20 February Wednesday

കേരളത്തിന്റെ വികസന പിന്നോക്കാവസ്ഥ മാറ്റും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

സിപിഐ എം കോട്ടപ്പടി ലോക്കൽ കമ്മിറ്റി മാനന്തേടത്ത് രാധാകൃഷ്ണന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം


ഗുരുവായൂർ
വികസനരംഗത്ത് കേരളത്തിന്റെ പിന്നോക്കാവസ്ഥ എൽഡിഎഫ് സർക്കാർ മാറ്റുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇതിനായി വ്യക്തമായ ലക്ഷ്യത്തോടെ സർക്കാർ പ്രവർത്തിക്കുന്നു. മുടങ്ങിക്കിടന്ന ഒട്ടേറെ വികസന പദ്ധതികൾ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം  പുനരുജ്ജീവിപ്പിച്ചു.

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ്  സർക്കാരിന്റെ ലക്ഷ്യമെന്ന് കോടിയേരി പറഞ്ഞു. സിപിഐ എം കോട്ടപ്പടി ലോക്കൽ കമ്മിറ്റി മാനന്തേടത്ത് രാധാകൃഷ്ണന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി.

ദേശീയ പാത വികസനം, ഗ്യാസ് പൈപ്പ് ലൈൻ എന്നിങ്ങനെ വികസനത്തിനുള്ള തടസ്സങ്ങൾ നീക്കി. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാക്കി. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം ഏറ്റെടുക്കാൻ പോവുകയാണ്.  കൊല്ലം ബൈപാസ് യാഥാർഥ്യമാക്കി. വികസന സംസ്ഥാനമായി കേരളം മാറുകയാണ്.  കേരളത്തിൽ ഒന്നും നടക്കില്ല എന്നായിരുന്നു പ്രചാരണം. എന്നാൽ എൽഡിഎഫ് സർക്കാർ  നടപ്പാക്കിയ പ്രവർത്തനങ്ങൾ മൂലം ഈ പേര് മാറി. ഐടി മേഖലയിലും വലിയ കുതിച്ചുചാട്ടമാണുള്ളത്.  ഇതിനാവശ്യമായ പദ്ധതികൾ എൽഡിഎഫ് സർക്കാർ നടപ്പാക്കുകയാണ്.

ദുർബലജനവിഭാഗങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുന്നു. വീടില്ലാത്തവർക്ക്  വീട് നൽകുന്നതിനുള്ള ലൈഫ് പദ്ധതി ഇതിനുള്ളതാണ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നു. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പട്ടികജാതി  വിഭാഗക്കാരെ പൂജാരിമാരായി നിയമിച്ചത് സാമൂഹ്യ നീതിയിലുള്ള  സർക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.

കേരളം നേരിടുന്ന  മാലിന്യപ്രശ്നം പരിഹരിക്കാൻ "ശുചിത്വകേരളം മാലിന്യവിമുക്ത കേരളം' എന്നിങ്ങനെ ബൃഹത്തായ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചത്. എല്ലാ പുഴകളും ജലസ്രോതസ്സുകളും മാലിന്യവിമുക്തമാക്കുകയാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top