12 November Tuesday

ആര്‍സിഇപി വ്യാപാരകരാർ: കേന്ദ്രം പിന്മാറണം: - മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


ആർസിഇപി വ്യാപാരകരാർ ഒപ്പിടുന്നതിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങളെ ഹനിക്കുന്ന വ്യവസ്ഥകളടങ്ങിയതാണ് കരാർ എന്നാണ് പുറത്തുവന്ന വിവരം.

കരാർ നടപ്പായാൽ കേരളത്തിന്റെ നട്ടെല്ലായ കാർഷികമേഖല വലിയ തകർച്ചയിലേക്ക് നീങ്ങും. ആസിയൻ കരാർ നടപ്പാക്കിയതിന്റെ ദൂഷ്യം കേരളം ഇപ്പോഴും അനുഭവിക്കുകയാണ്. റബർ, കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകളുടെ വിലത്തകർച്ചയിൽനിന്ന് കരകയറാൻ കർഷകർക്ക് കഴിഞ്ഞിട്ടില്ല. ആർസിഇപി കരാർ നടപ്പാക്കിയാൽ കാർഷികമേഖലയ്ക്കൊപ്പം, പാൽ, മത്സ്യം തുടങ്ങിയ മേഖലകളും തകരും.

കരാർ സംബന്ധിച്ച്  മതിയായ ചർച്ചകൾ ഉണ്ടായില്ല എന്നതും ആശങ്കപ്പെടുത്തുന്നതാണ്. സംസ്ഥാനങ്ങളുമായോ  രാഷ്ട്രീയ നേതൃത്വങ്ങളുമായോ ഒരു ചർച്ചയും നടന്നില്ല. കരാ‍റിലെ വ്യവസ്ഥകൾ  പരസ്യപ്പെടുത്തിയിട്ടില്ല. 

സംസ്ഥാനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രം കരാറിന്റെ കാര്യത്തിൽ അത് പാലിക്കാത്തത് നിരാശാജനകമാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുമ്പോൾ ഇത്തരമൊരു കരാർ ഒപ്പിടുന്നത് സാമ്പത്തികനില കൂടുതൽ വഷളാകാനേ കാരണമാകൂ. അതിനാൽ, ജനങ്ങളുമായി തുറന്ന ചർച്ചയ്‌ക്ക് കേന്ദ്രം തയ്യാറാകണം. കരാറിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top