10 August Monday

കരുതലോടെ കിഴക്കൻമേഖല

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019


കൊച്ചി
ജില്ലയിൽ കിഴക്കൻ മലയോരമേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. നേര്യമംഗലം, പൈങ്ങോട്ടൂർ തുടങ്ങി മലയോരമേഖലയിലും വനമേഖലയിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന്‌ അതീവജാഗ്രത തുടരുകയാണ്‌. കോതമംഗലം താലൂക്കിൽ ചൊവ്വാഴ്‌ച രാത്രി ശക്തമായ മഴപെയ്‌തു. 24 മണിക്കൂറിനുള്ളിൽ ഇവിടെ 80 സെന്റിമീറ്ററിലേറെ മഴ രേഖപ്പെടുത്തി. പെരിയാറിലും മൂവാറ്റുപുഴയാറിലും നേരിയ തോതിൽ ജലനിരപ്പ്‌ ഉയർന്നിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

മലങ്കര ഡാമിന്റെ ആറു ഷട്ടറുകൾ 20 സെന്റിമീറ്ററിൽനിന്ന്‌ 30 സെന്റിമീറ്ററാക്കി ഉയർത്തി. കഴിഞ്ഞയാഴ്‌ച 80 സെന്റിമീറ്റർ വരെ ഷട്ടറുകൾ ഉയർത്തിയിരുന്നു. ഭൂതത്താൻകെട്ട്‌ ഡാമിന്റെ 15 ഷട്ടറുകളും അടച്ചിട്ടില്ല. ഡാമിലെ ജലനിരപ്പ്‌ ബുധനാഴ്‌ച വൈകിട്ട്‌ നാലിന്‌ 27.85 മീറ്ററായി ഉയർന്നു. ചൊവ്വാഴ്ച വൈകിട്ട്‌ ഏഴിന്‌ ഇത്‌ 26.95 മീറ്ററായിരുന്നു. 34.95 മീറ്ററാണ്‌ ഡാമിന്റെ പരമാവധി ശേഷി.

നേര്യമംഗലം 46 ഏക്കറിൽ മലയിടിയുമെന്ന ആശങ്കയിൽ താഴെ താമസിക്കുന്ന 40 കുടുംബങ്ങളെ ചൊവ്വാഴ്‌ച രാത്രി അടിയന്തരമായി മാറ്റി. 27 കുടുംബങ്ങളിലെ 90 പേരെ നേര്യമംഗലം ഗവ. സ്‌കൂളിലെ ക്യാമ്പിലേക്കാണ്‌ മാറ്റിയത്‌. ശേഷിക്കുന്ന 13 കുടുംബങ്ങളിലുള്ളവർ ബന്ധുവീടുകളിലേക്ക്‌ മാറി. ഇവർ തിരികെപ്പോകുന്ന സാഹചര്യത്തിൽ ബുധനാഴ്‌ച ഉദ്യോഗസ്ഥർ വീടുകളിലെത്തി നോട്ടീസ്‌ കൈമാറി. പൈങ്ങോട്ടൂർ കടവൂരിലും ആളുകളെ മാറ്റിത്താമസിപ്പിച്ചു. ഇടമലയാർ വനമേഖലയിലുൾപ്പെട്ട പൊങ്ങിൻചുവട്‌ ആദിവാസി കോളനിയിലേക്കുള്ള തകർന്ന റോഡ്‌ ജനപ്രതിനിധികളുടെയും വനപാലകരുടെയും നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി. കനത്ത മഴയിൽ റോഡ്‌ കാൽനടക്കുപോലും കഴിയാത്തവിധം തകർ ന്നിരുന്നു. വീടുകൾ വൃത്തിയാക്കി ആളുകൾ മടങ്ങിയതോടെ ജില്ലയിൽ 138 ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. 3135 പേർ 36 ക്യാമ്പുകളിൽ തുടരുന്നു. ജില്ലയിലെ മറ്റ്‌ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്‌തെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ ജില്ലാ ഭരണനേതൃത്വം അറിയിച്ചു.

ആലുവ, പറവൂർ മേഖലകളിൽ താഴ്‌ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട്‌ കുറഞ്ഞു. ആലുവ താലൂക്കിൽ ഒമ്പതും പറവൂർ താലൂക്കിൽ പതിനഞ്ചും ക്യാമ്പുകൾ തുടരുന്നു. കുന്നത്തുനാട്‌ –-1, മൂവാറ്റുപുഴ 2, കോതമംഗലം –-4, കണയന്നൂർ –-4 എന്നിങ്ങനെയാണ്‌ മറ്റ്‌ താലൂക്കുകളിലെ ക്യാമ്പുകൾ.

പുത്തൻവേലിക്കര പഞ്ചായത്തിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളമിറങ്ങിയിട്ടില്ല. കാലടി, അങ്കമാലി, നെടുമ്പാശേരി മേഖലകളിൽ വെള്ളക്കെട്ട്‌ കുറഞ്ഞു. കളമശേരി മേഖലയിൽ ഏലൂർ ഭാഗത്തെ ക്യാമ്പുകൾ തുടരുന്നു. മുൻകരുതലെന്ന നിലയിൽ മാറ്റിപ്പാർപ്പിച്ചവരാണ്‌ ക്യാമ്പുകളിൽ ഏറെയും. നഗരത്തിൽ ചളിക്കവട്ടം, വെണ്ണല മേഖലയിലെ വെള്ളക്കെട്ട്‌ കുറഞ്ഞു. ചളിക്കവട്ടത്തെ ക്യാമ്പിൽ മൂന്ന്‌ കുടുംബങ്ങൾ തുടരുന്നുണ്ട്‌. ഇടപ്പള്ളി കുന്നുംപുറത്തെ ക്യാമ്പ്‌ അവസാനിപ്പിച്ചു. പിആൻഡ്‌ടി കോളനിയിലും ഉദയകോളനിയിലും വെള്ളക്കെട്ട്‌ കുറഞ്ഞിട്ടുണ്ട്‌. പ്രളയബാധിത പ്രദേശങ്ങളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലും സപ്ലൈകോ വിൽപ്പനശാലകൾ വ്യാഴാഴ്‌ച തുറന്നുപ്രവർത്തിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top