21 July Sunday

അ​ഗതിമന്ദിരത്തിൽ നവതി ആഘോഷിച്ച് എം എം ലോറന്‍സ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


കൊച്ചി
തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന മുതിർന്ന സിപിഐ എം നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായ എം എം ലോറൻസിനുവേണ്ടി കാത്തിരിക്കുകയായിരുന്നു പള്ളുരുത്തി അഗതി മന്ദിരത്തിലെ അന്തേവാസികൾ.

തങ്ങൾക്കൊപ്പം നവതി ആഘോഷിക്കാൻ ലോറൻസെത്തിയപ്പോൾ അവരിൽ  സന്തോഷം നിറഞ്ഞു. കേക്ക് മുറിച്ചപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ ‘ഹാപ്പി ബർത്ത് ഡേ...’ പാടി കൈയടിച്ചു. പിറന്നാൾ മധുരം  ലോറൻസ് തന്നെ അവർക്ക് വിതരണം ചെയ്തു.

എത്തിയപ്പോൾ തന്നെ അഡ്വ. മജ്‌നു കോമത്തിന്റെ പേരക്കുട്ടികൾ പൂക്കളുമായി ആശംസകൾ നേർന്നു. ഇതിന് ശേഷമാണ് അദ്ദേഹം അന്തേവാസികൾക്കടുത്തേക്കെത്തിയത്. സുഹൃത്തുക്കളും ആശംസയുമായെത്തി. കേക്ക് മുറിച്ചതിന് ശേഷം അദ്ദേഹം നവതിദിന സന്ദേശം നൽകി. പ്രായമായവരെ സന്തോഷപൂർവം സംരക്ഷിക്കുന്ന പ്രവണത കുറഞ്ഞുവരികയാണെന്നും ആരുമില്ലാതെ കഴിയുന്നവരെ ഏറ്റെടുക്കാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
175 അന്തേവാസികളാണ് പള്ളുരുത്തി അഗതി മന്ദിരത്തിലുള്ളത്. ഇവർക്കൊപ്പം പിറന്നാൾ സദ്യയും കഴിച്ചാണ് ലോറൻസ് മടങ്ങിയത്.  മക്കളായ അഡ്വ. എം എൽ സജീവൻ, സുജാത ലോറൻസ്, എം എൽ അഭി, ചെറുമക്കൾ എന്നിവരും ലോറൻസിനൊപ്പം അഗതിമന്ദിരത്തിലെത്തിയിരുന്നു.

കെ ജെ മാക്‌സി എംഎൽഎ, പി എൻ സീനുലാൽ, പി എ പീറ്റർ, രവി കുറ്റിക്കാട്, അഡ്വ. മജ്‌നു കോമത്ത്, ശരത്ത് ചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ കാലടി, മധുകുമാർ, ഡോ. ജെയിംസ്, തെന്നൽ, അഡ്വ. അരുൺ ആന്റണി, ഹെൻറി ഷാജൻ, കുഞ്ഞുമോൻ പടമാടൻ, എൻ എ അലി, ജോസ‌്മോൻ എന്നിവർ പിറന്നാളാഘോഷത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top