടന കരട്‌ രേഖ അവതരിപ്പിച്ചു. അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി രഹ്‌ന സബീന എന്നിവർ സംസാരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top