20 March Wednesday

ശബരിമലയിൽ ദളിത‌് മേൽശാന്തി വേണം: വെള്ളാപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

ശബരിമലയിൽ ദളിതൻ മേൽശാന്തിയാകണമെന്നത‌് സ്വപ‌്നം മാത്രമാകില്ലെന്നും അതിനുള്ള പരിശ്രമം എസ‌്എൻഡിപി യോഗം ഏറ്റെടുക്കുമെന്നും നറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊച്ചിൻ ദേവസ്വംബോർഡിൽ നിയമനം ലഭിച്ച അബ്രാഹ്മണശാന്തിമാർക്ക‌് ശ്രീനാരായണ വൈദികവേദി നൽകിയ സ്വീകരണം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളചരിത്രം വരേണ്യവർഗ ചൂഷണത്തിനും അടിച്ചമർത്തലുകൾക്കുമെതിരായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള പോരാട്ടത്തിന്റേതാണ‌്. ക്ഷേത്രങ്ങളിൽ ആധിപത്യം സ്ഥാപിക്കാനും നിലനിർത്താനുമുള്ള ശ്രമമാണ‌് ശബരിമലയെയും ആത്മീയതയെയും വിശ്വാസത്തെയും ആയുധമാക്കി രണ്ടാം വിമോചനസമരം ആഗ്രഹിക്കുന്നവർ നടത്തുന്നത‌്. 

അധഃസ്ഥിത–- -പിന്നോക്ക ജനവിഭാഗങ്ങൾ ചവിട്ടേൽക്കാനും തൊഴാനും മാത്രമുള്ളവരെന്നത‌് തിരുത്തിക്കുറിക്കാനാണ‌് പൂർവികർ പരിശ്രമിച്ചത‌്. ആചാരങ്ങളുടെയും ദൈവനിശ്ചയങ്ങളുടെയും പേരിലാണ‌് അധഃസ്ഥിതരെയും പിന്നോക്കക്കാരെയും അകറ്റിയതും അടിമകളാക്കിയതും. വരേണ്യവർഗത്തിന്റെ തന്ത്രമാണ‌് ഇതിനെല്ലാം പിന്നിൽ.

ശബരിമല സ‌്ത്രീപ്രവേശനത്തിലെ സ‌ുപ്രീംകോടതിവിധി സർക്കാരിനെതിരെ ആയുധമാക്കുന്നതിലും ഈ തന്ത്രമാണ‌്. വേഗത്തിൽ വിശ്വാസികളെ സർക്കാരിനെതിരെ അണിനിരത്താനുള്ള ആയുധമാണ‌് വിശ്വാസവും നാമജപവും.

1957ലെ കമ്യൂണിസ‌്റ്റ‌് സർക്കാരിനെതിരെ പ്രയോഗിച്ചതും ഈ തന്ത്രമാണ‌്. ഭൂപരി‌ഷ‌്കരണവും വിദ്യാഭ്യാസ പരിഷ‌്കാരവും നടപ്പാക്കിയത‌് വരേണ്യവർഗത്തിന‌് ഇഷ്ടപ്പെടാതായപ്പോഴാണ‌് സമരം സംഘടിപ്പിച്ചതും സർക്കാരിനെ പരിച്ചുവിട്ടതും. എസ‌്എൻഡിപി യോഗം നേതാവ‌് ആർ ശങ്കറിനെ കെപിസിസി പ്രസിഡന്റാക്കി സമരംന യിച്ചത‌് പിന്നോക്കക്കാരുടെ പിന്തുണ നേടാനായിരുന്നു. പക്ഷെ, തുടർന്ന‌് അദ്ദേഹത്തിന‌് മുഖ്യമന്ത്രിപദം നൽകാതെ വരേണ്യവർഗം തന്ത്രപരമായി കളിച്ചു. പിൽക്കാലത്ത‌് മുഖ്യമന്ത്രിയായ ആർ ശങ്കറിനെ മുട്ടുന്യായംപറഞ്ഞ‌് പുറത്താക്കി.

ഈ ചരിത്രം അറിയാത്ത പുതുതലമുറയെ വിശ്വാസത്തിന്റെ പേരിൽ അണിനിരത്തി രാഷ‌്ട്രീയ മുതലെടുപ്പിനാണ‌് ശ്രമം. ബിജെപിയും കോൺഗ്രസും ഇക്കാര്യത്തിൽ ഒന്നിച്ചു. സുപ്രീംകോതിവിധി നടപ്പാക്കുകയെന്ന കടമയാണ‌് പിണറായി സർക്കാർ നിറവേറ്റുന്നത‌്. വിധി നിയമപരമായി ചോദ്യംചെയ്യുന്നതിന‌് പകരം സമരവുമായി ഇറങ്ങിയതിന‌് പിന്നിൽ ഭക്തിയല്ല, വരേണ്യവർഗ രാഷ‌്ട്രീയമാണ‌്. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന സർക്കാർ നിലപാട‌് ഭരണഘടനാപരമാണ‌്.

എന്നിട്ടും സർക്കാരിനെതിരെ സമരംചെയ്യുന്നവരുടേത‌് ഭക്തിയല്ലായെന്ന‌് ശബരിമലയിലെ കലാപനീക്കം തെളിയിച്ചു. സ‌്ത്രീകളുടെ പ്രായവും ഇരുമുടിക്കെട്ടും പരിശോധിച്ചത‌് ശബരിമലയിലെ ശാന്തിയും സമാധാനവും തകർക്കാനാണ‌്. പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ തീരുമാനം വന്നിട്ടും സമരക്കാർ പിന്തിരിയാൻ തയ്യാറാകാത്തത‌് അവരുടെ രാഷ‌്ട്രീയ ലക്ഷ്യമാണ‌് ആവർത്തിക്കുന്നത‌്.  ക്ഷേത്രപ്രവേശന വിളംബരം 82 വർഷം പിന്നിട്ടെങ്കിലും യഥാർഥ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. അബ്രാഹ്മണരെ പ്രധാനപ്പെട്ട ഒരുക്ഷേത്രത്തിലും പൂജാരിയാക്കിയിട്ടില്ല.

ക്ഷേത്രത്തിൽ ദൈവദശകം ആലപിച്ച സ‌്ത്രീയെ തല്ലിയതിനും അബ്രാഹ്മണശാന്തിയെ ക്ഷേത്രത്തിൽ കയറ്റാതിരുന്നതിനും തൊട്ടുകൂടായ‌്മ നിലനിൽക്കുന്നതിനും എതിരെ ശബ്ദിക്കാൻ ഹിന്ദുക്കളെ കണ്ടില്ല. കൊച്ചിൻ ദേവസ്വത്തിൽ പിന്നോക്കക്കാരെ ശാന്തിമാരാക്കിയ ബോർഡിനെയും സർക്കാരിനെയും അഭിനന്ദിക്കുന്നു–- വെള്ളാപ്പള്ളി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top