09 August Sunday

സ്വർണക്കടത്ത്‌ : കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ വൈരുധ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


കൊച്ചി
തിരുവനന്തപുരത്ത്‌ 14.82 കോടി രൂപയുടെ സ്വർണം പിടിച്ച കേസിന്റെ അന്വേഷണം എൻഐഎയെ ഏൽപ്പിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ ഉത്തരവിൽ അവ്യക്തത. ജൂലൈ അഞ്ചിന്‌ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ 14 യാത്രക്കാരിൽനിന്നാണ്‌‌  30 കിലോ 24 കാരറ്റ്‌ സ്വർണം പിടിച്ചതെന്ന്‌‌ എൻഐഎ കോടതിയിൽനൽകിയ ഉത്തരവിന്റെ പകർപ്പിൽ പറയുന്നു‌. ഇക്കാര്യം കൊച്ചിയിലെ കസ്‌റ്റംസ്‌ കമീഷണറേറ്റ് അറിയിച്ചെന്നാണ്‌ കത്തിലെ ആദ്യവാചകം. വിയന്ന കൺവൻഷൻപ്രകാരം നയതന്ത്ര പരിരക്ഷയുള്ള ഡിപ്ലോമാറ്റിക്‌ ബാഗേജിലാണ്‌ സ്വർണം കടത്താൻ ശ്രമിച്ചതെന്നും പറയുന്നു‌.

കേസിന്റെ ഗുരുതരസ്വഭാവം കണക്കിലെടുത്ത്‌ എൻഐഎയെ അന്വേഷണച്ചുമതല ഏൽപ്പിക്കുന്ന ഉത്തരവ്‌ ഇറക്കിയത്‌ അണ്ടർ സെക്രട്ടറി ധർമേന്ദർ കുമാറാണ്‌. എന്നാൽ എൻഐഎ  കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്ന 14 യാത്രക്കാരുടെ കാര്യം  പരാമർശിക്കുന്നില്ല. ഡിപ്ലോമാറ്റിക്‌ ബാഗേജിലാണ്‌ സ്വർണം കടത്തിയതെന്നും യുഎഇ കൊൺസുലേറ്റിലെ മുൻ പബ്ലിക്‌ റിലേഷൻസ്‌ ഓഫീസറായ സരിത്‌ അത്‌ സ്വീകരിച്ചതായും പറയുന്നു. തീവ്രവാദ ബന്ധത്തിലേക്കുവരെ നീണ്ടതായി  സംശയിക്കുന്ന കേസിന്റെ അന്വേഷണത്തെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണോ ഇതിനുപിന്നിലെന്ന്‌ വിമർശനമുയർന്നിട്ടുണ്ട്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ എൻഐഎയോ ഇതേക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top