12 November Tuesday

അമ്മയെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതിയും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


കൊല്ലം
അമ്മയെ മകൻ വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ ഒളിവിലായിരുന്ന കൂട്ടുപ്രതിയെ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു. പട്ടത്താനം നീതി നഗർ 68ൽ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രി (72)യെ കൊലപ്പെടുത്തിയ കേസിൽ പുള്ളിക്കട പുതുവൽ പുരയിടത്തിൽ കുട്ടനെ (36)യാണ്‌ കൊല്ലം ക്രൈംബ്രാഞ്ച്‌ എസ്‌ഐ പ്രദീപ്‌കുമാറും ഷാഡോ പൊലീസും  കൊല്ലം ഈസ്റ്റ്‌  പൊലീസും  ചേർന്ന്‌ തിരുനെൽവേലിയിൽനിന്ന്‌ ഞായറാഴ്‌ച അർധരാത്രി പിടികൂടിയത്‌. ചിന്നക്കട കുമാർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്‌ ഇയാൾ. കൊല്ലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ്‌ചെയ്‌തു. സാവിത്രിയുടെ മകൻ  സുനിലിനെ (50) കഴിഞ്ഞ ദിവസം  അറസ്റ്റ്‌ ചെയ്‌തിരുന്നു. 

കുട്ടനെ തിങ്കളാഴ്‌ച വൈകിട്ട്‌ സംഭവസ്ഥലത്തുകൊണ്ടുപോയി തെളിവെടുത്തു. സാവിത്രിയെ കുഴിച്ചിടാൻ സുനിലിനെ സഹായിച്ചതായി ചോദ്യം ചെയ്യലിൽ  സമ്മതിച്ചു. ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നതായും തുടർന്ന്‌  സുനിലിനൊപ്പമെത്തി കുഴിയെടുത്തതായും കൂട്ടുപ്രതി മൊഴിനൽകി. സംഭവത്തിൽ ഒന്നുമറിയില്ലെന്നു പറഞ്ഞ്‌ രക്ഷപ്പെടാനാണ്‌ കുട്ടൻ ആദ്യം ശ്രമിച്ചത്‌. കൂടുതൽ ചോദ്യംചെയ്‌തപ്പോഴാണ്‌ കുറ്റം സമ്മതിച്ചത്‌. 

സ്വത്ത്‌ തർക്കത്തെതുടർന്ന്‌ സെപ്‌തംബർ മൂന്നിനാണ്‌ സുനിൽ സാവിത്രിയെ കൊലപ്പെടുത്തിയത്‌. അമ്മയെ തലയ്‌ക്കടിച്ച്‌ നിലത്തിട്ട്‌  വീടിനു പുറത്തേക്കുപോയ സുനിൽ കുട്ടനുമായി ചേർന്ന്‌ മദ്യപിച്ചു. തുടർന്ന്‌ സുനിൽ കുട്ടനെയുംകൂട്ടി വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. സാവിത്രിയെ കാണാനില്ലെന്നുകാട്ടി സെപ്‌തംബർ എട്ടിന്‌ മകൾ കൊല്ലം ഈസ്റ്റ്‌ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.  സുനിലും പരാതിയുമായി വന്നു.  മൃതദേഹം വീട്ടുവളപ്പിൽനിന്ന്‌  ഞായറാഴ്‌ചയാണ്‌ കണ്ടെടുത്തത്‌. കൊല്ലം സിറ്റി പൊലീസ്‌ കമീഷണർ പി കെ മധുവിന്റെ മേൽനോട്ടത്തിൽ എസിപി പ്രദീപ്‌കുമാർ, കൊല്ലം ഈസ്റ്റ്‌ സിഐ രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top