20 October Sunday

ആത്മവിശ്വാസമേകാൻ പി കെ ശ്രീമതിയെത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019


മരട്
സുപ്രീംകോടതി വിധിയെ തുടർന്ന് ആശങ്കയിലായ മരട് ഫ്ലാറ്റിലെ അന്തേവാസികൾക്ക്‌ ആത്മവിശ്വാസവും ധൈര്യവും പകർന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി. മരട് നഗരസഭാ അധികൃതർ നൽകിയ അന്ത്യശാസനത്തിന്റെ അവസാനദിനമായ ഞായറാഴ്ച രാവിലെയാണ്‌ പി കെ ശ്രീമതി  ജില്ലയിലെ മഹിളാ അസോസിയേഷൻ നേതാക്കൾക്കൊപ്പം ഫ്ലാറ്റിലെത്തിയത്‌.  ശനിയാഴ്ച സിപിഐ എം സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനവും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി സി എൻ മോഹനനും എം സ്വരാജ് എംഎൽഎയുമെല്ലാം നൽകിയ ആശ്വാസവാക്കുകളും ഫ്ലാറ്റിലെ അന്തേവാസികളിൽ ഏറെ പ്രതീക്ഷ ഉണർത്തിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ ഫ്ലാറ്റ് ഉടമകൾ ശ്രീമതിയുമായി സംസാരിച്ചത്.

വീട്ടമ്മമാർ പലരും വിതുമ്പിക്കരഞ്ഞാണ് അവരുടെ ആശങ്കകൾ പങ്കുവച്ചത്. അവർക്കു നടുവിൽ അവരിൽ ഒരാളായി ഇരുന്ന് "നിങ്ങൾ അമ്മമാർ വിഷമിച്ചാൽ അതു മറ്റുള്ളവരുടെ ആത്മവിശ്വാസം ചോർത്തുമെന്നും  ധൈര്യമായിരിക്കണമെന്നും’ അവരുടെ കൈകൾ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളും ഇതിനകം ഒറ്റക്കെട്ടായ നിലപാടെടുത്തതും ശ്രീമതി ചൂണ്ടിക്കാട്ടി. മനുഷ്യന്‌ നന്മ വരുത്താൻ മനുഷ്യർ നിർമിച്ചതാണ് കോടതിയും നിയമങ്ങളുമെല്ലാം.  അതുകൊണ്ടാണ് മനസ്സിൽ നന്മയുള്ള മുഴുവനാളുകളും ഫ്ലാറ്റ് പൊളിക്കാനുള്ള നടപടിക്കെതിരെ രംഗത്തുവന്നിട്ടുള്ളത്‌. ഫ്ലാറ്റിലെ  കുട്ടികളുൾപ്പെടെയുള്ളവരുടെ മനസ്സിലെ പേടി അകറ്റാനും അവർക്ക്‌ ധൈര്യം പകരാനും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ രംഗത്തുവരുമെന്ന്‌ പി കെ ശ്രീമതി  ഉറപ്പുനൽകി.

ഫ്ലാറ്റ് ഉടമകൾ നടത്തിവരുന്ന റിലേ ഉപവാസ സമരത്തിന്റെ രണ്ടാംദിനം ശ്രീമതി  ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റിൽ താമസിക്കുന്നവർ വലിയ പണക്കാരാണെന്ന നിലയ്‌ക്കുള്ള പ്രചാരണം തെറ്റാണെന്നും അവരും മനുഷ്യരാണെന്ന പരിഗണനയാണ്‌ ഉണ്ടാവേണ്ടതെന്നും സമരം ഉദ്ഘാടനം ചെയ്ത് ശ്രീമതി പറഞ്ഞു. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ ഇടയാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന്‌ എല്ലാവരും ഒന്നിക്കണമെന്നും ശ്രീമതി കൂട്ടിച്ചേർത്തു. മഹിളാ അസോസിയേഷൻ ജില്ലാ നേതാക്കളായ ടി വി അനിത, കെ ആർ പത്മം, ടെസി ജേക്കബ്, കെ ജി കൽപ്പനാദത്ത്, ഓമന രാജൻ, സിന്ധു സത്യൻ എന്നിവരും ഒപ്പമുണ്ടായി.
 


പ്രധാന വാർത്തകൾ
 Top