13 August Thursday

വികസനം: യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷം ചെലവിട്ടതിന്റെ മൂന്നിരട്ടി എൽഡിഎഫ്‌ സർക്കാർ ചിലവിട്ടു

ജി രാജേഷ‌് കുമാർUpdated: Sunday Dec 15, 2019

മാന്ദ്യം മൂലം വരുമാനത്തിൽ 5200 കോടി കുറയും
തിരുവനന്തപുരം
എല്ലാ പ്രതിസന്ധികൾക്കുമിടയിലും സംസ്ഥാനം മുന്നേറുന്നത്‌ സാമ്പത്തിക സുസ്ഥിരത എന്ന ലക്ഷ്യത്തിലേക്ക്‌. ചെലവ്‌ ഉയർത്തി  മാന്ദ്യം മറികടക്കാനുള്ള ബദൽ ശ്രമങ്ങളാണ്‌ സർക്കാർ നടപ്പാകുന്നത്‌. വിവിധ മേഖലകളിലെ സർക്കാർവിഹിതം ഉയർത്തിയും വികസനപദ്ധതികൾക്ക്‌ ബജറ്റിനകത്തും പുറത്തും ഊന്നൽ നൽകിയുമുള്ള ധനമാനേജ്‌മെന്റാണ്‌ പിന്തുടരുന്നത്‌.

വികസനത്തിനൊപ്പം സാമൂഹ്യക്ഷേമത്തിനും വിഹിതം ഉറപ്പാക്കുന്നു. യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷം ചെലവിട്ടതിന്റെ മൂന്നിരട്ടിവരെ മൂന്നരവർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാർ നീക്കിവച്ചു. സാമ്പത്തിക ശാക്തീകരണത്തിനായി സ്വീകരിച്ച നടപടികളുടെ നല്ല ഫലമാണ്‌ റവന്യൂ, ധനകമ്മി കണക്കുകൾ വ്യക്തമാക്കുന്നത്‌. ധനകമ്മി ധന ഉത്തരവാദിത്തനിയമം അനുശാസിക്കുന്ന മൂന്നു ശതമാനത്തിലേക്ക്‌ എത്തുന്നു.

യുഡിഎഫ്‌ കാലത്ത്‌ മൊത്തചെലവിന്റെ  60 ശതമാനമായിരുന്നു ശമ്പളത്തിനും പെൻഷനുമായി നീക്കിവച്ചത്‌. മൂന്നുവർഷമായി ഇത്‌ 67 ശതമാനമായി. മുൻസർക്കാർ അംഗീകരിച്ചതും നടപ്പാക്കാത്തതുമായ ശമ്പളപരിഷ്‌കരണ കമീഷൻ ശുപാർശകൾ കുടിശ്ശിക സഹിതം ഈ സർക്കാർ വിതരണം ചെയ്‌തു.



 

കേന്ദ്രം നികുതിചോർച്ച തടയണം
യുഡിഎഫ്‌ കാലത്തെ  നികുതി വളർച്ചനിരക്കിൽനിന്ന്‌ കുതിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ തടസ്സപ്പെടുകയാണെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. ഈ വരുമാനത്തകർച്ചയിൽനിന്ന്‌ കരകയറാൻ മാന്ദ്യം തടസ്സമാകുന്നു. ജിഎസ്ടി നികുതി ചോർച്ച തടയുന്നതിന് സംവിധാനം ഒരുക്കാൻ കേന്ദ്രംത്തിനു കഴിയുന്നില്ല. വാർഷിക റിട്ടേണുകളുടെ തീയതി അനന്തമായി നീട്ടുന്നു. ഈ വർഷവും ജിഎസ്ടി നഷ്ടപരിഹാരപരിധിക്ക് മുകളിലേക്കുപോകാനാകില്ല. മൂല്യവർധിതനികുതിയുടെ കുടിശ്ശികയും ജിഎസ്‌ടി നഷ്ടപരിഹാരത്തിൽ തട്ടിക്കിഴിക്കുന്നു‐ഐസക്‌ പറഞ്ഞു.

ചെലവിൽ പിടിത്തമില്ല
യുഡിഎഫ്‌ കാലത്ത്‌ സർക്കാർ ചെലവിന്റെ വളർച്ചനിരക്ക്‌ 14 ശതമാനത്തിലും താഴെയാണ്‌. കഴിഞ്ഞ മൂന്നുവർഷത്തെ ഉയർച്ച 16 ശതമാനംവീതമാണ്‌. ഈവർഷം സെപ്തംബർവരെ വർധന 13 ശതമാനം. ഉയരുന്ന ചെലവിന്റെ ഗുണമേന്മയിലുണ്ടായ മാറ്റത്തിന്റെ പ്രതിഫലനമാണ്‌ കേരളത്തിന്‌ എല്ലാ മേഖലയിലുമുള്ള ദേശീയ അംഗീകാരങ്ങൾ. 


 

 

കേന്ദ്രം കുറച്ചത്‌ 6500 കോടി
കേരളത്തിന്‌ എടുക്കാവുന്ന വായ്‌പ കേന്ദ്രം വെട്ടിക്കുറച്ചത്‌ 6500 കോടി. കേന്ദ്രനികുതി വിഹിതത്തിൽ കുറയുന്നത്‌ 5600 കോടിയാണ്‌. ജിഎസ്‌ടി നഷ്ടപരിഹാരം വൈകിപ്പിക്കുന്നത്‌ 3200 കോടി. മാന്ദ്യംമൂലം സംസ്ഥാനത്തിന്റെ തനതുവരുമാനത്തിലുണ്ടാകാവുന്ന കുറവ്‌ 5200 കോടിയാണ്‌.

മൂലധന നിക്ഷേപം ഉയർന്നു
സംസ്ഥാനത്തിന്റെ മൂലധന നിക്ഷേപവും ഉയർന്ന നിലയിൽ. ബജറ്റിലൂടെയുള്ള മൂന്നുവർഷത്തെ മൂലധന ചെലവ് 35,000 കോടി. കിഫ്ബിവഴി 45,000 കോടിയുടെ മൂലധന മുതൽമുടക്കുകൂടി എത്തി.  80,000 കോടിയുടെ പദ്ധതികൾ നിർവഹണഘട്ടങ്ങളിലാണ്‌. കഴിഞ്ഞ 15 വർഷങ്ങളിൽ മൊത്തം ബജറ്റിൽനിന്നുള്ള മൂലധനമുടക്ക് 40,000 കോടിയിൽ താഴെ മാത്രം.

സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷൻ
സംസ്ഥാനത്ത്‌ 53,04,092 പേരാണ്‌ ക്ഷേമപെൻഷൻകാർ. പ്രതിമാസം 1200 രൂപ വച്ച്‌ മൂന്നര വർഷത്തിൽ വിതരണം ചെയ്‌തത്‌ 20,313.94 കോടി. യുഡിഎഫ്‌ കാലത്ത്‌ പെൻഷൻകാർ 34,43,414 മാത്രമായിരുന്നു. 600 രൂപ വീതം അഞ്ചുവർഷം നൽകിയത്‌ 8888 കോടി. കുടിശ്ശികയാക്കിയത്‌ 1437.67 കോടി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top