15 December Sunday

ശബരിമല മതനിരപേക്ഷ ക്ഷേത്രം: ഹൈക്കോടതി

നിയമകാര്യലേഖകൻUpdated: Tuesday Jul 16, 2019


ശബരിമല ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ഹർജിക്കാരന‌് ഹൈക്കോടതിയുടെ വിമർശം. ശബരിമല ക്ഷേത്രം  മതനിരപേക്ഷ ക്ഷേത്രമാണെന്ന‌് വ്യക്തമാക്കിയ ഡിവിഷൻബെഞ്ച‌്, ഹർജിയുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹർജിക്കാരൻ വ്യക്തമാക്കണമെന്ന‌് വാക്കാൽ നിർദേശിച്ചു. തൃശൂർ ഊരകം സ്വദേശി ഗോപിനാഥൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഇതരവിഭാഗങ്ങൾക്ക് ശബരിമലയിൽ നിരോധമില്ലെന്ന് കോടതി പറഞ്ഞു. ‘ഹരിവരാസനം' യേശുദാസിനുപകരം മറ്റാരെങ്കിലും പാടേണ്ടി വരുമോയെന്നും യേശുദാസിന്റേത് ഹിന്ദുവിന്റെ സ്വരമല്ലല്ലോ എന്നും കോടതി  പറഞ്ഞു. കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

ഗോപിനാഥൻ നൽകിയതുപോലുള്ള ഹർജികൾ പരിഗണിക്കാനാവില്ലെന്ന് ദേവസ്വം കേസുകൾ പരിഗണിക്കുന്ന മറ്റൊരു ദേവസ്വം ബെഞ്ച്  കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു. ഇവ നിയമപരമായി നിലനിൽക്കില്ല. ശബരിമല വ്യത്യസ്തമായ അനുഷ്ഠാനങ്ങളുള്ള സ്ഥലമാണ്. ഇവിടെ അഹിന്ദുക്കളെ വിലക്കാൻ കോടതി ഉദ്ദേശിക്കുന്നില്ല. ശബരിമലയിലെ മതനിരപേക്ഷ സംവിധാനത്തിന് പോറൽ വരുത്താൻ ആരും ശ്രമിക്കരുതെന്നും അന്ന് കോടതി പറഞ്ഞിരുന്നു. ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശനം നൽകരുതെന്നാവശ്യപ്പെടുന്നത് കേരളത്തിലെ മതസൗഹൃദത്തെ തകർക്കുമെന്ന് സംഘപരിവാർ നേതാവായ ടി ജി മോഹൻദാസ് നൽകിയ ഒരു ഹർജി പരിഗണിക്കുമ്പോഴും കോടതി വ്യക്തമാക്കിയിരുന്നു.


പ്രധാന വാർത്തകൾ
 Top