22 October Tuesday

ജോസഫിന്‌ പണം നൽകാനുണ്ട്‌ ; കോൺ നേതാക്കളുടെ കുറ്റസമ്മതം

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019


സ്വന്തം ലേഖകൻ
ചെറുപുഴയിലെ കെ കരുണാകരൻ സ്‌മാരക ആശുപത്രി കെട്ടിടത്തിന്റെ കരാറുകാരനായിരുന്ന ജോസഫ്‌ മുതുപാറക്കുന്നേലിന്‌ പണം നൽകാനുണ്ടെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കേസിൽ ആരോപണ വിധേയരായഎട്ടു  നേതാക്കളെ പ്രത്യേകാന്വേഷണ സംഘം ഞായറാഴ്‌ച ചോദ്യം ചെയ്‌തു.  

ട്രസ്‌റ്റിന്റെയും ചെറുപുഴ ഡവലപ്പേഴ്‌സിന്റെയും ഭാരവാഹികളും ഡയറക്ടർമാരുമായ മുൻ കെപിസിസി നിർവാഹകസമിതി അംഗം കെ കുഞ്ഞികൃഷ്‌ണൻ നായർ, കോൺഗ്രസ്‌ നേതാവും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായ റോഷി ജോസ്‌, മുസ്ലിംലീഗ്‌ നേതാവ്‌ അബ്ദുൾ സലീം, പി എസ്‌  സോമൻ, ജെ സെബാസ്‌റ്റ്യൻ, ടോമി പ്ലാച്ചേരി, സി ഡി സ്‌കറിയ, കെ കെ സുരേഷ്‌ കുമാർ എന്നിവരെയാണ്‌ സിഐ രാജഗോപാലിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തത്‌. തളിപ്പറമ്പ്‌ ഡിവൈഎസ്‌പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. 20ന്‌ വീണ്ടും ഹാജരാകാനാവശ്യപ്പെട്ട്‌ എല്ലാവർക്കും നോട്ടീസ്‌ നൽകി.

ജോസഫ്‌ മുതുപാറക്കുന്നേലിന്‌ പണം നൽകാനുണ്ടെന്ന്‌ എട്ടുപേരും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അറിയുന്നു. എന്നാൽ, ജോസഫിന്റെ കുടുംബം പറയുന്ന തുകയില്ലെന്നാണ്‌ ഇവരുടെ നിലപാട്‌. കെട്ടിട നിർമാണം പൂർത്തിയാക്കി വർഷങ്ങളായിട്ടും എന്തുകൊണ്ടാണ്‌ കുടിശ്ശിക നൽകാതിരുന്നതെന്നതിന്‌ കൃത്യമായ വിശദീകരണം  ഉണ്ടായില്ല. മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത്‌ എത്രത്തോളം ശരിയാണെന്നു പരിശോധിക്കേണ്ടതുണ്ടെന്നും സിഐ അറിയിച്ചു. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാകും 20ന്‌ വീണ്ടും ചോദ്യം ചെയ്യൽ. സാമ്പത്തിക ഇടപാടുമായി  രേഖകൾ പൊലീസിനു കൈമാറിയതായി ചോദ്യം ചെയ്യലിന്‌ശേഷം  ട്രസ്‌റ്റ്‌ ഭാരവാഹികൾ പറഞ്ഞു.

ഈമാസം അഞ്ചിനു രാവിലെയാണ്‌ ജോസഫ്‌ മുതുപാറക്കുന്നേലിനെ ചെറുപുഴ കെ കരുണാകരൻ സ്‌മാരക ആശുപത്രി കെട്ടിടത്തിനു മുകളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. ആശുപത്രി കെട്ടിടം പണിത വകയിൽ ജോസഫിന്‌ 1.34 കോടി രൂപ ലഭിക്കാനുണ്ടെന്നാണ്‌  കുടുംബത്തിന്റെ പരാതി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top