13 August Thursday

കേരള കോൺഗ്രസ്‌ തർക്കം : നിലപാട്‌ കടുപ്പിച്ച്‌ പി ജെ ജോസഫ‌്; വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌ ജോസ്‌ കെ മാണി

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019


സ്വന്തം ലേഖകന്‍
കേരള കോൺഗ്രസ‌് എം ചെയർമാനെ തെരഞ്ഞെടുക്കാനുള്ള വരണാധികാരിയെ തീരുമാനിച്ച‌് കേരള കോൺഗ്രസ‌് ജോസഫ‌് വിഭാഗം. തൊടുപുഴയിൽ വിളിച്ചു ചേർത്ത സംസ്ഥാന കമ്മിറ്റിയോഗത്തിലാണ‌് ഹൈക്കോടതി അഭിഭാഷകനായ സോജൻ ജയിംസിനെ വരണാധികാരിയായി നിശ്ചയിച്ചത‌്. സംസ്ഥാന കമ്മിറ്റി ഇതിന‌് അംഗീകാരവും നൽകി. വരണാധികാരിയുമായി ആലോചിച്ച് ചെയർമാനെ തെരഞ്ഞെടുക്കാനുള്ള കമ്മിറ്റി ചേരുന്നതിനുള്ള തീയതി തീരുമാനിക്കുമെന്നും പി ജെ ജോസഫ‌് അറിയിച്ചു.

സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ ഭൂരിഭാഗവും പങ്കെടുത്തതായി പി ജെ ജോസഫ‌് അവകാശപ്പെട്ടു. ജനറൽ സെക്രട്ടറി ജോയി അബ്രഹാമിന്റെ അധ്യക്ഷതയിൽ തൊടുപുഴ മാടപ്പറമ്പിൽ റിസോർട്ടിലായിരുന്നു യോഗം. മുതിർന്ന നേതാവ‌് സി എഫ‌് തോമസ‌് അനാരോഗ്യം മൂലം പങ്കെടുത്തില്ല.

പാർടിയിലെ വെറും സെക്രട്ടറി മാത്രമായ സ്റ്റീഫൻ ജോർജാണ‌് കോട്ടയത്ത‌് ജോസ‌് കെ മാണി വിഭാഗത്തിന്റെ യോഗം വിളിച്ചതെന്ന്‌ സംസ്ഥാനകമ്മിറ്റി യോഗത്തിൽ ജോസഫ്‌ പറഞ്ഞു.  യോഗത്തിൽ പങ്കെടുത്തവരുടെ ചിത്രം പുറത്തുവിടാനും അദ്ദേഹം വെല്ലുവിളിച്ചു. അച്ചടക്കലംഘനം തുടരുന്നവർക്ക‌് എതിരെ നടപടിയുണ്ടാവും. സന്ധി സംഭാഷണങ്ങളൊന്നും ഇനിയില്ലെന്നും ജോസഫ‌് പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പിലടക്കം സ്ഥാനാർഥിയെ നിർത്താൻ ജോസ് കെ മാണിക്കും അവകാശമുണ്ട്. അവർ നിർത്തട്ടെ. ജോസ് വിഭാഗത്തിനൊപ്പം ചേർന്ന് പാർടിവിരുദ്ധ നിലപാട് സ്വീകരിക്കുന്ന തോമസ് ചാഴികാടൻ എംപിക്കും എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർക്ക് എതിരായ നടപടിയെക്കുറിച്ച് സംസ്ഥാന കമ്മിറ്റി ആലോചിക്കും. ചങ്ങനാശേരി നഗരസഭയിൽ കോൺഗ്രസ് പിന്തുണയോടെ ജോസ് വിഭാഗത്തിലെ ചെയർമാനെ പുറത്താക്കാൻ അവിശ്വാസം കൊണ്ടുവരുമെന്നും ജോസഫ്‌ അറിയിച്ചു.

കേരളകോൺഗ്രസിലെ എല്ലാ സീറ്റിലും മൽസരിക്കും: ജോസ്‌ കെ മാണി
കോട്ടയം
കേരള കോൺഗ്രസ്‌ എമ്മിലെ പോരിൽ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന നിലപാടുമായി ജോസ്‌ കെ മാണി വിഭാഗം.  തദ്ദേശ സ്ഥാപന  തെരഞ്ഞെടുപ്പിൽ കഴിഞ്ഞ കേരളകോൺഗ്രസ്‌ എം മത്സരിച്ച മുഴുവൻ സീറ്റിലും സ്ഥാനാർഥിയെ നിർത്തുമെന്ന്‌ ജോസ്‌ കെ മാണി മുന്നറിയിപ്പ്‌ നൽകി.   പാർടി സജീവമാക്കാൻ ആറുമാസത്തെ കർമ പരിപാടിക്ക്‌ കോട്ടയത്ത്‌ ചേർന്ന സംസ്ഥാന കമ്മിറ്റി രൂപംനൽകി.

ജോസഫ്‌ വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റിയിൽ നാനൂറോളം സീറ്റും ഒഴിഞ്ഞു കിടക്കുകയാണെന്നും  അദ്ദേഹം പരിഹസിച്ചു. ചെയർമാനെ നേരത്തെ തെരഞ്ഞെടുത്തതിനാൽ സംഘടനാകാര്യങ്ങൾ ചർച്ച ചെയ്യാനാണ്‌ സംസ്ഥാന കമ്മിറ്റി ചേരുന്നതെന്നാണ്‌ ജോസ്‌ വിഭാഗത്തിന്റെ നിലപാട്‌. എന്നാൽ ഭൂരിപക്ഷം അംഗങ്ങളും തങ്ങൾക്കൊപ്പമെന്ന്‌ തെളിയിക്കാൻ  ലക്ഷ്യമിട്ടാണ്‌, ജോസഫ്‌ യോഗം വിളിച്ച അതേദിവസം  യോഗം ചേർന്നത്‌. സിഎസ്‌ഐ റിട്രീറ്റ്‌ സെന്ററിൽ ചേർന്ന യോഗത്തിൽ  311 സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പങ്കെടുത്തതായി ജോസ്‌ വിഭാഗം അവകാശപ്പെട്ടു. ഔദ്യോഗിക പാർടി ഏതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനിക്കട്ടെ എന്ന നിലപാട്‌ ആവർത്തിച്ച ജോസ്‌ കെ മാണി, പി ജെ ജോസഫിനെതിരെ രൂക്ഷമായ ആരോപണങ്ങളും ഉന്നയിച്ചു.  പിളർപ്പ്‌ ഉറപ്പായതോടെ വിവിധ ജില്ലകളിലെ പ്രവർത്തകരെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ്‌ ജോസ്‌ വിഭാഗം. പ്രാദേശിക നേതാക്കളടക്കം ജോസഫ്‌ പക്ഷത്തേക്ക്‌ പോകാനുള്ള സാധ്യത മുന്നിൽകണ്ടാണ്‌ ഈ നീക്കം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top