05 August Wednesday

വരൂ, വികസനത്തിന്‌ നമുക്കൊന്നിച്ചിറങ്ങാം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


കൊച്ചി
ഒരു ചെറിയ മഴവന്നാൽ വെള്ളക്കെട്ടിൽ മുങ്ങുന്ന ദുരവസ്ഥയെക്കുറിച്ചാണ് ഉദയനഗറിയിലെയും കമ്മട്ടിപ്പാടത്തെയും നിവാസികൾക്ക് എൽഡിഎഫ് സ്ഥാനാർഥി മനുറോയിയോട് പറയാനുണ്ടായിരുന്നത്.  പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും ജനങ്ങളെ ഉൾപ്പെടുത്തിയുള്ള വികസനമാണ് തന്റെ ലക്ഷ്യമെന്നും അഡ്വ. മനുറോയിയുടെ ഉറപ്പ്. തിരുവനന്തപുരം നഗരസഭയിൽ മേയർ വി കെ പ്രശാന്ത് ജനങ്ങൾക്കൊപ്പംനിന്ന് നടത്തുന്ന വികസനത്തെക്കുറിച്ച് പറഞ്ഞ നിവാസികൾ കൊച്ചിയുടെ പിന്നോട്ടുപോക്കിനെക്കുറിച്ച് ആകുലത പ്രകടിപ്പിച്ചു. എൽഡിഎഫിന്റെ വിജയത്തിനായ് പ്രചാരണം നടത്തുമെന്ന ഉറപ്പും അവർ അഡ്വ. മനുറോയിക്ക് നൽകി.

തിങ്കളാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണം കടവന്ത്ര ഗാന്ധിനഗർ ഉദയനഗർ കോളനിയിൽനിന്ന്‌ ആരംഭിച്ചു. വോട്ട് അഭ്യർഥിച്ച് കമ്മട്ടിപ്പാടത്തെത്തിയ മനു റോയി, നടൻ വിനായകന്റെ അമ്മയെക്കണ്ട് അനുഗ്രഹം വാങ്ങി. ശേഷം തേവര കോന്തുരുത്തി പള്ളിയുടെ പരിസരത്തെ വീടുകളിലെത്തി വോട്ട് ചോദിച്ചു. ഉച്ചയ്ക്കുശേഷം തുറന്ന വാഹനത്തിലുള്ള പൊതുപര്യടനം ഗാന്ധിനഗറിലെ കരിത്തല കോളനിയിൽനിന്ന് ആരംഭിച്ചു. എൽഡിഎഫ് എറണാകുളം ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. കെ കെ ദിലീപ് അധ്യക്ഷനായി. കൗൺസിലർ പൂർണിമ നാരായൺ സംസാരിച്ചു.

കരിത്തല കോളനിയിൽനിന്ന് സ്വീകരണം ഏറ്റുവാങ്ങിയ സ്ഥാനാർഥി കർഷക റോഡ്, ഇന്ദിരഗാന്ധി സഹകരണ ആശുപത്രിപരിസരം, മാതാ ചർച്ച് റോഡ്, ചെമ്മാത്ത് റോഡ്, ഗാന്ധിനഗർ ജങ്ഷൻ, കമ്മട്ടിപ്പാടം, ഉദയാകോളനി എന്നിവിടങ്ങളിലും വില്ലിങ്‌ടൺ ഐലൻഡിലും വാത്തുരുത്തിയിലും പെരുമാനൂരിൽ അഴീക്കോടൻ മന്ദിരം, കണ്ണാർക്കാട്ടുപറമ്പ്, കുരിശുപള്ളി റോഡ്, മണികണ്ഠൻ ഓട്ടോമൊബൈൽസ് പരിസരം, അറ്റ്‌‌ലാന്റിസ്, റെഡ്ഷൈൻ കോളനി, കസ്തൂർബാ നഗർ, ചാക്കോള ജങ്‌ഷൻ, ചക്കാലക്കൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. നാട്ടുകാരും എൽഡിഎഫ് പ്രവർത്തകരും ചേർന്ന് ആവേശകരമായ സ്വീകരണമാണ് സ്ഥാനാർഥിക്ക് നൽകിയത്.
കൃഷിമന്ത്രി വി എസ് സുനിൽകുമാർ പങ്കെടുത്ത എറണാകുളം സെൻട്രൽ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ കുടുംബയോഗങ്ങളിലും ഗൃഹസന്ദർശനങ്ങളിലും  മനു റോയി എത്തി.  ഉച്ചയ്‌ക്കുശേഷം ചേരാനല്ലൂർ പഞ്ചായത്തിലെ റസിഡൻസ് അസോസിയേഷനുകളുടെ അപെക്‌സ് കൗൺസിൽ ഭാരവാഹികളുമായി ചർച്ച നടത്തി.

വൈകിട്ട് മണ്ഡലത്തിൽ വിവിധയിടങ്ങളിലായി നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്തു. അഡ്വ. മനു റോയിക്കായി വോട്ട് അഭ്യർഥിച്ച് യുവജനങ്ങളും രംഗത്തിറങ്ങി. എൽഡിവൈഎഫിന്റെ നേതൃത്വത്തിൽ  മണ്ഡലത്തിലെ 135 ബൂത്തുകളിലും വീടുകൾ കയറി സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിക്കും. ബുധനാഴ്ച കലൂർ 108–--ാം ബൂത്തിൽ യുവജന സ്‌ക്വാഡ് പ്രവർത്തനങ്ങൾക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നേതൃത്വം നൽകി. എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ്, സംസ്ഥാന കമ്മിറ്റി അംഗം എൻ ജി സുജിത്കുമാർ, ജില്ലാ കമ്മിറ്റി അംഗം ആദർശ് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top