21 February Friday

ഹൈടെക് സ്‌കൂളുകളിലേക്ക്‌ 16,500 ലാപ്‍‌ടോപ്പുകൂടി

സ്വന്തം ലേഖകൻ Updated: Thursday Jan 16, 2020

തിരുവനന്തപുരം > ഹൈടെക്കാക്കിയ സ്‌കൂളുകളിലെ ലാബുകളിലേക്ക്‌ 16,500 ലാപ്‍‌ടോപ്പുകൂടി നൽകും. എട്ടുമുതൽ 12വരെയുള്ള 45,000 ക്ലാസ് മുറി ഹൈടെക്കാക്കിയ സ്‌കൂളുകളിൽ ഇതുവരെ നൽ‌കിയ 1,17,723 ലാപ്‍‌ടോപ്പുകൾക്ക് പുറമെയാണിത്‌.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കിയ പദ്ധതിയിലാണിത്‌.   കംപ്യൂട്ടർ ലാബുകൾ നന്നായി സജ്ജീകരിച്ചതും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയതുമായ സ്കൂളുകളിൽ ആവശ്യകതയ്ക്കനുസരിച്ചാണ്‌ ഇവ അനുവദിക്കുകയെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ അൻവർ സാദത്ത് അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഗണിത പഠനത്തിന് മാത്‍സ് ലാബ്, ഫിസിക്സ് പഠനത്തിന് എക്സ്പൈസ് തുടങ്ങിയ പുതിയ സംവിധാനങ്ങൾകൂടി വരുന്നുണ്ട്‌. ഹൈസ്‌കൂൾ, -ഹയർ സെക്കൻഡറി, -വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ഉപകരണങ്ങളും ലാബ് സൗകര്യവും പങ്കുവയ്‌ക്കുന്ന വിദ്യാലയങ്ങൾക്കാണ്‌ ലാപ്‌ടോപ്പിന്‌ മുൻഗണന നൽകുക. ഇതിന്‌ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഐടി ഓഡിറ്റിന്റെയും തുടർ നടപടികളുടെയും പുരോഗതിയും വിലയിരുത്തും.

ഹൈടെക് സ്കൂൾ- ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ 99,141 സ്പീക്കർ, 68,609 പ്രൊജക്ടർ, 43,250 മൗണ്ടിങ്‌ കിറ്റ്‌, 23,098 സ്ക്രീൻ, 4,545 നാൽപ്പത്തിമൂന്ന് ഇഞ്ച് എൽഇഡി ടെലിവിഷൻ, 4611 മൾട്ടിഫങ്‌ഷൻ പ്രിന്റർ, 4,578 ഡിഎസ്എൽആർ ക്യാമറ, 4,720 എച്ച്ഡി വെബ്ക്യാം തുടങ്ങിയവയും സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾ സമേതം വെബ്‌പോർട്ടലിൽ ലഭ്യമാണ്‌. വിലാസം:   www.sametham.kite.kerala.gov.in

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി അവശേഷിക്കുന്ന 1,417 ക്ലാസ് മുറികളുള്ള 544 സ്കൂളിന്‌ ലാപ്‍‌ടോപ്പുകളും പ്രൊജക്ടറുകളും മൗണ്ടിങ്‌ കിറ്റുകളും 27 മുതൽ കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങൾ വഴി വിതരണംചെയ്യും. ഈ സ്കൂളുകളുടെ പട്ടിക www.kite.kerala.gov.in ലുണ്ട്‌. ഒരു ഡിവിഷനിൽ ഏഴ് കുട്ടികളിൽ താഴെയുള്ള പ്രൈമറി വിഭാഗത്തിലെ 1,359 സ്കൂളിലും കിഫ്ബി ധനസഹായത്തോടെ ഉപകരണങ്ങൾ ലഭ്യമാക്കാൻ മന്ത്രി സി രവീന്ദ്രനാഥ് നിർദേശിച്ചു. ഫെബ്രുവരിയിൽ  ഇതും പൂർത്തിയാക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top