29 February Saturday
രണ്ടാഴ്‌ചയ്‌ക്കിടെ 40 രൂപ വർധിച്ചു

എരിയുന്നു മുളകുവില ; സവാള വിലവർധനയ്ക്കു പിന്നാലെ വറ്റൽ മുളകിനും വിലയേറുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020


കൊല്ലം
ഉപഭോക്താക്കളെ നട്ടംതിരിച്ച സവാള വിലവർധനയ്ക്കു പിന്നാലെ വറ്റൽ മുളകിനും വിലയേറുന്നു. പിരിയനും പാണ്ടിക്കും രണ്ടാഴ്‌ചയ്‌ക്കിടെ കിലോ 40രൂപ വരെയാണ്‌ വർധിച്ചത്‌. ഒപ്പം ഇറക്കുമതി ചെയ്യുന്ന  പരിപ്പിനങ്ങൾക്ക്‌ തീവിലയാണ്‌. ഗ്രീൻപീസിന്‌ 35 രൂപയാണ്‌ വർധിച്ചത്‌. പൊതുവിപണിയിൽ സപ്ലൈകോയും കൺസ്യൂമർഫെഡും കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും വിലക്കയറ്റത്തിനു പരിഹാരമാകുന്നില്ല.

‌ആന്ധ്രയിലെ ഗുണ്ടൂരിൽനിന്നുള്ള എരിവുകൂടിയ പാണ്ടിമുളകിന്‌ മൊത്തവിപണിയിൽ രണ്ടാഴ്‌ചമുമ്പ്‌ 160 രൂപയായിരുന്നത്‌ 200 രൂപയായി. പിരിയൻമുളക്‌ വില 180ൽനിന്ന്‌ 220 രൂപയായി. കശ്‌മീരി പിരിയന്‌ 185ൽനിന്ന്‌ 215 രൂപയായും ഉയർന്നു.പീസ്‌ പരിപ്പിനും ഗ്രീൻപീസിനും 35 രൂപയ്ക്കടുത്താണ്‌ വർധിച്ചത്‌. 90 രൂപയായിരുന്ന ഡിയർ സ്‌പെഷ്യൽ ഉഴുന്നുപരിപ്പ്‌ കിലോയ്‌ക്ക്‌ 124 രൂപയായി. ഒരുചാക്ക്‌ മല്ലിക്ക്‌ (40 കിലോ) 100 രൂപ കൂടി. മൂന്നുമാസത്തിനിടെ പാംഓയിൽ മൊത്തവിപണിയിൽ പെട്ടിക്ക്‌ 600 രൂപയാണ്‌ കൂടിയത്‌. ഒരു കിലോയുടെ 40 കവറാണ്‌ ഒരു പെട്ടിയിലുള്ളത്‌. വെളിച്ചെണ്ണയ്‌ക്കും  സമാനരീതിയിലാണ്‌ വർധന. 

കേരളത്തിൽ വറ്റൽ മുളക്‌ കൂടുതലെത്തുന്നത്‌ ഗുണ്ടൂർ ജില്ലയിൽനിന്നാണ്‌. അവി‌ടെ  വിളവെടുപ്പ്‌ സമയമായിട്ടും വില വർധന അപ്രതീക്ഷിതമാണ്‌. വിളവിൽ കുറെയധികം മാറ്റിവയ്‌ക്കുന്നതാണ്‌ പെട്ടെന്നുണ്ടായ വിലവർധനയ്‌ക്കു കാരണമെന്ന്‌ കൊല്ലത്തുള്ള മൊത്തക്കച്ചവടക്കാർ പറയുന്നു.

സവാളവില പൊതുവിപണിയിൽ താഴ്‌ന്നിട്ടുണ്ട്‌.  55മുതൽ  60രൂപ വരെയാണ്‌ കിലോയ്ക്ക്‌. പുണെ, മേട്ടുപ്പാളയം, മധുര എന്നിവിടങ്ങളിൽനിന്നാണ്‌ സവാള എത്തുന്നത്‌. എന്നാൽ, ചെറിയ ഉള്ളിയുടെ വില  90ൽനിന്ന്‌ 120 രൂപയായി. അരി യഥേഷ്ടം റേഷൻകട, മാവേലിസ്റ്റോർ, സപ്ലൈകോ വഴി ലഭിക്കുന്നതിനാൽ അരിവില കാര്യമായി വർധിച്ചിട്ടില്ല.


പ്രധാന വാർത്തകൾ
 Top