കൊച്ചി
‘നന്നായി പഠിച്ച് മനുഷ്യ സ്നേഹമുള്ളവരായി വളരണം. ഇന്നത്തെ വിദ്യാഭ്യാസ രീതി വളരെ നല്ലതാണ്. പഴയ സ്കൂൾ കാലത്തെ പീഡനമൊന്നും ഇല്ലല്ലോ.’ ശിശുദിനത്തിൽ തന്നെ കാണാൻ എത്തിയ കുട്ടികളോട് തലമുറകളുടെ അധ്യാപകൻ പ്രൊഫ. എം കെ സാനുവിന്റെ വാക്കുകൾ. ശമ്പളം കിട്ടുമ്പോൾ മിഠായിയുമായി ക്ലാസിൽ എത്തിയിരുന്ന സുഗതൻ മാഷിനെയും ചൂരൽ വടിയുമായി ക്ലാസിൽ എത്തി
യിരുന്ന അധ്യാപകരെയും അദ്ദേഹം പേരെടുത്ത് ഓർമിച്ചു. അരമണിക്കൂറോളം മാഷ് കുട്ടികളുമായി സംവദിച്ചു. ‘വിദ്യാലയം പ്രതിഭകളിലേക്ക്’ പരിപാടിയുടെ
ഭാഗമായി ശിശുദിനത്തിൽ എറണാകുളം ഗവ. ഗേൾസ് എൽപി സ്കൂൾ, ഗവ. ഗേൾസ് യുപി സ്കൂൾ വിദ്യാർഥിനികളാണ് എം കെ സാനുവിനെ സന്ദർശിക്കാൻ എത്തിയത്.
അസം സ്വദേശിനിയും ഗവ. യുപി സ്കൂളിലെ വിദ്യാർഥിനിയുമായ അഭി അലവും കൂട്ടുകാർക്കൊപ്പം സാനുമാഷിനെ പൊന്നാടയണിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ–-ഓർഡിനേറ്റർ ജോർജ് ബാസ്റ്റിൻ, ആർഡിഡി കെ ശകുന്തള, എറണാകുളം എഇഒ എ എസ് അൻസലാം, ഗവ. ഗേൾസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ടി വി പീറ്റർ, പിടിഎ പ്രസിഡന്റ് - ഡോ. സുമി ജോയി ഓലിയപ്പുറം, സി എ സൗമിനി, ആർ ഗിരീഷ്കുമാർ, ടി എസ് ആഷ, സി എം സുനീർ എന്നിവരും കുട്ടികളെ അനുഗമിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘വിദ്യാലയം പ്രതിഭകളിലേക്ക്’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. വിദ്യാർഥികളുടെ ചെറുസംഘം അധ്യാപകരോടൊന്നിച്ച് സ്കൂളിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന ശാസ്ത്ര-, കല-–-കായിക,- സാഹിത്യരംഗത്തെ പ്രതിഭകളെ സന്ദർശിച്ച് ആദരവർപ്പിക്കുന്ന പദ്ധതിയാണിത്. കുട്ടികൾക്ക് പാഠപുസ്തകത്തിന് പുറത്തുള്ള പുതിയ അനുഭവം നൽകുക എന്നതാണ് ലക്ഷ്യം. സ്കൂളിലെ ജൈവ ഉദ്യാനത്തിൽനിന്നുള്ള പൂവാണ് വിദ്യാർഥികൾ സന്ദർശിക്കുന്ന പ്രമുഖ വ്യക്തിക്ക് ഉപഹാരമായി നൽകുന്നത്. ഇവരുമായി വിദ്യാർഥികൾ സംവദിക്കും. ഐടി അറ്റ് സ്കൂളിന്റെ സഹകരണത്തോടെ ഇത് ഡോക്യുമെന്റാക്കും. ഉപജില്ല, -ജില്ല, -സംസ്ഥാന തലങ്ങളിൽ മികച്ച ഡോക്യുമെന്റിന് സമ്മാനങ്ങളും നൽകും. 28നകം ജില്ലയിലെ 858 വിദ്യാലയങ്ങളിലും പരിപാടി പൂർത്തിയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..