22 August Thursday

ശബരിമല മാസപൂജ : പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019


കൊച്ചി
ശബരിമല ക്ഷേത്രത്തിൽ മാസപൂജയ‌്ക്കായി നട തുറക്കുമ്പോൾ ഭക്തരുടെ കാർ ഉൾപ്പെടെ ചെറുവാഹനങ്ങളെ പമ്പവരെ കടത്തിവിടണമെന്ന് ഹൈക്കോടതി. ഭക്തരുടെ ചെറുവാഹനങ്ങളെ കടത്തിവിടുന്നതിന് തടസ്സമില്ലെന്നു സർക്കാരും മാസ്റ്റർ പ്ലാൻ ലംഘിക്കാത്ത രീതിയിലുള്ള നടപടികളാകാമെന്ന് ദേവസ്വം ബോർഡും അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസുമാരായ സി ടി രവികുമാർ, എൻ നഗരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.

ശബരിമല മാസ്റ്റർപ്ലാൻ പ്രകാരം ബേസ് ക്യാമ്പും പാർക്കിങ്ങും നിലക്കലിൽ ആയതിനാൽ പമ്പയിൽ പാർക്കിങ് അനുവദിക്കാനാവില്ല. ഇവിടെ 42 ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ വിന്യസിക്കുമെന്നും കെഎസ്ആർടിസിയും കോടതിയെ അറിയിച്ചു. ശബരിമല മണ്ഡലക്കാലത്ത‌് എല്ലാ നിയന്ത്രണങ്ങളും മാസപൂജ പോലെ തിരക്കില്ലാത്ത സമയത്ത് വേണ്ടെന്ന് കോടതി വിലയിരുത്തി. പമ്പയിൽ എത്തുന്ന വാഹനങ്ങൾ ഭക്തരെ ഇറക്കിയശേഷം തിരികെ നിലക്കലിലേക്ക് പോകണം, ദർശനം കഴിഞ്ഞ‌് മടങ്ങിയെത്തി ഭക്തർ അറിയിക്കുന്ന മുറയ‌്ക്ക് ഈ വാഹനങ്ങൾ വീണ്ടും പമ്പയിലേക്ക് എത്തണം, ഒരു ദിവസം 2,000 വാഹനങ്ങൾ അനുവദിക്കാം, ഗതാഗതക്കുരുക്ക് ഉണ്ടായാൽ അധികൃതർക്ക് നിയമാനുസൃതം നടപടിയെടുക്കാമെന്നും കോടതി നിർദ്ദേശിച്ചു.
 


പ്രധാന വാർത്തകൾ
 Top