25 May Monday

ഇനി ആറുനാൾ: മഞ്ചേശ്വരത്ത്‌ പരക്കുന്നു, പാലാമണം

ജയകൃഷ്‌ണൻ നരിക്കുട്ടിUpdated: Tuesday Oct 15, 2019

മഞ്ചേശ്വരം > മഞ്ചേശ്വരത്ത്‌ അനായാസ വിജയം എന്നു പറയാൻ യുഡിഎഫിന്റെ കൈയിൽ ഇതുവരെ ഒരു രേഖയുണ്ടായിരുന്നു. ബിജെപിയുടെ കൈയിലാകട്ടെ വേറൊരു കണക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ മഞ്ചേശ്വരത്ത്‌ ലഭിച്ച 11,113 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു യുഡിഎഫിന്‌ പ്രതീക്ഷ നൽകിയത്‌. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ പരാജയപ്പെട്ടത്‌  89 വോട്ടിന്‌ മാത്രമെന്നതായിരുന്നു ബിജെപിയുടെ ആത്മവിശ്വാസം. അതുവച്ച്‌ വിജയം പ്രവചിച്ചവരൊക്കെ മാറിച്ചിന്തിച്ചു തുടങ്ങി. എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളിയവർ മഞ്ചേശ്വരം പാലായാകുമോ എന്നും ചോദിച്ചുതുടങ്ങി. 

അധ്യാപകൻ, യക്ഷഗാന കലാകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നിങ്ങനെ ബുഹുമുഖ പ്രതിഭയായ എം ശങ്കർ റൈ എൽഡിഎഫ്‌ സ്ഥാനാർഥിയായതോടെ മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിലേക്കാണ്‌ മാറിയത്‌.  സപ്‌ത ഭാഷകളുടെയും വൈവിധ്യമാർന്ന സംസ്‌കാരങ്ങളുടെയും നാടാണ്‌ മഞ്ചേശ്വരം. മലയാളത്തേക്കാൾ തുളുവും കൊങ്ങിണിയും ബ്യാരിയും കന്നഡയും ഉറുദുവും മറാഠിയും സംസാരിക്കുന്നവർ. എല്ലാവരെയും ഒരുപോലെ അഭിമുഖീകരിക്കാൻ കഴിയുന്ന വ്യക്തിത്വത്തിന്‌ സ്വീകാര്യതയേറുന്നതും സ്വാഭാവികം. കണക്കുകൾ നൽകിയ പ്രതീക്ഷകൾക്ക്‌ മങ്ങലേറ്റതോടെ യുഡിഎഫും ബിജെപിയും ഒരുപോലെ അങ്കലാപ്പിലാണ്‌. 

അതുകൊണ്ടുതന്നെ വർഗീയ കാർഡിറക്കിയാണ്‌ ഇരു മുന്നണികളുടെയും കളി. ശബരിമല വിഷയം ഏശാതായപ്പോൾ കോൺഗ്രസ്‌ നേതാക്കളുടെ ആക്രമണം സ്ഥാനാർഥിക്കു നേരെയായി. ചെന്നിത്തലയും മുല്ലപ്പള്ളിയുമായിരുന്നു മുന്നിൽ. ശങ്കർ റൈയെ കപടഹിന്ദു എന്നടക്കം ചെന്നിത്തല  അധിക്ഷേപിച്ചു.  അറബി–- ഉറുദു പാട്ടുകളും  യക്ഷഗാനവും ഒരുപോലെ  ഹൃദ്യസ്ഥമാക്കിയ ശങ്കർ റൈയെ അറിയുന്ന ജനങ്ങൾ  ആരോപണം തള്ളിക്കഴിഞ്ഞു.  

മുസ്ലിംലീഗിൽ സ്ഥാനാർഥിയെച്ചൊല്ലി പൊട്ടിപ്പുറപ്പെട്ട അഭ്യന്തര കലാപത്തിനൊടുവിലാണ്‌ ജില്ലാ പ്രസിഡന്റ്‌ എം സി ഖമറുദ്ദീന്‌ നറുക്ക്‌ വീണത്‌. എങ്കിലും കനലുകൾ അണഞ്ഞിട്ടില്ല. അന്തരിച്ച മുൻ എംഎൽഎ അബ്ദുൾ റസാഖിന്റെ സഹോദരൻ തന്നെ എൽഡിഎഫിനായി പരസ്യമായി പ്രചാരണരംഗത്തുണ്ട്‌.

ബിജെപിയിൽ സ്ഥാനാർഥിക്കുപ്പായമിട്ട ജില്ലാ പ്രസിഡന്റിനെ ഒഴിവാക്കിയാണ്‌ രവീശ തന്ത്രിയെ ആർഎസ്‌എസ്‌ സ്ഥാനാർഥിയാക്കിയത്‌. ജില്ലയിലെ ബിജെപിയിലെ അസ്വാരസ്യം മറികടക്കാൻ,  കർണാടക പ്രസിഡന്റ്‌ നളിൻകുമാർ കട്ടീലിനെയാണ്‌ ആർഎസ്‌എസ്‌ പ്രചാരണത്തിന്റെ ചുക്കാൻ ഏൽപിച്ചത്‌. സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളാണ്‌ എൽഡിഎഫ്‌ ചർച്ചയാക്കുന്നത്‌. മഞ്ചേശ്വരം മണ്ഡലത്തിന്‌ ഒരു വർഷക്കാലം ജനപ്രതിനിധിയെ  ഇല്ലാതാക്കിയത്‌ ബിജെപി നേതാവ്‌ കെ സുരേന്ദ്രൻ നടത്തിയ കോടതി വ്യവഹാരങ്ങളായതിനാൽ  വികസനത്തെക്കുറിച്ച്‌ അവർ മിണ്ടുന്നില്ല.  യുഡിഎഫും ബിജെപിയും തമ്മിലാണ്‌  മഞ്ചേശ്വരത്ത്‌ മത്സരം എന്ന യുഡിഎഫിന്റെ പ്രചാരണ തന്ത്രവും പൊളിയുകയാണ്‌. ഇത്‌  ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാനുള്ള വർഗീയതയിൽ പൊതിഞ്ഞ സയനൈഡാണെന്ന്‌ വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

പി ബി അബ്ദുൾ റസാഖ്‌ എംഎൽഎയുടെ നിര്യാണത്തെ തുടർന്നാണ്‌ മഞ്ചേശ്വരത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. എൻമകജെ, കുമ്പള, മംഗൽപാടി, മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ, പുത്തിഗെ, വോർക്കാടി എന്നീ എട്ട്‌ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌  മണ്ഡലം. നേരത്തെ മൂന്നുതവണ ഇവിടെ എൽഡിഎഫ്‌ വിജയിച്ചിട്ടുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top