21 July Sunday

കാർട്ടൂൺവിവാദം: നിലപാട‌് വ്യക്തം- മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Jun 15, 2019

ന്യൂഡല്‍ഹി > കാർട്ടൂൺ വിവാദത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട‌് വ്യക്തമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ആവിഷ‌്‌കാരസ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ല. ഏതു രീതിയിലുള്ള ആവിഷ‌്കാരപ്രകടന സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം.
എന്നാൽ, പുരസ‌്കാരം നൽകുമ്പോൾ ഏതെങ്കിലും വിഭാഗത്തിന്റെ വികാരത്തെ അവഹേളിക്കുന്ന നിലപാട‌് സംസ്ഥാന സർക്കാർ സ്വീകരിച്ചെന്ന പ്രതീതി ഉണ്ടാകുന്നത‌് ഗുണകരമല്ല.

കഴിഞ്ഞവർഷം അവാർഡ‌് നൽകിയത‌് മുഖ്യമന്ത്രിയെ ആക്ഷേപകരമായി അവതരിപ്പിച്ച കാർട്ടൂണിനാണ‌്. അതിൽ പ്രശ‌്നമൊന്നും ഉണ്ടായില്ല. ഇപ്പോൾ ഒരു മതവിഭാഗത്തെ ചിഹ‌്നം ഉപയോഗിച്ച‌് ആക്ഷേപിച്ചെന്നാണ‌് പരാതി. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെകണ്ട‌് ആവശ്യമായ പ്രോത്സാഹനം നൽകുകയാണ‌് സർക്കാർ ചെയ്യുന്നത്‌. സർക്കാരിനെ അനാവശ്യമായി പ്രശ‌്നത്തിലേക്ക‌് വലിച്ചിഴയ‌്ക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ‌് പുരസ‌്കാരനിർണയം പുനഃപരിശോധിക്കാൻ മന്ത്രി എ കെ ബാലൻ നിർദേശിച്ചത‌്. പുരസ‌്കാരം റദ്ദാക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ല.

ശബരിമല ക്ഷേത്രത്തിലെ യുവതിപ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജികളിന്മേൽ സുപ്രീംകോടതിയിൽനിന്ന‌്  നിലവിലുള്ള വിധിക്ക‌്‌ നേരെ വിപരീതമായ തീരുമാനം വന്നാലും സംസ്ഥാന സർക്കാൻ രണ്ടു കൈയും നീട്ടി അതിനെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന‌് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാണാതായ സിഐയെ കണ്ടെത്തുന്നതിനാണ‌് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത‌്. കണ്ടുകിട്ടിയ സ്ഥിതിക്ക‌് അദ്ദേഹം തന്നെ ഇനി കാര്യങ്ങൾ പറയുമല്ലോ എന്ന‌് മുഖ്യമന്ത്രി പ്രതികരിച്ചു. പൊലീസ‌് കമീഷണറേറ്റിനു മജിസ‌്റ്റീരിയിൽ അധികാരം നൽകുന്ന കാര്യത്തിൽ അടക്കം ചർച്ചകൾ ഉണ്ടാകുമെന്ന‌് മുഖ്യമന്ത്രി പ്രതികരിച്ചു.

ശക്തമായ കേന്ദ്രം, സംതൃപ‌്ത സംസ്ഥാനങ്ങൾ എന്ന അവസ്ഥയാണ‌് വേണ്ടത‌്. എന്നാൽ കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ പലപ്പോഴും വഷളായിട്ടുണ്ട‌്. അതനുസരിച്ച‌് കാര്യങ്ങൾ കൈകാര്യം ചെയ‌്തിട്ടുമുണ്ട‌്. പുതിയ രാഷ്ട്രീയസാഹചര്യത്തിൽ എന്തുണ്ടാകാമെന്ന‌് നോക്കാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top