04 July Saturday
മുൻവർഷത്തേക്കാൾ 4.63% കൂടുതൽ

നബാർഡ്‌ സംസ്ഥാന വായ്പാ സെമിനാർ : വായ്‌പാ സാധ്യത 1.52 ലക്ഷം കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

സ്വന്തം ലേഖകൻ
സംസ്ഥാനത്ത്‌ 2020–-21ൽ മുൻഗണനാ മേഖലകളിൽ 1,52,923.68 കോടി രൂപ വായ്‌പ നൽകാനാകുമെന്ന്‌ നബാർഡ്‌. മുൻവർഷത്തേക്കാൾ 4.63 ശതമാനം അധികമാണിത്‌. നബാർഡ്‌ സംഘടിപ്പിച്ച സംസ്ഥാന വായ്പാ സെമിനാറിൽ പുറത്തിറക്കിയ കേരള ഫോക്കസ്‌ പേപ്പറിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. വായ്‌പാ സാധ്യതയിൽ 48 ശതമാനവും കാർഷിക, അനുബന്ധ മേഖലകളിലാണ്‌–-73,582.48 കോടി രൂപ.

ജലവിഭവ മേഖലയിലെ വായ്പാ സാധ്യത 1,411.22 കോടിയാണ്‌. പ്ലാന്റേഷൻ ആൻഡ്‌ ഹോർട്ടികൾച്ചർ മേഖലയിൽ 6,148.27 കോടിയും മൃഗസംരക്ഷണമേഖലയിൽ 4921.25 കോടി രൂപയും ഫിഷറീസ് മേഖലയിൽ 756.36 കോടി രൂപയും. 28 ശതമാനം തുക സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്‌ (എംഎസ്‌എംഇ) നൽകാനാകും. ഈ രംഗത്തെ സംസ്ഥാനത്തിന്റെ സാധ്യത തിരിച്ചറിഞ്ഞാണ്‌ കൂടുതൽ തുക നൽകുന്നത്‌. 2017–-18ൽ 15,468 എംഎസ്‌എംഇകളാണ്‌ സംസ്ഥാനത്ത് ആരംഭിച്ചത്‌. 1249 കോടി രൂപയുടെ നിക്ഷേപവും അരലക്ഷത്തിലധികം തൊഴിലും ഇതുവഴി സൃഷ്ടിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ നടപ്പുവർഷം 42,626 കോടി രൂപയുടെ വായ്‌പാ സഹായം നൽകാനാകുമെന്നാണ്‌ പ്രതീക്ഷ. വിദ്യാഭ്യാസമേഖലയിൽ 5781.41 കോടിയും ഭവന നിർമാണത്തിന്‌ 22,992 കോടിയുമാണ്‌ വായ്‌പാ സാധ്യത.

സംസ്ഥാനത്തെ പുതിയ സാഹചര്യം വിലയിരുത്തി ഹൈടെക്‌  കൃഷിക്കാണ്‌ ഈവർഷത്തെ മുൻഗണന. ഐടി രംഗത്തെ കുതിപ്പും അനുയോജ്യ ഘടകമാണ്‌. ഇന്റർനെറ്റ്‌ അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ്‌ കേരളം. എല്ലാ വീട്ടിലും ഇന്റർനെറ്റ്‌ എന്ന ലക്ഷ്യം 2020ൽ കേരളം കൈവരിക്കും. 1548 കോടി രൂപ ചെലവഴിച്ച്‌ സംസ്ഥാനം നടപ്പാക്കുന്ന കെ ഫോൺ പദ്ധതിയിലൂടെ 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ്‌ നൽകാനാണ്‌ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഈ സാഹചര്യങ്ങൾ ഹൈടെക്‌ കൃഷിവ്യാപനത്തിന്‌ അനുയോജ്യമാകുമെന്നാണ്‌ നബാർഡിന്റെ വിലയിരുത്തൽ. കേരള ബാങ്ക്‌ രൂപീകരണം മികച്ച കാൽവയ്‌പാണെന്നും സെമിനാർ വിലയിരുത്തി.


പ്രധാന വാർത്തകൾ
 Top