23 August Friday

മാസം തികയാതെ ജനിച്ച കുഞ്ഞിന് പുതുജീവനേകി ജനറല്‍ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019


കൊച്ചി
മാസം തികയാതെ ജനിച്ച പെൺകുഞ്ഞിന് പുതുജീവനേകി എറണാകുളം ജനറൽ ആശുപത്രി. വെന്റിലേറ്ററിന്റെയും മറ്റ് ആധുനികസംവിധാനങ്ങളുടെയും അപര്യാപ്തത നിലനിൽക്കെയാണ‌് ആശുപത്രിയുടെ നേട്ടം. ശിശുരോഗവിദഗ്ധൻ ഡോ. എം എസ് നൗഷാദിന്റെയും സഹപ്രവർത്തകരുടെയും നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനഫലമായാണ് ഉദയംപേരൂർ സ്വദേശികളുടെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

ഇരുപത്തഞ്ചാം ആഴ്ചയിൽ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് 600 ഗ്രാമായിരുന്നു തൂക്കം. ദിനംപ്രതി തൂക്കം കുറഞ്ഞു. സാമ്പത്തികബുദ്ധിമുട്ട‌് അനുഭവിക്കുന്ന കുടുംബത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകാൻ സാധിക്കാത്ത സാഹചര്യത്തിലാണ്  ജനറൽ ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും കുഞ്ഞിന്റെ തൂക്കം 460 ഗ്രാമായിരുന്നു.

പൂർണവളർച്ചയെത്താത്ത അവയവങ്ങൾ, ഉയർന്ന അണുബാധസാധ്യത, ശ്വാസതടസ്സം, മുലപ്പാൽ നൽകുന്നതിലെ ബുദ്ധിമുട്ട് തുടങ്ങി നിരവധി വെല്ലുവിളികൾക്കിടയിലും  ഡോ. നൗഷാദ‌് നിശ്ചയദാർഢ്യം കൈവിടാതെ പ്രവർത്തിച്ചു.  നിയോനേറ്റൽ ഐസിയുവിലെ സൂക്ഷ്മമായ പരിചരണവും അണുബാധയേൽക്കാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും ഉറപ്പുവരുത്തി. യഥാസമയം അമ്മയുടെ മുലപ്പാലും ഐവി ഫ്ളൂയിഡുകളും കുഞ്ഞിന് നൽകി. നാലാഴ്ച പിന്നിട്ടപ്പോൾ തൂക്കം 750 ഗ്രാമായി ഉയർന്നു. പിന്നീട് കുഞ്ഞിനെ അമ്മയുടെ നെഞ്ചോട് ചേർക്കുന്ന കംഗാരു മദർ കെയറും തുടങ്ങി. ഇതിനിടെ കണ്ണുപരിശോധനയിൽ കുഞ്ഞിന് കാഴ്ച മങ്ങുന്ന റെറ്റിനോപ്പതി ഓഫ് പ്രീമെച്യൂരിറ്റി (ആർഒപി) എന്ന അസുഖമുണ്ടെന്ന് കണ്ടെത്തി. ഒഫ്താൽമോളജിസ്റ്റ് ഡോ. ഷർമിളയുടെ നേതൃത്വത്തിലുള്ള സംഘം ലേസർ ചികിത്സയിലൂടെ ഇതും സുഖപ്പെടുത്തി. 36 ആഴ്ച പിന്നിട്ട കുഞ്ഞിന്റെ ഇപ്പോഴത്തെ തൂക്കം 1.2 കിലോയാണ‌്. ചികിത്സയും നിരന്തരമായ ഉറക്കമിളപ്പും മാനസികസംഘർഷവും ഏൽപ്പിച്ച ആഘാതത്താൽ ഹൃദയാഘാതം സംഭവിച്ച അച്ഛന്റെ ചികിത്സയും ജനറൽ ആശുപത്രിയിൽ നടത്തി.

കുറച്ച് ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിന്റെ ഭാരം 1.5 കി.ഗ്രാം എത്തുമെന്നും തുടർന്ന് ആശുപത്രി വിടാനാകുമെന്നും ഡോ. നൗഷാദ് പറഞ്ഞു. ചികിത്സയ‌്ക്കുശേഷം ഡോ. നൗഷാദ് ഹജ്ജിനായി പുറപ്പെട്ടു.


പ്രധാന വാർത്തകൾ
 Top