21 July Sunday

ജോസ‌് കമ്മിറ്റി വിളിച്ച‌ു; അനധികൃതമെന്ന‌് ജോസഫ‌്; കേരള കോണ്‍ഗ്രസ‌് എം പിളർപ്പിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019


കോട്ടയം
പ്രതിസന്ധിയിലായ കേരള കോൺഗ്രസ‌് എം പിളർത്തുമെന്ന സൂചന നൽകി സമാന്തര സംസ്ഥാന കമ്മിറ്റി വിളിച്ച‌് ജോസ‌് കെ മാണി വിഭാഗം. ഞായറാഴ‌്ച കോട്ടയത്ത‌് ചേരുന്ന യോഗത്തിൽ ജോസ‌് കെ മാണിയെ ചെയർമാനായി പ്രഖ്യാപിക്കാനാണ‌് നീക്കം. മുതിർന്ന നേതാവായ പ്രൊഫ. കെ എ ആന്റണിയുടെ നേതൃത്വത്തിലാണ‌് യോഗം വിളിച്ചത‌്. യോഗത്തിന‌് കേരള കോൺഗ്രസ‌് എമ്മുമായി ബന്ധമുണ്ടാകില്ലെന്ന‌് ജനറൽ സെക്രട്ടറി ജോയ‌് എബ്രഹാം പറഞ്ഞു. ജോസ് കെ മാണി പക്ഷം വിളിച്ച സംസ്ഥാന കമ്മിറ്റി യോഗം അനധികൃതവും ഭരണഘടനാവിരുദ്ധവുമാണെന്ന് വർക്കിങ് ചെയർമാൻ ജോസഫ് പ്രതികരിച്ചു.

സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് 127 അംഗങ്ങൾ ഒപ്പിട്ട കത്ത‌് വർക്കിങ‌് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർക്ക് കൈമാറിയിരുന്നു. എന്നാൽ, ജോസഫ‌് തയ്യാറാകാത്ത സാഹചര്യത്തിലാണ് സമാന്തര യോഗം.

ഓഫീസ‌് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ‌് എബ്രഹാം ജോസഫിനൊപ്പം ചേർന്നതോടെയാണ‌് ജോസ‌് വിഭാഗം പ്രതിസന്ധിയിലായത‌്. ഭരണഘടനയ‌്ക്ക‌് വിരുദ്ധമായി ഞായറാഴ‌്ച ചേരുന്ന യോഗത്തിന‌് നിയമപരമായും ധാർമികമായും സാധുത ഇല്ലെന്ന‌് ജോയ‌് എബ്രഹാം പറഞ്ഞു. ചെയർമാൻ പദവിയിലേക്ക‌് ഉന്നതാധികാര സമിതി സമവായത്തിലൂടെ തെരഞ്ഞെടുപ്പ‌് നടത്തണമെന്നും ഇത‌് അടുത്ത‌ുചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കണമെന്നുമാണ‌് ഭരണഘടനയിൽ വ്യവസ്ഥയുള്ളത‌്. സമവായനീക്കം ശക്തിപ്പെട്ടതോടെയാണ‌് ഇതിനെ എതിർക്കുന്ന വിഭാഗം ബദൽ നീക്കം ആരംഭിച്ചത‌്. നിലവിലെ ഉന്നതാധികാര സമിതിയിൽ 27 അംഗങ്ങളിൽ 15 പേരും സമവായം എന്ന ആശയത്തെ അംഗീകരിക്കുന്നവരാണെന്ന‌് അദ്ദേഹം പറഞ്ഞു.

അതേസമയം ഞായറാഴ‌്ച ചേരുന്ന യോഗത്തിൽ ജോസ‌് കെ മാണിയും മറ്റ‌് ജനപ്രതിനിധികളും പങ്കെടുക്കാനിടയില്ലെന്നാണ‌് സൂചന. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചുള്ള നടപടി നേരിടേണ്ടിവരുമെന്ന ഭീഷണി ഇവർക്കുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top