17 November Sunday

പ്രളയം: 1200 വീടുകൾ പുനർനിർമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


കൊച്ചി
സംസ്ഥാനം കണ്ട വലിയ പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിച്ച‌് ജില്ല മുന്നേറുന്നു.  റീ ബിൽഡ‌് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ താലൂക്കുകളിലായി 1,200 വീടുകളാണ‌് നിർമാണം പൂർത്തിയാക്കിയത‌്. സർക്കാർ ധനസഹായംവഴിയും  സഹകരണ വകുപ്പിന്റെ  കെയർ ഹോം പദ്ധതിപ്രകാരവും  സന്നദ്ധസംഘടനകൾ വഴിയുമാണ‌് വീടുകൾ നിർമിച്ചത‌്.

ജില്ലയിൽ 2,450 വീടുകൾ പ്രളയത്തിൽ തകർന്നതായാണ‌് കണ്ടെത്തൽ. 2,130 വീടുകളുടെ നിർമാണമാണ‌് ഇപ്പോൾ നടക്കുന്നത‌്. ഇതിൽ 1,200 വീടുകളുടെ നിർമാണം പൂർത്തിയായി.  സർക്കാരിന്റെ നേതൃത്വത്തിൽ 859 വീടുകളും കെയർഹോം പദ്ധതിയിൽ 237 ഉം സന്നദ്ധസംഘടനകൾ 59 വീടുകളും പൂർത്തിയാക്കി. ബാക്കി വീടുകളും ഉടൻ നിർമാണം പൂർത്തിയാക്കി  കൈമാറാനുള്ള നടപടികളുമായി ജില്ലാ ഭരണകേന്ദ്രം മുന്നേറുകയാണ‌്.

പ്രളയം ഏറെ ബാധിച്ച പറവൂർ താലൂക്കിലാണ‌് കൂടുതൽ വീടുകൾ നിർമിച്ചത‌്. ഇവിടെ ഇതുവരെയായി 857 വീടുകൾ പൂർത്തിയാക്കി. കൊച്ചിയിൽ 21 -ഉം കണയന്നൂരിൽ 14- ഉം ആലുവയിൽ 107 വീടും നിർമിച്ചു. കുന്നത്തുനാട്ടിൽ 35ഉം കോതമംഗലത്ത‌് 30 -ഉം മൂവാറ്റുപുഴയിൽ 21 വീടും നിർമിച്ചിട്ടുണ്ട‌്. ഭാഗികമായി തകർന്ന വീടുകളുടെ അറ്റകുറ്റപ്പണിയും പുരോഗമിക്കുകയാണ‌്.


പ്രധാന വാർത്തകൾ
 Top