11 September Wednesday

മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാലോചിതമായി നവീകരിക്കണം: ഡോ. ത്രിലോചന്‍ മൊഹാപത്ര

വെബ് ഡെസ്‌ക്‌Updated: Tuesday Jan 16, 2018

കൊച്ചി >  മത്സ്യമേഖലയില്‍ മുന്നറിയിപ്പ് സംവിധാനങ്ങളുടെ കൃത്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര കാര്‍ഷികഗവേഷണ വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഡോ. ത്രിലോചന്‍ മൊഹാപത്ര. സിഎംഎഫ്ആര്‍ഐ സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര സഫാരി സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന വിവിധ മുന്നറിയിപ്പ് സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഓരോസമയത്തും പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിനുപയോഗിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പുതിയ സാങ്കേതികവിദ്യ വരുന്നതിനനുസരിച്ച് നവീകരിക്കണം. കാലാവസ്ഥാമുന്നറിയിപ്പ്, മീനുകള്‍ കൂടുതല്‍ ലഭ്യമായ സ്ഥലങ്ങളുടെ പ്രവചനം, കടലിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് തുടങ്ങിയവ കാര്യക്ഷമമാക്കണം. സിഎംഎഫ്ആര്‍ഐ, ഇന്‍കോയിസ് എന്നീ സ്ഥാപനങ്ങളുടെ സംയുക്തശ്രമത്തില്‍ വികസിപ്പിച്ച 'എംകൃഷി' മൊബൈല്‍ ആപ്പ് മത്സ്യമേഖലയില്‍ ഏറെ പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജെ കെ ജെന അധ്യക്ഷനായി. ദേശീയ ബയോഡൈവേഴ്സിറ്റി അതോറിറ്റി ചെയര്‍പേഴ്സണ്‍ ഡോ. ബി മീനാകുമാരി, ലെസെ എച്ച് പെറ്റേഴ്സണ്‍, ഡോ. റോഡ്നി എം ഫോസ്റ്റര്‍, പ്രൊഫ. എന്‍ ആര്‍ മേനോന്‍, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍, സിഎംഎഫ്ആര്‍ഐയില്‍ ഫിഷറീസ് റിസോഴ്സസ് അസസ്മെന്റ് ഡിവിഷന്‍ മേധാവി ഡോ. ടി വി സത്യാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മുന്നൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി മത്സ്യ-ഭക്ഷ്യ-കാര്‍ഷിക മേളയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ അവസാന ദിനമായ ബുധനാഴ്ച രാവിലെ 10.30ന് നടക്കുന്ന ദുരന്തനിവാരണത്തെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മുഖ്യാതിഥിയാകും. കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം, കേരള ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരും ചര്‍ച്ചയില്‍ പങ്കെടുക്കും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top